നബിയുടെ വിടവാങ്ങൽ ഹജ്ജിലെ പ്രസംഗവും തീയതിയും 

നബിയുടെ വിടവാങ്ങല്‍ ഹജ്ജും പള്ളി ചുവരുകളില്‍ പതിച്ച വലിയ നുണയും ചന്ദ്ര മാസ കലണ്ടറും

 വി എ അബ്ദുൽ റഹിം  

ഒന്നാം ഭാഗം ……..ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തിയാക്കി തന്നിരിക്കുന്നു. എന്‍റെ അനുഗ്രഹം നിങ്ങള്‍ക്ക് ഞാന്‍ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്ലാമിനെ ഞാന്‍ നിങ്ങള്‍ക്ക് തൃപ്തിപ്പെട്ട് തന്നിരിക്കുന്നു………… 

മേല്‍ പറഞ്ഞ ആയത്ത് സൂറത്തുല്‍ മാഇദയിലെ മൂന്നാമത്തെ വചനത്തിലെ ഒരു ഭാഗമാണ്. ഇവിടെ നാം ചര്‍ച്ച ചെയ്യാന്‍ ഉദ്ദേശിക്കുന്ന ഒരു കാര്യം ഈ വചനം ഇറക്കപ്പെട്ട ദിവസത്തെ കുറിച്ചാണ്. മുസ്ലിങ്ങളെ സംബന്ധിച്ച് ഈ ദിവസം ഏറ്റവും പ്രധാന പെട്ട ഒന്നാണ് എന്നല്ല മറിച്ച്‌ ഇതിനെക്കാള്‍ പ്രധാന പെട്ട ഒന്നില്ല എന്ന് വേണം മേല്‍ വചനത്തില്‍ നിന്നും മനസ്സിലാക്കാന്‍. കാരണം മനുഷ്യ രാശിയുടെ ചരിത്രത്തില്‍ കാലാകാലങ്ങളില്‍ ഉടലെടുക്ക പെട്ടിട്ടുള്ള ആചാരങ്ങളെയും വിശ്വാസങ്ങളെയും എല്ലാം തന്നെ കാലഹരണ പ്പെടുത്തികൊണ്ട് ഇനി യൊരാചാരമോ വിശ്വാസമോ പ്രവാചകനോ ഉണ്ടാകുകയില്ല എന്നും ഇന്നത്തോടെ നമ്മുടെ നാഥന്‍ അവന്റെ അനുഗ്രഹങ്ങള്‍ എല്ലാം തന്നെ നമ്മുക്ക് പൂര്‍ത്തീകരിച്ചു തരികയും ഇസ്ലാമിനെ മതമായി അഗീകരിക്കുകയും അതിനെ പൂര്‍ത്തിയാക്കുകയും ചെയ്തിരിക്കുന്നു എന്നതാണ് . ഈ സംഭവം നടക്കുന്നത് നബി(സ) യുടെ ഹജ്ജ് വേളയിലാണ്. ഹജ്ജിലെ പ്രധാനപ്പെട്ട മൂന്ന് ദിവസങ്ങളാണ് യൌമു തര്‍വിയ, യൌമു അറഫ, യൌമു നഹര്‍. ഇതില്‍ മൂന്നാമത്തെ ദിവസമായ യൗം നഹ്രിലാണ് (ബലി ദിവസം) ഹജ്ജ് പൂര്‍ത്തിയാകുന്നതും ഹാജിമാര്‍ ഇഹറാമില്‍ നിന്നും വിരമിക്കുന്നതും. . അത് കൊണ്ട് തന്നെ മേല്‍ പറയപ്പെട്ട വചനം ഇറക്കപ്പെട്ടത് ഈ ദിവസത്തില്‍ തന്നെയാണ് എന്നതിന് ഖുര്‍ആനും ചരിത്രവും സാക്ഷിയാണ് . വെള്ളിയാഴ്ച ദിവസം എന്നനിലയിലും ദുല്‍ഹിജ്ജ പത്താം തിയ്യതി എന്നനിലയിലും ഇതിനു വളരെ പ്രാധാന്യമുണ്ട്. അഥവാ രണ്ട്‌ നിലക്കും ഈദിവസം ലോക മുസ്ലിങ്ങള്‍ പെരുന്നാള്‍ കൊണ്ടാടുന്നു. വെള്ളിയാഴ്ച ദിവസം എന്നത് പാവപെട്ടവരുടെ യും ദരിദ്രന്‍ മാരുടെയും ഹജ്ജാണ് എന്നും സത്യവിസ്വസികള്‍ക്ക് പെരുന്നാള്‍ ആണെന്നും പറയപ്പെട്ടിട്ടുണ്ട്. തിയ്യതി എന്നനിലയില്‍ ദുല്‍ഹിജ്ജ പത്ത് എന്നതും ലോകര്‍ക്ക് പെരുന്നാള്‍ തന്നെയാണ്. അല്ലാഹുവിന്റെ അനുഗ്രഹം, അവന്റെ ദീന്‍ എല്ലാം പൂര്‍ത്തീകരിക്കപെടുന്ന ദിവസം സ്മരിക്കപെടുകയും ആഘോഷിക്കപെടുകയും വേണം എന്നുള്ളത് കൊണ്ടാണ് അല്ലാഹു ആ ദിവസം തന്നെ മുന്‍ കൂട്ടി അതിനുവേണ്ടി തിരഞ്ഞെടുത്തിട്ടുള്ളത്. ഈ ദിവസത്തില്‍ അല്ലാഹു ഇറക്കിയ വചനങ്ങള്‍ ഒരു വലിയ പ്രസംഗ രൂപേണ ത്തന്നെ നബി (സ) വിശദീകരിക്കുന്ന രംഗം അനേകം ആളുകള്‍ സാക്ഷിയാകുകയും അത് റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്. 

