ചന്ദ്രമാസം: മുസ്‌ലിം നേതൃത്വങ്ങളോട് വിനയപൂർവം

ഡോ.പി. എ. കരീം.

ബഹുമാന്യരെ,
ഭൂനിവാസികള്‍ക്കുവേണ്ടി അല്ലാഹു അവതരിപ്പിച്ച പഞ്ചാംഗമാകുന്നു ചന്ദ്രബിംബം. അതിന്റെ ശരീരഭാഷ നിത്യവും വ്യത്യസ്‌ത തിയ്യതികളെ പ്രതിനിധാനം ചെയ്യുന്നു. ആര്‍ക്കും എവിടെ വെച്ചും നോക്കി മനസ്സിലാക്കാവുന്ന ഒരു ആകാശക്കലണ്ടര്‍! താന്‍ പ്രസാധനം ചെയ്‌തുതന്ന ഈ കലണ്ടറായിരിക്കണം ദിവസത്തിയ്യതി നിര്‍ണ്ണയത്തിനും ആരാധനകള്‍ക്കും ആഘോഷങ്ങള്‍ക്കും അവലംബമാക്കേണ്ടത്‌ എന്ന് അല്ലാഹു പ്രഖ്യാപിക്കുന്നു. എന്നാല്‍ വിചിത്രമെന്ന്‌ പറയട്ടെ ചന്ദ്രനെ ആസ്‌പദിച്ച്‌ ഒരു കലണ്ടറുണ്ടാക്കി തിയ്യതി നിര്‍ണ്ണയിക്കുക അപ്രായോഗികമാണെന്ന്‌ വാദിക്കുകയാണ്‌ മുസ്‌ലിം നേതൃത്വങ്ങള്‍! ഇത്‌ ദൈവ നിന്ദയല്ലേ? മാത്രവുമല്ല പോപ്പ്‌ ഗ്രിഗറി എന്നൊരാള്‍ രൂപപ്പെടുത്തിയ, കാല്‍ദിവസം ചേര്‍ത്ത്‌ ഏച്ചു കെട്ടിയ (365 1/4 ദിവസം) വാര്‍ഷികക്കലണ്ടറാണ്‌ പ്രായോഗികം എന്നുകൂടി അതേ ശ്വാസത്തില്‍ പറയുകയും ചെയ്യുന്നു! അല്ലാഹുവിനെ അപമാനിക്കാന്‍ ഇനിയെന്തു വേണം!! 

സൂര്യ ചന്ദ്രന്മാര്‍ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളാകുന്നു. ദൈവീക ദൃഷ്‌ടാന്തങ്ങളെ നിഷേധിക്കാന്‍ പാടില്ല. അവന്റെ ഉത്തരവനുസരിച്ചാണ്‌ അവ സഞ്ചരിക്കുന്നത്‌. സൂര്യന്‍ ദിവസത്തിന്റെയും ചന്ദ്രന്‍ മാസത്തിന്റെയും സമയം കാണിക്കുന്നു. ആ സഞ്ചാര ഗതി അനുസരിച്ചായിരിക്കണം ഇബാദത്തുകള്‍ . ഹലാല്‍ – ഹറാം നിശ്ചയിക്കാനും തിയ്യതികള്‍ പ്രഖ്യാപിക്കാനും പണ്ഡിതൻമാര്‍ക്കോ ഖാദിമാര്‍ക്കോ അധികാരമില്ല. അത്‌ അല്ലാഹുവിന്റെ അധികാരത്തില്‍പ്പെടുന്നു.

മനുഷ്യന്‍ ഭൂമിയില്‍ ദൈവത്തിന്റെ പ്രതിനിധിയാണ്‌. ദൈവം ഉദ്ദേശിക്കുന്നത്‌ ഇവിടെ നടപ്പിലാക്കേണ്ട ഉദ്യോഗസ്ഥനാണവന്‍. മനുഷ്യരോട്‌ അത്‌ കല്‍പ്പിക്കേണ്ടവരാണ്‌ മുസ്‌ലിംകള്‍. അഥവാ മനുഷ്യര്‍ക്ക്‌ വേണ്ടി ഉയിര്‍ത്തെഴുന്നേല്‍പ്പിക്കപ്പെട്ടവര്‍. പക്ഷേ അവര്‍ തങ്ങളുടെ ദൗത്യം ഇക്കാര്യത്തില്‍ മാതൃകാപരമായി നിര്‍വഹിച്ചിട്ടുണ്ടോ എന്ന ഒരാലോചന ഇപ്പോള്‍ പ്രസക്തമായിരിക്കുന്നു. 

