ലോകത്ത് പല രാജ്യങ്ങളിലും കണക്ക് കൊണ്ട് തന്നെ മാസമുറപ്പിച്ചിട്ടും എന്ത് കൊണ്ടാണ് ഹിജിരി കമ്മിറ്റി അതിൽ നിന്ന് വ്യത്യസ്തമാവുന്നത്?

അറിയുമെങ്കിൽ, പ്രതികരിക്കുക.
ഇത്തവണ ലോകത്ത് 3 ദിനങ്ങളിലായിട്ടാണ് ബലി പെരുന്നാൾ ആചരിക്കപ്പെട്ടത്. (ദുൽഹിജ്ജ 10 നിർണ്ണയിക്കപ്പെട്ടത്). July 30 ; July 31 ; August 1 ഇതാണാ തീയതികൾ.

ഇതിൽ , July 30ന് വ്യാഴാഴ്ച ദുൽഹജ്ജ് 10 ആയി നിർണ്ണയിച്ചത് കേരളത്തിലെയും തമിഴ് നാട്ടിലെയും ഹിജ്‌രീ കമ്മിറ്റി മാത്രമായിരുന്നു.

ഗോളശാസ്ത്രക്കണക്കുകളെ ആസ്പദമാക്കിത്തന്നെ 16 – ഓളം രാജ്യങ്ങളിലെ മുസ്ലിംകൾ, ജൂൺ മാസത്തിൽത്തന്നെ, ബലി പെരുന്നാൾ ദിനം July 31 ആണെന്ന് മുൻകൂട്ടി പ്രഖ്യാപിച്ചു.

പിന്നീട്, Local sighting അവലംബിക്കുന്നവരും സൗദി പ്രഖ്യാപനത്തെ പിന്തുടരുന്നവരും July 31 വെള്ളി തന്നെ ദുൽഹിജ്ജ 10ആയി പ്രഖ്യാപിച്ചു.

അതോടെ, ലോകത്തെ 90 – ഓളം രാജ്യങ്ങളിലെ മുസ്ലിംകൾ July 31 വെള്ളിയിൽത്തന്നെ ബലി പെരുന്നാൾ ആചരിക്കുന്ന സ്ഥിതിയുണ്ടായി.

അഞ്ചാറു രാജ്യങ്ങളിലെ മുസ്ലിംകൾ August 1 നും

ഇത്തവണത്തെ ദുൽഹിജ്ജമാസ നിർണ്ണയത്തെക്കുറിച്ച്, ലോക മുസ്ലിംകളിലെ സ്റ്റാറ്റസിനെക്കുറിച്ച്, ഞാൻ മനസ്സിലാക്കിയ അറിവാണ് പങ്കു വെച്ചത്.

ഇതു മുന്നിൽ വെച്ച് , ഞാനന്വേഷിക്കുന്നതിതാണ്:
ഗോളശാസ്ത്രക്കണക്കുകളവലംബിച്ച് മുൻകൂട്ടി മാസനിർണ്ണയം നടത്തി പ്രഖ്യാപിക്കുന്ന ആ വിഭാഗവും ഹിജ്‌രീ കമ്മിററിയും എന്തുകൊണ്ട് ? എങ്ങനെ വേർതിരിയുന്നു ? എന്തുകൊണ്ടു ലോക മുസ്ലിംകൾക്കിടയിൽ ഹിജ്‌രീ കമ്മിറ്റി ഒറ്റപ്പെടുന്നു ?

വിഷയത്തിന്റെ ശാഖാപര പ്രശ്നങ്ങൾക്കു പകരം മൗലിക പ്രശ്നം ചർച്ച ചെയ്താൽ ഗുണകരമാവും.

മറുപടി:
അസ്സലാമു അലൈകും,

ഇത് ഒരിക്കലും ശാഖാ പരമായ പ്രശനങ്ങളേയല്ല. ഇത് പ്രപഞ്ചത്തെ കുറിച്ചുള്ള നമ്മുടെ അറിവിനെ മാത്രം ആശ്രയിച്ചാണ് ‌. കാരണം സൂര്യൻ എപ്പോൾ ഉദിക്കുമെന്നോ അസ്തമിക്കുമെന്നോ ചന്ദ്രൻ എപ്പോൾ ഉദിക്കുമെന്നോ അസ്തമിക്കുമെന്നോ തുടങ്ങിയ കാര്യങ്ങളൊന്നും തന്നെ ശാഖാപമായ വ്യത്യാസങ്ങൾക്കു യാതൊരു സ്ഥാനവുമില്ല. എന്നിട്ടു പോലും അടുത്തടുത്ത പള്ളികളിലെ ബാങ്ക് വിളികൾ വ്യത്യസ്ത സമയങ്ങളിലാണ് നാം കേൾക്കുന്നത്. അതെങ്ങനെ സംഭവിക്കുന്നു. തങ്ങൾക്കറിവില്ലാത്ത വിഷയങ്ങളാണെങ്കിൽ പോലും പണ്ഡിതർ എന്ന സ്ഥാനപേര് ( അറിവിന്റെ അടിസ്ഥാനത്തിലല്ല) ലഭിച്ചത് കൊണ്ട് അവർ കൈകടത്തുന്നു.