സഹീഹുല്‍ ബുഹാരിയില്‍ തന്നെ അനേകം ഹദീസുകള്‍ ഈ സംഭവവുമായി രേഖ പ്പെടുത്തിയിട്ടുണ്ട്.  ഇത്രയും ഹദീസുകള്‍ ബലി പെരുന്നാള്‍ ദിവസം നബിയുടെ പ്രസഗവുമായി ബന്ധപെട്ടു സഹീഹുല്‍ ബുഹാരി മാത്രം റിപ്പോര്‍ട്ട്‌ ചെയ്തിട്ടുള്ളതാണ്‌. ഖുര്‍ആന്‍ കൊണ്ടും ഹദീസ് കൊണ്ടും തര്‍ക്കമില്ലാത്ത രീതിയില്‍ തന്നെ അഗീകരിക്കപ്പെട്ട സംഭവമാണ് നബിയുടെ പ്രസംഗം ബലി പെരുന്നാള്‍ ദിവസമായിരുന്നു എന്നതും അതിലെ വിഷയമായ മേല്‍ പറയപ്പെട്ട വചനങ്ങള്‍ ഇറക്കപ്പെട്ടത് അന്നുതന്നെയാണ് എന്നതും അതുകൊണ്ട് തന്നെയാണ് ആദിവസം പെരുന്നാള്‍ ആയത് എന്നതും ശ്രദ്ധേയമാണ്. 

ഇത്രയും എഴുതാന്‍ കാരണം വിഷയത്തിന്റെ കാതല്‍ അത്രയും ഗൌരവമേറിയതായത് കൊണ്ടാണ്. അതെന്താണ് എന്നത് ഈ ലേഖനത്തിന്റെ അവസാനത്തില്‍ മനസ്സിലാകും. ഇനി നമ്മുക്ക് വിഷയത്തിന്റെ രണ്ടാം ഭാഗത്തിലേക്ക് കടക്കാം. 