ഇസ്‌ലാം ചിന്തിക്കാനും പഠിക്കാനും നിര്‍ബന്ധിക്കുന്നു. എന്നാല്‍ അതിന്റെ വക്താക്കളായി രംഗത്തുള്ളവര്‍ നേരിയ മാറിച്ചിന്തകളെയും വിശാല വിദ്യാന്വേഷണങ്ങളെയും പോലും വല്ലാത്ത നീരസത്തോടെയാണ്‌ സമീപിക്കുന്നത്‌. താന്‍ പഠിപ്പിച്ചുതന്നതിനപ്പുറമുള്ള വിജ്ഞാനങ്ങള്‍ ചൈനയില്‍ പോയിട്ടെങ്കിലും സ്വായത്തമാക്കണമെന്ന്‌ പ്രവാചകന്‍. തങ്ങള്‍ പറയുന്നതുപോലെ മാത്രം ചിന്തിച്ചാലും പഠിച്ചാലും മതി എന്ന്‌ മതനേതൃത്വങ്ങള്‍ !

ഇജ്‌തിഹാദ്‌ ഇസ്‌ലാമില്‍ പുണ്യ കര്‍മ്മമാണ്‌. അതില്‍ തെറ്റു സംഭവിച്ചാല്‍ ഒരു പ്രതിഫലവും ശരിയായാല്‍ ഇരട്ടി പ്രതിഫലവുമാണ്‌. ഈ അറിവ്‌ ഒരു കൂട്ടം ആളുകളെ ചന്ദ്രമാസ നിര്‍ണ്ണയത്തില്‍ പഠനഗവേഷണങ്ങള്‍ക്ക്‌ പ്രേരിപ്പിച്ചു. മുസ്‌ലിംകളുടെ ആഘോഷ ആരാധനകള്‍ ഇതര സമുദായക്കാരുടേതു പോലെ ഒരുമിപ്പിപ്പിക്കുകയും ഒറ്റക്കെട്ടായി ദൈവീക പാശത്തെ മുറുകെപ്പിടിക്കുകയും ചെയ്യാനവസരമുണ്ടാക്കാം എന്നവര്‍ വിചാരിച്ചു, ഒപ്പം അല്ലാഹുവിന്റെ താല്‍പര്യം ഭൂമിയല്‍ നടപ്പാക്കുന്നതിന്റെ സായൂജ്യവും അവര്‍ കാംക്ഷിച്ചു. ഇതിനെ നമുക്ക്‌ കുറ്റപ്പെടുത്തിക്കൂടാ. മറിച്ച്‌ ഇജ്‌തിഹാദില്‍ പെടുത്തേണ്ടതാണ്‌. ഇവരെ പ്രോത്സാഹിപ്പിക്കുകയും ആരോഗ്യകരമായ ചര്‍ച്ചകള്‍ക്കും പഠനങ്ങള്‍ക്കും വേദിയൊരുക്കുകയും ചെയ്യേണ്ട മതനേതൃത്വങ്ങളും സംഘടനകളും അവരെ അവഗണിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നത്‌ എന്തുകൊണ്ടാണെന്ന്‌ മനസ്സിലാകുന്നില്ല. സംഘടനകള്‍ക്കകത്ത്‌ ഈ വിഷയം ചര്‍ച്ച ചെയ്യപ്പെടാത്തതും ദുരൂഹമാണ്‌. സ്വതന്ത്രമായി ചിന്തിക്കാനും പഠിക്കാനും അണികളെ അനുവദിക്കേണ്ടത്‌ ഇസ്‌ലാമിന്റെ താല്‍പര്യമാണ്‌. പ്രവാചക മാതൃകയുമാണ്‌. സംഘടനകള്‍ ഇന്ന്‌ പുത്തന്‍ പ്രതിമകളായി രൂപപ്പെടുകയാണോ എന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു. 