രണ്ടാം ഭാഗം 

ഒരു നുണ സത്യമായി ത്തീരണമെങ്കില്‍ അത് നിരന്തരം ആവര്‍ത്തിച്ചു കൊണ്ടിരുന്നാല്‍ മതി. അത് ചോദ്യം ചെയ്യപ്പെടാതിരിക്കുന്നിടത്തോളംകാലം ആ നുണ സത്യവല്‍കരിക്കപ്പെട്ടുകൊണ്ടിരിക്കും. പ്രച്ചരിക്കപെടുന്നത് നുണയാണെങ്കിലും സ്വാഭാവികമായും അവിടെ ഒരു സത്യം ഉണ്ടായിട്തീരുന്നു. അത് പ്രചരിപ്പിക്കപ്പെടുന്നു എന്ന സത്യം. അത് അന്വേഷണ വിധേയ മാകണമെങ്കില്‍ അതുമായി മായി ബന്ധപ്പെട്ടു എന്തെങ്കിലും വൈരുദ്ധ്യങ്ങള്‍ അനുഭവ പ്പെടണം. പക്ഷെ അത് അനുഭവസ്തരില്‍ മാത്രം ഒതുങ്ങി നിന്ന് വളരെ സാവധാനം മാത്രമേ മറ്റുള്ളവരിലേക്ക് പകരുകയുള്ളൂ. ജനങ്ങള്‍ സത്യാവസ്ഥ മനസ്സിലാക്കി വരുമ്പോഴേക്കും അത് സമൂഹത്തില്‍ ആഴത്തില്‍ വേരൂന്നിയി ട്ടുണ്ടാകും. സത്യാവസ്ഥ പുറത്തുവന്നാല്‍ പോലും പ്രചരിക്കപ്പെട്ട നുണ അതേപടി നിലനില്കയും സത്യത്തിലേക്ക് ശ്രദ്ധ പതിയെന്ടതിനു പകരം തര്‍ക്കങ്ങലിലേക്കും അഭിപ്രായ വെത്യാസങ്ങളിലെക്കും മനുഷ്യന്റെ മനസ്സു നയിക്കപെടുന്നു. അതിന്റെ പ്രചാരകര്‍ എന്ത് ലക്‌ഷ്യം വച്ചാണോ അത് തൊടുത്തു വിട്ടത് അത് ഒരു പരിധി വരെ ലക്‌ഷ്യം നേടുന്നു.

എന്നാല്‍ സത്യത്തിനു പ്രാപഞ്ചികമായ ചില സവിശേഷതകള്‍ ഉണ്ടായിരിക്കും.സത്യവും അസത്യവും എന്നത് ഉല്‍പന്നവും അതിന്റെ പരസ്യവും പോലെയാണ്. എത്ര ഗംഭീരമായി പരസ്യം ചെയ്താലും ഉപഭോക്തവിനു അതിന്റെ ഗുണം കിട്ടിയില്ലെങ്കില്‍ ഉലപ്ന്നം ഉപേക്ഷിക്കപെടുക തന്നെ ചെയ്യും.

അതിനു കാരണം പരസ്യത്തെക്കാള്‍ ഉപരി അവനെ സ്വാധീനിക്കുന്നത് അവന്റെ അനുഭവവും ചിന്തയുമാണ്. അപ്പോള്‍ ഏത് കാര്യവും വിലയിരുത്തണ മെങ്കില്‍ അല്പം ഗവേഷണ ബുദ്ധിയും ചിന്താശക്തിയും ആവശ്യമാണ്. ഇസ്ലാമിലെ പലകാര്യങ്ങളും ഇപ്രകാരം അന്വേഷണ വിധേയമാക്കപെട്ടു കൊണ്ടിരിക്കുന്നു. അതിനു കാരണം ഇസ്ലാം വെറും പ്രചാരണത്തിലൂടെ വളരുന്ന മതമല്ല മറിച്ച്‌ പ്രബോധനവും ചിന്തയും അന്വേഷണവും യുക്തിയും എല്ലാം ഉപയോഗിച്ച് വളരുന്നമതമായത് കൊണ്ടാണ് .

പരസ്യം 

കേരളത്തിലെ എന്നല്ല ലോകത്തിലെ തന്നെ മിക്കവാറും പള്ളികളിലെ ചുവരുകളില്‍ തൂക്കിയിരിക്കുന്ന ഒന്നാണ് നബിയുടെ അറഫ പ്രസംഗം.

അതിന്റെ തലക്കെട്ട്‌ ഇങ്ങിനെ തുടങ്ങുന്നു.

” ഹിജ്റ പത്താം വര്‍ഷം മുഹമ്മദ്‌ നബി(സ) തന്റെ വിടവാങ്ങല്‍ ഹജ്ജില്‍ വെള്ളിയാഴ്ച ദുല്‍ ഹജ്ജ് 9 നു അറഫ മൈതാനിയില്‍ നടത്തിയ ഹജ്ജ് വിക്ഞാപനം.”

ഏകദേശം ഈരീതിയില്‍ തന്നെയാണ് ഇതിന്റെ മിക്കവാറും പതിപ്പുകളില്‍ കാണപ്പെടുന്നത്. ഇസ്ലാമിലെ ചരിത്ര പ്രസിദ്ധമായത് എന്ന് പ്രചരിപ്പിക്കപ്പെടുന്ന ഈപ്രസംഗം നടന്ന വര്‍ഷം, തിയ്യതി, ദിവസം, സ്ഥലം, വളരെ കൃത്യമായി തന്നെ രേഖപ്പെടുത്തിയിരിക്കുന്നു.(രേഖപ്പെടുത്തുന്നതിലുള്ള കൃത്യത , തിയ്യതിയിലുള്ള കൃത്യതയല്ല എന്നത് മറ്റൊരു വശം) . ഇസ്ലാമിലെ ഒരു സംഭവവും ഇങ്ങിനെ വര്‍ഷം തിയ്യതി ദിവസം സ്ഥലം എന്നിവ രേഖപ്പെടുത്തിക്കാണില്ല. ഇത് നമ്മെ വളരെ അത്ഭുത പ്പെടുത്തുന്ന സംഗതിയാണ് . കാരണം ഇസ്ലാമിക ചരിത്രത്തില്‍ കാണുന്ന പ്രധാന സംഭവങ്ങളുടെ തിയതി കളെല്ലാം തന്നെ തര്‍ക്ക വിഷയങ്ങളാണ് . ഉദാഹരണം :നബിയുടെ ജനനം,മരണം, ഹിജ്റ വര്‍ഷാരംഭം ഇവയുടെ തിയ്യതികളില്‍ ഇന്നും തര്‍ക്കം തീര്നിട്ടില്ല . എന്നിരിക്കെ ഇത് മാത്രം ഇത്ര കൃത്യമായി അച്ചടിച്ച്‌ പള്ളികളില്‍ തൂകിയിട്ടിരിക്കുന്നത് കാണുമ്പൊള്‍ അത്ഭുതത്തിനും വഴിയുണ്ട് . എന്നാല്‍ ദുല്‍ഹിജ്ജ 10 യൗം നഹര്‍ നബി ചെയ്ത പ്രസംഗത്തിനെ കുറിച്ച് ഒരു പരാമര്‍ശവും ഒരുപള്ളികളിലും കാണുന്നില്ല. അതേ കുറിച്ചുള്ള അനേകം ഹദീതുകള്‍ സഹീഹുല്‍ ബുഖാരിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത് ഇതിന്റെ ഒന്നാം ഭാഗത്തില്‍ നിങ്ങള്‍ കണ്ടുവല്ലോ. സാധാരണ ഗതിയില്‍ ഇതിനെ കുറിച്ചൊന്നും ചിന്തിക്കേണ്ട ആവശ്യം ഇല്ല. കാരണം പ്രസംഗത്തിലെ ഉള്ളടക്കം നന്നായാല്‍ പോരെ,പ്രസംഗിച്ചത് ഏത് ദിവസമാണെങ്കിലും നമ്മുക്ക് എന്ത്, എന്ന ഒരുസമീപനമാണ് നമുക്കേവര്‍ക്കും ഉണ്ടായിരിക്കുക. എന്നാല്‍ പ്രശ്നം തുടങ്ങുന്നത് ഇനിയങ്ങോട്ടാണ് .

മൂന്നാം ഭാഗം 

അല്ലാഹു സുബുഹാനഹുവതആല പ്രപഞ്ചം സൃഷ്‌ടിച്ച ദിവസം മുതല്‍ തന്നെ അതിന്റെ കലണ്ടറും സംവിധാനിച്ചു എന്നത് ഖുര്‍ആന്‍ 9:36 വ്യക്തമാക്കുന്നു.