മുസ്‌ലിംകള്‍ ഏതോ ദശാ സന്ധിയില്‍ വെച്ച്‌ വൈജ്ഞാനികമായി പിറകോട്ടടിച്ചുപോയി. ലോകത്തിന്‌ വെളിച്ചം പകര്‍ന്നവര്‍ ഇന്ന്‌ ഇരുട്ടില്‍ തപ്പുകയാണ്‌. മുസ്‌ലിംകള്‍ കണ്ടെത്തേണ്ടിയിരുന്ന, അവര്‍ക്ക്‌ തന്നെ അനിവാര്യമായ പലതും ഇതര ജനവിഭാഗങ്ങളെക്കൊണ്ടാണ്‌ അല്ലാഹു നടപ്പാക്കിക്കൊണ്ടിരിക്കുന്നത്‌. അവര്‍ കണക്കുകൂട്ടിയത്‌ കൊണ്ട്‌ നമുക്ക്‌ കലണ്ടര്‍ നോക്കി ബാങ്ക്‌ വിളിക്കാന്‍ സാധിക്കുന്നു. അവര്‍ കണ്ടെത്തിയതുകൊണ്ട്‌ നമുക്ക്‌ ഇന്റര്‍ നാഷണല്‍ ഡേറ്റ്‌ ലൈനിനപ്പുറത്ത്‌ ജുമുഅയും ഇപ്പുറത്ത്‌ ളുഹ്‌റും നമസ്‌കരിക്കാന്‍ കഴിയുന്നു. അങ്ങനെ പലതും.

നമ്മളും ചിലതൊക്കെ ചെയ്‌തിട്ടുണ്ടല്ലോ. ഖുര്‍ആന്‍ ഹദീസ്‌ അധ്യാപനങ്ങള്‍ നടപ്പാക്കുന്നതില്‍ ആയിരത്തി അഞ്ഞൂറ്‌ വര്‍ഷങ്ങള്‍ക്കപ്പുറമുള്ള രീതികളില്‍ കാലികമായ പരിഷ്‌കരണങ്ങള്‍ നാം വരുത്തിയിട്ടുണ്ട്‌. കുരുമുളകിനും തേങ്ങയ്ക്കും റബ്ബറിനും നബി തിരുമേനി പറയാതിരുന്നിട്ടും സക്കാത്ത്‌ കൊടുത്തു. ബലിയറുക്കേണ്ടതിനു പകരം ബാങ്കില്‍ പണമടച്ചു ഹജ്ജ്‌ പൂര്‍ത്തീകരിച്ചു. യലംലമിന്‌ പകരം ജിദ്ദയില്‍ വിമാനമിറങ്ങിയ ശേഷം മതി ഇഹ്‌റാം എന്ന്‌ വെച്ചു. സൂര്യന്റെ ചലനം നോക്കി വേണം ബാങ്കുവിളി എന്ന പ്രവാചക കല്‍പ്പന ജലരേഖയായി. ബിലാലിന്റെ കണ്‌ഠ ബാങ്കൊലി ലൌഡ്‌സ്‌പീക്കര്‍ ഏറ്റെടുത്തു. ഖുതുബകള്‍ മലയാളത്തിലാക്കി. അതെ, പ്രവാചക കല്‍പ്പനകള്‍ കാലത്തിന്റെ തേട്ടമനുസരിച്ചു നാം പരിഷ്‌കരിച്ചു. (ബാങ്കും ഖുത്ത്‌ബയും ലൌഡ്‌സ്‌പീക്കറിലൂടെ പാടില്ലെന്ന്‌ പറയുന്നവര്‍ ഇന്നുമുണ്ട്‌, ഖുതുബ മലയാളത്തില്‍ നിഷിദ്ധമെന്ന്‌ വാദിക്കുന്നവരും ഉണ്ട്‌ എന്ന കാര്യം മറക്കുന്നില്ല.) എങ്കില്‍പിന്നെ എന്തുകൊണ്ട്‌ ചന്ദ്രമാസ നിര്‍ണ്ണയത്തിലും ഒരു കാലിക പരിഷ്‌കരണത്തെപ്പറ്റി ആലോചിച്ചു കൂടാ ? വിശേഷിച്ചും ഖലീഫ ഉമറിന്റെ മാതൃക നമ്മുടെ മുമ്പിലിരിക്കെ ? 