അതില്‍ ഏതെങ്കിലും രീതിയുള്ള തെറ്റുകള്‍ വരുത്തുന്നത് കാപട്യത്തിന്റെ വര്‍ധനവ് തന്നെയാണെന്നും ഖുര്‍ആന്‍ 9:37 ലും താക്കീത് ചെയ്യുന്നു. 

അതിന്റെ അടിസ്ഥാനം സൂര്യനും ചന്ദ്രനും തന്നെയാണെന്ന് ഖുര്‍ആന്‍ 10:5 നമ്മെ പഠിപ്പിക്കുന്നു. അതിന്റെ അടയാളം ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങള്‍ ആണെന്ന് ഖുര്‍ആന്‍ 2:189 ല്‍ വ്യക്തമാക്കുന്നു. അതിന്റെ നിരീക്ഷണം ഏതുവരെ യാണെന്ന് ഖുര്‍ആന്‍ 36:39/40 നമ്മെ പഠിപ്പിക്കുന്നു.ഇനിയും അനേകം ഖുര്‍ആന്‍ വചനങ്ങള്‍ ഇ വിഷയവുമായി ബന്ധപ്പെട്ടു നമ്മുക്ക് കാണാം. ഇതില്‍ നിന്ന് നമ്മുക്ക് അടിവരയിട്ടു മനസ്സിലാകുന്ന ഒരു കാര്യം ഇസ്ലാമില്‍ കാല ഗണനക്ക് യാതൊരു വിട്ടുവീഴ്ചയും ഇല്ലെന്നും അല്ലാഹുവിന്റെ ദ്രഷ്ടാന്തങ്ങളിലേക്ക് കണ്ണയക്കുമ്പോള്‍ മനുഷ്യന് അതെളുപ്പം മനസിലാക്കാം എന്ന് തന്നെയാണ്. ഖുര്‍ആന്റെ അധ്യാപനങ്ങള്‍ക്ക് പണ്ഡിതന്‍ എന്നോ പാമരന്‍ എന്നോ ധനികന്‍ എന്നോ ദരിദ്രന്‍ എന്നോ വ്യത്യാസമില്ല എന്നും നമ്മുക്ക് ബോധ്യമാകുന്നു. 

എന്നിരിക്കെ ഇന്ന് മുസ്ലിം സമൂഹങ്ങളില്‍ നിലനില്‍ക്കുന്ന കാലഗണന അഥവാ കലണ്ടര്‍ സംവിധാനം ഖുര്‍ആനും സുന്നത്തുമായി യാതൊരു ബന്ധവുമില്ലത്തതാണെന്ന് മേല്‍ പറയപ്പെട്ട ഖുര്‍ആന്‍ വചനങ്ങളുടെ അടിസ്ഥാനത്തില്‍ ബോധ്യപ്പെടും.

ഇസ്ലാം പ്രകൃതി മതമാണെന്ന് വിശ്വസിക്കുന്ന ഏതൊരാള്‍ക്കും അരോചകമായി തോന്നാവുന്ന ഒന്നാണ് മുസ്ലിങ്ങളുടെ ഇപ്പോഴത്തെ നോമ്പും പെരുന്നാളും കണ്ടുപിടിക്കല്‍. അതിന്റെ നിജസ്ഥിതി എന്താണെന്നു അന്വേഷിച് ഇറങ്ങി പുറപ്പെട്ടപ്പോള്‍ നേരിടേണ്ടിവന്ന വെല്ലുവിളികളില്‍ പെട്ട ഒന്നാണ് നബിയുടെ അറഫ വെള്ളിയാഴ്ച യായിരുന്നു എന്ന് പ്രസ്താവിക്കുന്ന തെളിവുമായി എതിരാളികള്‍ രംഗത്ത് വരുന്നത്. അപ്പോഴാണ് നാം അതിനെ കുറിച്ച് പഠിക്കാന്‍ ഒരുങ്ങുന്നത്. എതിരാളികള്‍ ഉയര്‍ത്തിപ്പിടിച്ച തെളിവ് കാണുക.