1. മുഅല്ലഫത്തുല്‍ ഖുലൂബിന്ന്‌ മേലാല്‍ സക്കാത്തിന്റെ വിഹിതം നല്‍കില്ല എന്ന്‌ ഉമര്‍ ഉത്തരവിടുന്നു. 2. പട്ടാളക്കാര്‍ക്ക്‌ ഗനീമത്ത്‌ സ്വത്തിന്റെ അവകാശവും അദ്ദേഹം നിഷേധിക്കുന്നു. 
അവകാശികള്‍ അതിനെ ചോദ്യം ചെയ്‌തു. ഖുര്‍ആന്‍ കല്‍പ്പിച്ച, പ്രവാചകന്‍ നടപ്പാക്കിയ നിയമം റദ്ദ്‌ ചെയ്യാന്‍ ഉമറിനെന്തവകാശം?. ഉമറിന്റെ മറുപടി ശ്രദ്ധിക്കുക: ഖുര്‍ആന്‍ അനുശാസിക്കുന്നു എന്നതും നബി തിരുമേനി ചെയ്‌തിട്ടുണ്ട്‌ എന്നതും ഇന്നലെ വരെ ലഭിച്ചുകൊണ്ടിരുന്നു എന്നതും ശരി തന്നെ. പക്ഷെ അത്‌ ഇന്ന്‌ അതേപടി പ്രയോഗവല്‍ക്കരിക്കുമ്പോള്‍ രാഷ്‌ട്രത്തിനും സമുദായത്തിനും കോട്ടമുണ്ടാകുമെങ്കില്‍ സുരക്ഷ പരിഗണിച്ച്‌ തല്‍ക്കാലം വേണ്ടെന്ന്‌ വെയ്ക്കാവുന്നതാണ്‌. മുഅല്ലഫത്തുല്‍ ഖുലൂബിന്ന്‌ ഇപ്പോള്‍ സകാത്തിന്റെ ആവശ്യമില്ല. അവരേക്കാള്‍ അര്‍ഹരായവര്‍ വേറെ കിടക്കുന്നു. പട്ടാളക്കാര്‍ മുന്‍കാല യുദ്ധ വിജയങ്ങളിലൂടെ സ്വത്ത്‌ വാരിക്കൂട്ടിയിരിക്കുന്നു. തന്‍മൂലം അവര്‍ക്ക്‌ യുദ്ധത്തിന്‌ സമയവും താല്‍പര്യവുമില്ലാതായി. ഇനിയും അവരെ യുദ്ധങ്ങള്‍കൊണ്ട്‌ സമ്പന്നരാക്കിയാല്‍ രാഷ്‌ട്ര സുരക്ഷക്ക്‌ അത്‌ ഭീഷണിയാകും. മേലില്‍ അവര്‍ക്ക്‌ ശമ്പളമാവാം'.  ഖുര്‍ആന്‍ കല്‍പ്പനയും തിരുചര്യയും സമൂഹരക്ഷക്ക്‌ വേണ്ടി മാറ്റി വെക്കാമെന്ന്‌ ഉമര്‍ കാണിച്ചു തന്നിരിക്കെ, നിങ്ങള്‍ എന്റെയും ഖലീഫമാരുടെയും സുന്നത്ത്‌ പിന്തുടരണമെന്ന്‌ പ്രവാചകന്‍ പ്രസ്‌താവിച്ചിരിക്കെ,കാണുക’ എന്ന ഒരു പദ പ്രയോഗത്തില്‍ കടിച്ചുതൂങ്ങി ഇനിയും ഈ സമുദായത്തെ മാനം കെടുത്തേണ്ടതുണ്ടോ, ഛിന്നഭിന്നമാക്കേണ്ടതുണ്ടോ എന്ന്‌ പണ്ഡിത – നേതൃത്വങ്ങള്‍ ആലോചിക്കേണ്ടതുണ്ട്‌.