ഒരു യഹൂദന്‍ ഉമര്‍ (റ) വിനോട് ചോദിക്കുന്നു, “ഓ ..അമീര്‍ , നിങ്ങളുടെ ഖുറാനില്‍ ഒരു വചനമുണ്ട്, അത് ഞങ്ങള്‍ക്കയിരുന്നെങ്കില്‍ ആദിവസം ഞങ്ങള്‍ പെരുന്നാള്‍ ആക്കുമായിരുന്നു”. 

ഒമര്‍(റ) ചോദിച്ചു, “ഏതാണാവചനം”. ജൂതന്‍ പറഞ്ഞു. “അല്‍ യൗം അകമല്‍ത് ലക്കും ………( ……..ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തിയാക്കി തന്നിരിക്കുന്നു. എന്‍റെ അനുഗ്രഹം നിങ്ങള്‍ക്ക് ഞാന്‍ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്ലാമിനെ ഞാന്‍ നിങ്ങള്‍ക്ക് തൃപ്തിപ്പെട്ട് തന്നിരിക്കുന്നു…………)

ഒമര്‍(റ) പറഞ്ഞു ആ ദിവസം ഏതാണെന്ന് എനിക്കറിയാം” വെള്ളിയാഴ്ച ദിവസം നബി അറഫയില്‍ നില്‍ക്കുമ്പോള്‍”. സംസാരം പൂര്‍ണമല്ല എന്ന് ഇവടെ നിന്ന് തന്നെ മനസ്സിലാക്കാം. 

ഇതാണ് ഇസ്ലാമിക കലണ്ടറിന്റെ കൃത്യതയെ ചോദ്യം ചെയ്യാന്‍ ആകെ ശത്രുപക്ഷത്തിന്റെ കൈവശം കൊണ്ട് നടക്കുന്ന ഒരേ യൊരു സംഭവം . ഇത് എത്ര ദുര്‍ബലമാണെന്നും ഹദീസ് എന്ന് പറഞ്ഞുദ്ധരിക്കുന്ന ഈ സംഭാഷണം തന്നെ വിശകലനം ചെയ്‌താല്‍ മനസ്സിലാകും.

1. യഹൂദന്റെ ചോദ്യം : അല്‍ യൗം അക്മല്‍തു ലക്കും ദീനുക്കും………. ഞങ്ങള്‍ക്കാ യിരുന്നെങ്കില്‍ ആ ദിവസം ഞങ്ങള്‍ പെരുന്നാള്‍ ആക്കുമായിരുന്നു.

2. ഉമറിന്റെ(റ) മറുപടി : അത് എന്നായിരുന്നു എന്ന് നന്നായറിയാം, വെള്ളിയാഴ്ച ദിവസം അറഫയില്‍ വച്ച് ,

അല്പമെങ്കിലും ബുദ്ധി ഉപയോഗിക്കുന്ന ഒരാള്‍ക്ക്‌ ഈ സംഭാഷണം ദഹിക്കാന്‍ പ്രയാസമാണ്. അതിന്റെ സനതോ ആധികാരികതയോ ചര്‍ച്ച ചെയ്യുന്നതിനേക്കാള്‍ മുന്‍പ് അതിലെ ഉള്ളടക്കം പരിശോധിക്കാം. ഒന്നാമതായി ചോദ്യം തന്നെ ശ്രദ്ധിക്കുക . ചോദ്യത്തിനല്ല മറുപടി, യഹൂദന് അറിയേണ്ടത് ‘ആ ദിവസം എന്നായിരുന്നു , എവിടെവാച്ചയിരുന്നു’ എന്നല്ല മറിച്ച്‌ ആദിവസം പെരുന്നാള്‍ ആക്കുന്നതിനെ കുറിച്ചായിരുന്നു. എന്നാല്‍ ഉമറിന്റെ (റ) മറുപടിയോ!