നമ്മുക്ക്‌ വിഷയത്തിലേക്ക്‌ വരാം. ഒരു ദിവസം ആരംഭിക്കുന്നത്‌ രാത്രി പന്ത്രണ്ട്‌ മണിക്കാണ്‌ എന്നത്‌ പ്രകൃതി നിയമമല്ല. മറിച്ച്‌ ചില സൌകര്യങ്ങള്‍ക്കു വേണ്ടിയുള്ള സാങ്കേതിക പ്രയോഗം മാത്രമാണ്‌. ദിവസത്തിന്റെ തുടക്കം പ്രഭാതത്തോടെയാണെന്ന്‌ ഏത്‌ കുരുവിക്കുഞ്ഞിനും അറിയാം. സസ്യലതാദികള്‍ക്കറിയാം. മനുഷ്യ സമൂഹവും ആദികാലം തൊട്ടിന്നേവരെ ഇത്‌ അനുഭവിച്ചറിയുന്നുണ്ട്‌. ഇതിലൊന്നും ആര്‍ക്കും സംശയമില്ല. സാക്ഷ്യമായി ഖുര്‍ആന്‍ – ഹദീസ്‌ വചനങ്ങള്‍ എമ്പാടുമുണ്ട്‌. 

അമാവാസി (ന്യൂ മൂണ്‍) ഒരു ചന്ദ്രമാസത്തിന്റെ അവസാന ദിവസമാണ്‌. അത്‌ സംഭവിക്കുന്നതിന്റെ പിറ്റേ ദിവസം പുതിയ ചന്ദ്രമാസത്തിലെ ഒന്നാം തിയ്യതിയാണ്‌. അതായത്‌ ന്യൂ മൂണ്‍ സംഭവിക്കുമ്പോള്‍ ദിവസം മാറുന്നില്ല. പുതിയ മാസം തുടങ്ങുന്നുമില്ല. അടുത്ത ദിവസത്തിന്റെ പ്രഭാതത്തോടെ മാത്രമാണ്‌ ഒന്നാം തിയ്യതി പിറക്കുന്നത്‌.
ചന്ദ്രപിറവിയും ചന്ദ്രോദയവും രണ്ടാണ്‌. പിറവി മാസത്തില്‍ ഒരിക്കല്‍ മാത്രമാണ്‌. ചക്രവാളത്തില്‍ എവിടെ വെച്ചും ഏതു സമയത്തും അതു നടക്കാം. പക്ഷെ ചന്ദ്രോദയം നിത്യവും നടക്കുന്നു. അതാകട്ടെ കിഴക്കന്‍ ചക്രവാളത്തില്‍ മാത്രമായിരിക്കും. ഓരോ ദിവസവും ഏകദേശം 50 മിനിറ്റ്‌ വൈകിക്കൊണ്ടുദിക്കുന്നു. ഈ ഉദയം രാവിലെയാകാം, ഉച്ചയ്ക്കാവാം, സന്ധ്യക്കോ രാത്രിയിലോ എപ്പോഴുമാകാം. 

ഭൂമി പടിഞ്ഞാറു നിന്ന്‌ കിഴക്കോട്ടു കറങ്ങുകയാണ്‌. അതുകൊണ്ടാണ്‌ സൂര്യന്‍ കിഴക്കുദിക്കുന്നതായി കാണുന്നത്‌. ചന്ദ്രനും ഇത്‌ ബാധകമാണ്‌. സൂര്യനെപോലെ ചന്ദ്രനും നിത്യവും കിഴക്കുദിച്ച്‌ പടിഞ്ഞാറ്‌ അസ്‌തമിക്കുന്നു. അറബി ഭാഷയില്‍ മശ്‌രിഖ്‌' എന്ന പദത്തിന്‌ ഉദയസ്ഥാനം എന്നുംമഗ്‌രിബ്‌’ എന്ന പദത്തിന്‌ അസ്‌തമയസ്ഥാനം എന്നുമാണല്ലോ അര്‍ത്ഥം. അപ്പോള്‍ ചന്ദ്രന്റെ ഉദയം ദര്‍ശിക്കാന്‍ പടിഞ്ഞാറന്‍ ചക്രവാളത്തിലേക്ക് അഥവാ അസ്‌തമയ സ്ഥാനത്തേക്ക്‌, സന്ധ്യാനേരത്ത്‌ നോക്കുന്നത്‌ മണ്ടത്തരമല്ലേ? ഇനി അവിടെ അന്നേരം ചന്ദ്രക്കല കണ്ടാല്‍ അതിനര്‍ത്ഥം എന്താണ്‌ ? രാവിലെ കിഴക്കുദിച്ച ബാലചന്ദ്രന്‍ സൂര്യനു പിന്നാലെ സഞ്ചരിച്ച്‌ പടിഞ്ഞാറന്‍ ചക്രവാളത്തില്‍ അസ്‌തമിക്കുന്നു എന്നല്ലേ ? ആ ചന്ദ്രക്കല ആ ദിവസത്തിന്റെ തിയ്യതിയെ കുറിക്കുന്നു. അപ്പോഴേക്കും ദിവസത്തിന്റെ പാതിയും കഴിഞ്ഞിരിക്കുന്നുവെന്നാണ്‌ അത്‌ നമ്മെ നോക്കിപ്പറയുന്നത്‌. അപ്പോള്‍ നാളെ ഒന്നാം തിയ്യതി എന്നല്ല പ്രഖ്യാപിക്കേണ്ടത്‌, രണ്ടാം തിയ്യതി എന്നാണ്‌. 

ഇവിടെയാണ്‌ വിഷയത്തിന്റെ മര്‍മ്മം. എല്ലാ രണ്ടാം തിയ്യതികളെയും ഒന്നാം തിയ്യതികളായി പ്രഖ്യാപിക്കപ്പെടുന്നതിലൂടെ ഒരു ദിവസം നഷ്‌ടപ്പെടുത്തുന്നു. അങ്ങനെ റമദാന്‍ രണ്ടാം തിയ്യതി ഒന്നാം നോമ്പ്‌. ശവ്വാല്‍ ഒന്നിന്‌ നോമ്പ്‌, രണ്ടിന്‌ പെരുന്നാള്‍! റമദാനിലെ ഒരു നോമ്പ്‌ അകാരണമായി നഷ്‌ടപ്പെടുത്തി. നോമ്പ്‌ നിഷിദ്ധമായ ശവ്വാല്‍ ഒന്നിന്‌ നോമ്പെടുത്തു. ഇതിന്റെ ഗൗരവം മനസ്സിലാക്കിയ ചില ശുദ്ധാത്മാക്കള്‍ കൃത്യ തിയ്യതിക്കു തന്നെ നോമ്പും പെരുന്നാളും അനുഷ്‌ഠിക്കാന്‍ തുടങ്ങി. ഇതിനെയാണ്‌ ലോകമുസ്‌ലിംകള്‍ ‘നോമ്പെടുത്തപ്പോള്‍ പെരുന്നാളാഘോഷിച്ചവര്‍ , സമുദായത്തില്‍ ഭിന്നിപ്പുണ്ടാക്കുന്നവര്‍’ എന്നെല്ലാം പരിഹസിക്കുന്നത്‌. 

ഓരോ പ്രദേശത്തുകാരും കണ്ണുകൊണ്ട്‌ ചന്ദ്രനെ കണ്ട ശേഷമേ മാസം ആരംഭിക്കാവൂ എന്നാണെങ്കില്‍ താഴെ ചോദ്യങ്ങള്‍ക്കുള്ള മറുപടി എന്താണ്‌ ?