വെള്ളിയാഴ്ച ദിവസം അറഫയില്‍ വച്ച് ….. ഇതില്‍ ഒരു സത്യവും ഒരു അസത്യവും, വെള്ളിയാഴ്ച എന്നത് സത്യം അറഫയില്‍ വച്ച് എന്നത് തെറ്റുമാണ് , അറഫയില്‍ വച്ച് എന്നത് തെറ്റാണു എന്ന് പറയാന്‍ കാരണം ഈ ലേഖനത്തിന്റെ ഒന്നാം ഭാഗത്തില്‍ സഹീഹുല്‍ ബുഹാരിയില്‍ നിന്നും മാത്രം ഉദ്ധരിച്ചിട്ടുള്ള ഇരുപതോളം ഹദീസ് പരിശോധിച്ചാല്‍ മനസ്സിലാകും. ഇതില്‍ പറയുന്നത് നബിയുടെ ചരിത്രപ്രസിദ്ധമായ പ്രസംഗം നടന്നത് അറഫ യിലല്ല, മറിച്ച്‌ യൗം നഹര്‍ അഥവാ ബലി ദിവസമാണ് എന്നാണ്, എന്നാല്‍ അറഫയില്‍ വച്ച് എന്നുപറയുന്ന ജൂതനും ഒമര്‍(റ) തമ്മിലുള്ള ഈ യൊരു സംഭാഷണ മല്ലാതെ മറ്റൊന്നും കാണാന്‍ സാധ്യമല്ല. അതിരിക്കട്ടെ, പക്ഷെ ഒമര്‍(റ) പറഞ്ഞ രണ്ടും കാര്യവും യഹൂദന്റെ ചോദ്യത്തിന് മറുപടിയല്ല. പെരുന്നാളാക്കാന്‍ പറ്റുമോ എന്ന ചോദ്യത്തിന് ഒന്നുകില്‍ പെരുന്നാളാണ് എന്ന് പറയണം അല്ലെങ്കില്‍ നോമ്പാണ്‌ അല്ലെങ്കില്‍ ഇത് പെരുന്നാള്‍ അല്ല എന്ന് പറയണം. കാരണം അറഫ ദിവസം ലോകത്തിനു നോമ്പിന്റെ ദിവസമാണല്ലോ. ഇതൊന്നും പറയാതെ മറ്റൊരു രീതിയില്‍ മറുപടി പറയുമ്പോള്‍ ഈ സംഭവം രേഖപെടുത്തുന്നതിലൂടെ മറ്റെന്തോ ഉദ്ദേശം ഉണ്ട് എന്ന് തന്നെയാണ് . അതാണ് ഇവിടെ ശ്രദ്ധിക്കപെടേണ്ടതു 

1. ദീന്‍ പൂര്തീകരിക്ക പ്പെട്ടത് യൗം നഹരില്‍ അഥവാ ബലി ദിവസം. അന്നാണ് നബിയുടെ വിടവാങ്ങല്‍ പ്രസംഗം നടന്നത്. അന്ന് ലോക മുസ്ലിങ്ങള്‍ക്ക്‌ ബലി പെരുന്നാള്‍.

2. ആ ദിവസം വെള്ളിയാഴ്ച തന്നെയാണ്. വെള്ളിയാഴ്ചയും ബലി ദിവസവും ഒരു ദിവസം ആകുമ്പോഴാണ് ഹജ്ജുല്‍ അക്ബര്‍ എന്നുപറയുന്നത്. ഈദൈന്‍ (ഇരട്ട പെരുന്നാള്‍) എന്നും വിശേഷണമുണ്ട്. ‘വെള്ളിയാഴ്ച’ എന്ന ദിവസത്തിനും ‘സത്യ വിശ്വാസികളുടെ പെരുന്നാള്‍’ എന്ന വിശേഷണമുണ്ട് . അത് പോലെ തന്നെ പാവങ്ങളുടെ ഹജ്ജ് എന്നും വെള്ളിയാഴ്ചയെ വിശേഷിപ്പിക്കുന്നു. 