  1. ഒന്നാം തിയ്യതി ഞായറാഴ്‌ച ഉറപ്പിച്ച കോഴിക്കോട്ടുകാരനും തിങ്കളാഴ്‌ച ഉറപ്പിച്ച തിരുവന്തപുരത്തുകാരനും ചൊവ്വാഴ്‌ച ഉറപ്പിച്ച ദല്‍ഹിക്കാരനും പൗര്‍ണ്ണമി കണക്കാക്കേണ്ടത്‌ അവരവരുടെ `ഉറപ്പിക്ക’ലിന്റെ അടിസ്ഥാനത്തിലോ ചന്ദ്രന്‍ പൂര്‍ണ്ണത പ്രാപിക്കുന്നതിന്റെ അടിസ്ഥാനത്തിലോ? മുസ്‌ലിംകള്‍ക്ക്‌ പൗര്‍ണ്ണമി നാളുകളില്‍ പ്രബലമായ നോമ്പുകളുണ്ട്‌ എന്നറിയാമല്ലോ. അത്‌ എന്നാണ്‌ എന്ന്‌ നിങ്ങള്‍ ഇന്നേവരെ സമുദായാംഗങ്ങള്‍ക്ക്‌ പറഞ്ഞു കൊടുത്തിട്ടുമില്ല!.
  2. ഇതേ മൂന്നു പേര്‍ ഹജ്ജിന്‌ പോയാല്‍ മിനയില്‍ രാപ്പാര്‍ക്കേണ്ടതും അറഫയില്‍ സമ്മേളിക്കേണ്ടതും ആരുടെ, എവിടത്തുകാരുടെ `ഉറപ്പിക്കലി’ന്റെ അടിസ്ഥാനത്തിലാണ്‌ ?
  3. ഈ മൂന്നു പേരുടെയും ലൈലത്തുല്‍ ഖദ്‌ര്‍ എങ്ങനെ തിട്ടപ്പെടുത്തും.? ലൈലത്തുല്‍ ഖദ്‌ര്‍ ലോകം മുഴുക്കെ ഒരേ രാത്രിയില്‍ സംഭവിക്കുന്നതാണല്ലോ.
  4. അമാവാസി – പൗര്‍ണ്ണമി നാളുകളില്‍ ശരീരത്തില്‍ രക്തചംക്രമണം വര്‍ദ്ധിക്കും. ആസ്‌തമ, ചര്‍മ്മ രോഗങ്ങള്‍ രൂക്ഷമാകും. പ്രസവങ്ങള്‍ ഏറും. വേലിയേറ്റമുണ്ടാകും. ഭൂകമ്പം പോലുള്ള പ്രകൃതി ദുരന്തങ്ങളുണ്ടാകാം. ഗ്രഹണങ്ങള്‍ സംഭവിക്കാം. ഈ വക കാര്യങ്ങളെല്ലാം പ്രകൃതി നടപ്പാക്കുന്നത്‌ കോഴിക്കോടും തിരുവനന്തപുരത്തും ഡല്‍ഹിയിലും വ്യത്യസ്‌ത ദിവസങ്ങളില്‍ ആയിരിക്കുമോ? അഥവാ കോഴിക്കോട്ടുകാരില്‍ ഞായറാഴ്‌ച രക്ത ചംക്രമണം കൂടുന്നു. തിരുവനന്തപുരത്തുകാരില്‍ തിങ്കളാഴ്‌ച, ഡല്‍ഹിക്കാരില്‍ ചൊവ്വാഴ്‌ച എന്നിങ്ങനെ ?

ഹിജ്‌റ കമ്മറ്റിക്കാര്‍ വരുന്നതിന്‌ മുമ്പ്‌ നബിയും സഹാബത്തും ഇതെല്ലാം ഭംഗിയായി നിര്‍വ്വഹിച്ചിട്ടുണ്ടല്ലോ എന്നാണ്‌ മറുപടിയെങ്കില്‍ അതെങ്ങനെയായിരുന്നു എന്നുകൂടി കാണുക.
പൗര്‍ണ്ണമിക്ക്‌ ശേഷമുള്ള ദിവസങ്ങളില്‍ ചന്ദ്രന്‍ കിഴക്കന്‍ ചക്രവാളത്തില്‍ ചെറുതായി ചെറുതായി ഉദിച്ചുവരുന്നത്‌ പ്രഭാത സമയത്ത്‌ നീരീക്ഷിച്ചുകൊണ്ടിരിക്കുക. അവസാനം ഒരു ദിവസം അതിനെ കാണാതാവും. അന്ന്‌ അമാവാസി. പിറ്റേ ദിവസം ഒന്നാം തിയ്യതി. ഈ ഒന്നാം തിയ്യതി നിര്‍ണ്ണയം മാസാരംഭത്തില്‍ തന്നെ നിരീക്ഷിച്ചു മനസ്സിലാക്കാന്‍ പരിശീലനം കൊണ്ട്‌ സാധിക്കും. ചന്ദ്രക്കലകളെ പഠിച്ചവര്‍ക്ക്‌ ഇന്ന്‌ തിയ്യതി എത്രയാണെന്ന്‌ ആകാശത്തെ ചന്ദ്രനെ നോക്കി പറയാന്‍ കഴിയും. പൗര്‍ണ്ണമിയും അമാവാസിയും മനസ്സിലാക്കാന്‍ പ്രയാസമുണ്ടാവില്ല.