3. അറഫയില്‍ ദീന്‍ പൂര്‍ത്തിയാകുന്നില്ല, കാരണം ഹജ്ജിന്റെ കര്‍മങ്ങള്‍ പൂര്‍ത്തിയാകുന്നത് യൗം നഹരിലാണ്. പിന്നെയുള്ള അയ്യാമു തശ്രീക്കിലെ കര്‍മങ്ങള്‍ യൗം നഹരിലെ ആവര്‍ത്തനങ്ങളാണ്‌.

4.. ആയത്ത് ഇറങ്ങിയതും യൗം നഹരില്‍ തന്നെയാണ്, കാരണം “അല്‍ യൗം അകമല്‍ത് ലക്കും.”……..ഈ ദിവസം നിങ്ങള്ക്ക് ദീന്‍ പൂര്‍ത്തീകരിച്ചു….” എന്നാണ് പറയുന്നത്. അല്ലാതെ നാളെ നിങ്ങള്ക് ദീന്‍ പൂര്‍ത്തീകരിക്കും എന്നല്ല.

5. ഒരു സംഭാഷണം എന്നനിലയില്‍ ഒമാര്(റ)വും ജൂതനും നടത്തിയെന്നത് ബുദ്ധിക്കു നിരക്കുന്നതല്ല. കാരണം ചോദ്യത്തിനല്ല മറുപടി, സംഭാഷണവും പൂര്‍ണമല്ല. 

6. ഇതിന്റെ തന്നെ മറ്റൊരു പതിപ്പില്‍ പറയുന്നത് ലൈലത്തുല്‍ ജുമാ, വെള്ളിയഴ്ച രാവില്‍ അഥവാ വ്യഴാഴ്ചരാത്രി എന്നാണ് , എന്നാലും കഥ ശരിയാകുകയില്ല കാരണം ആയത്തില്‍ പറഞ്ഞിരിക്കുന്നത് “അല്‍ യൗം എന്നാണ് ” അല്ലൈല്‍ എന്നല്ല. അത് കൊണ്ട് തന്നെ ആ രിവായത്തും ഖുര്‍ആനുമായി യോജിക്കാത്തത്കൊണ്ട് സ്വീകാര്യമല്ല.

ചുരുക്കം 
ചന്ദ്രന്റെ വൃദ്ധി ക്ഷയങ്ങളാണ് മനുഷ്യര്‍ക് പ്രയോഗിഗമായ തിയതികള്‍ എന്ന് ഖുര്‍ആന്‍ കൊണ്ടും നബി ചര്യകൊണ്ടും ഗോള ശാസ്ത്രം കൊണ്ടും അസന്നിഗ്ധ മായി തെളിഞ്ഞിട്ടുള്ള കാര്യമാണ്. ഇത് ദൈവീക മായ കലണ്ടര്‍ ആയത് കൊണ്ട് ഇതിനെ തുരങ്കം വെക്കാന്‍ ഇബ്ലീസ്‌ എല്ലാക്കാലത്തും ശ്രമിച്ചു കൊണ്ടിരിക്കും, കാരണം മനുഷ്യന്റെ പ്രത്യക്ഷ ശത്രുവാണല്ലോ ശൈത്താന്‍. കലണ്ടര്‍ തെറ്റിക്കുന്നത് കൊണ്ട് ലോക മുസ്ലിങ്ങളെ ഒന്നടങ്കം അവന്റെ വരുതിയില്‍ കിട്ടുന്നു . നോമ്പും പെരുന്നാളും തെറ്റിക്കുന്നത് മൂലം നിഷിധമാക്കിയതിനെ അനുവദനീയം ആക്കുകയും അനുവതിച്ചതിനെ നിഷിദ്ധ മാക്കുകയും ചെയ്യുന്നു. ആയതിനാല്‍ ഖുര്‍ആന്‍ പറഞ്ഞത് പോലെ നിങ്ങളുടെ പ്രത്യക്ഷ ശത്രുവിനെ കരുതിയിരിക്കുക, അവന്‍ ഏത് രൂപത്തിലാണ് നമ്മെ ആക്രമിക്കുന്നത് എന്ന് പറയാന്‍ സാധിക്കയില്ല. 

© 2024 Universal Hijri Calendar | WordPress Theme: Annina Free by CrestaProject.