ഇതെല്ലാം പഴയകാല കഥകള്‍. ഇന്ന്‌ പക്ഷെ ഇതിന്റെയൊന്നും ആവശ്യമില്ല. ശാസ്‌ത്രം വളര്‍ന്നതോടെ നൂറ്റാണ്ടുകള്‍ അപ്പുറത്തും ഇപ്പുറത്തുമുള്ള ചന്ദ്രപ്പിറവികളെപ്പോലും കൃത്യമായി കണക്കുകൂട്ടാന്‍ സാധിക്കുന്നു. ചുമരില്‍ തൂങ്ങിക്കിടക്കുന്ന കലണ്ടറില്‍ നോക്കി ബാങ്കു വിളിക്കുന്ന അതേ ലാഘവത്തോടെ അതേ കലണ്ടറില്‍ നോക്കി പൗര്‍ണ്ണമിയും അമാവാസിയും ചന്ദ്രപ്പിറവിയും മസ്സിലാക്കാമെന്നിരിക്കെ കൊട്ടും കുരവയുമായി ഒരു സമുദായത്തെ മുള്‍മുനയില്‍ പടിഞ്ഞാറോട്ട്‌ തിരിച്ചുനിര്‍ത്തുന്നതിന്റെ നാണക്കേടും ഭോഷത്തവും ഒന്നാലോചിച്ചു നോക്കൂ.

ശാസ്‌ത്രം വളരുന്നതിന്റെയും മുഹമ്മദു നബി വരുന്നതിന്റെയും ആയിരക്കണക്കിന്‌ വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ ഹിന്ദു മതപണ്ഡിതന്മാര്‍ ചന്ദ്രമാസക്കലണ്ടറും ഗോള ശാസ്‌ത്രക്കലണ്ടറും നിര്‍മ്മിച്ചിട്ടുണ്ട്‌. അതാണ്‌ പഞ്ചാംഗം. ഹിന്ദുക്കളുടെ വാവുബലി, അമാവാസി – പൗര്‍ണ്ണമി പൂജകള്‍, വ്രതങ്ങള്‍ തുടങ്ങിയവ ചന്ദ്രനെ ആശ്രയിച്ചാണ്‌. അവരൊന്നും ആകാശത്തേക്ക്‌ നോക്കാതെ ചന്ദ്രമാസത്തിന്റെ കൃത്യ തിയ്യതിക്കു തന്നെ കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നു. മുസ്‌ലിം നേതൃത്വങ്ങള്‍ പക്ഷെ പ്രവാചകനെ ദുര്‍വ്യാഖ്യാനിച്ച്‌ സമുദായത്തെ വഴിപിഴപ്പിക്കുകയാണ്‌. വ്യാഖ്യനങ്ങള്‍ എല്ലായ്‌പ്പോഴും അല്ലാഹുവിന്റെയും പ്രവാചകന്റെയും താല്‍പര്യങ്ങള്‍ക്കനുസൃതമായിട്ടായിരിക്കണം. മുസ്‌ലിം ഐക്യമാണ്‌ ദീനിന്റെ താല്‍പര്യം. ഈ രീതിയില്‍ വിഷയത്തെ സമീപിക്കാന്‍ പണ്ഡിത – നേതൃത്വങ്ങള്‍ തയ്യാറാകുന്നില്ല.

പിന്നെ പൊതു ജനത്തിന്റെ കാര്യം എന്തുപറയാന്‍ ? യഥാ രാജ, തഥാ പ്രജ!
അല്ലാഹുവും പ്രവാചകനും ഇഷ്‌ടപ്പെടാത്ത വഴിയില്‍ സമുദായത്തെ ഇനിയും നയിക്കരുത്‌. വിഷയംപഠിച്ച്‌ തെറ്റുതിരുത്താനുള്ള ആര്‍ജ്ജവം പണ്ഡിത–നേതൃത്വങ്ങളില്‍ നിന്ന്‌ പ്രതീക്ഷിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

© 2024 Universal Hijri Calendar | WordPress Theme: Annina Free by CrestaProject.