ഒരു സമയത്ത് തന്നെ സൂര്യനസ്തമിക്കുന്ന പ്രദേശത്തുള്ള പള്ളികളിൽ നിന്ന് വ്യത്യസ്ത സമയങ്ങളിലായി ബാങ്ക് ഉയരുന്നെങ്കിൽ അതിൽ നിന്ന് തന്നെ നമുക്ക് എവിടെയോ പിഴച്ചിട്ടുണ്ട് എന്ന് മനസ്സിലാക്കാം . ഇത് ജനങ്ങള്‍ക്ക് വലിയ പ്രശനങ്ങളൊന്നും സൃഷ്ടിക്കാത്തത്കൊണ്ട് ആരും കാര്യമായ പ്രതികരിക്കുന്നില്ല എന്നെയുള്ളൂ. അതിനർത്ഥം അതങ്ങനെ ആയതുകൊണ്ട് കുഴപ്പമില്ല എന്നല്ല.

അത് പോലെ തന്നെ വളരെ ഗുരുതരമായ പിശകുകളാണ് ചന്ദ്ര മാസ നിർണയത്തിലും സംഭവിച്ചിരിക്കുന്നത്. താങ്കൾ ഉന്നയിച്ചത് പോലെ, ഗോളശാസ്ത്ര കണക്കിലൂടെ തന്നെ മുൻകൂട്ടി മാസം നിർണയിക്കുന്നവരിൽ നിന്ന് പോലും ഹിജ്രി കമ്മിറ്റി എന്തുകൊണ്ടാണ് വ്യത്യസ്തമായത് എന്നത് വിശദീകരിക്കപ്പെടേണ്ടതാണ്. മുൻകൂട്ടി മാസം ഗണിക്കുക എന്നതിലുപരി കണക്കു കൊണ്ടായാലും കാഴ്ച കൊണ്ടായാലും മാസം നിർണയിക്കാൻ ഓരോരുത്തരും തിരഞ്ഞെടുത്തിരിക്കുന്ന മാനദണ്ഡത്തെ ആശ്രയിച്ചാണ് അതിൽ വ്യത്യസ്ത ഫലങ്ങൾ കിട്ടുന്നത്.

എന്നാൽ ഹിജ്രി കമ്മിറ്റി മുന്നോട്ടു വെക്കുന്ന മാസനിർണയത്തിന്റെ മാനദണ്ഡം, അത് കണക്കു കൊണ്ടായാലും കാഴ്ചകൊണ്ടായാലും ഫലത്തിൽ യാതൊരു വ്യത്യാസവും കാണാൻ കഴിയില്ല. എന്നുമാത്രമല്ല അത് ഖുർആനിന്റെയും നബിചര്യയുടെയും പ്രകൃതിദത്തമായ അദ്ധ്യാപനങ്ങൾക്ക് പൂർണമായും വിധേയമാണ്താനും. ഇത് വെറും അവകാശവാദമല്ല. വസ്തു നിഷ്ഠമായി പരിശോധിച്ചാൽ മനസ്സിലാക്കാവുന്നതേയുള്ളൂ.

. ഖുർആനിൽ ഇത് സംബന്ധമായ ഒരു പിടി അടിസ്ഥാന ആയത്തുകൾ നമുക്ക് കാണാം. ഇത് കാണാത്തവരൊന്നുമല്ല നമ്മുടെ പണ്ഡിതന്മാർ എന്നറിയായ്കയല്ല. കാലഗണനയുമായി ബന്ധപ്പെട്ട ഒരായത്ത് പോലും അവർ പരിഗണിക്കാതെ യാണ് മാസനിർണയത്തിന്റെ മാനദണ്ഡം വെറും കൺ കാഴ്ചയാണ് എന്ന് അവർ തീരുമാനിച്ചത്. മാത്രവുമല്ല അവർ അങ്ങനെ ഒരു തീരുമാനത്തിലെത്താൻ തിരഞ്ഞെടുത്തത് നബിയുടെ ഒരു ഹദീസ് മാത്രമാണ്. എന്നാൽ ആ ഹദീസിനു തെറ്റായ വ്യാഖ്യാനവും അതിലെ വാക്കുകൾക്കു തെറ്റായ അർത്ഥവും കല്പിച്ചു കൊണ്ടാണ് അല്ലഹുവിന്റെ ഈ മഹത്തായ സംവിധാനത്തെ വികലമാക്കി ലോകത്തിന് മുമ്പിൽ അവതരിപ്പിച്ചിട്ടുള്ളത് എന്ന് ഏവർക്കും മനസ്സിലാക്കാൻ ഹദീസൊന്നു കൂടി പഠന വിധേയമാക്കിയാൽ മതി.

“സൂമൂ ലിറൂഇയത്തിഹീ വ അഫ്‌തിറൂ ലിറൂഇയത്തിഹീ ഫ ഇൻ ഗുമ്മ അലൈകും അകിമിലുൽ ഇദ്ദത്ത സലാസീന “.

ഈ ഹദീസിനെ ഇവിടെ പരമ്പരാഗതമായി വ്യാഖ്യാനിക്കപെട്ട് പോന്നിട്ടുള്ളത്,

“കണ്ടാൽ നോമ്പ് പിടിക്കുക കണ്ടാൽ നോമ്പ് മുറിക്കുക മേഘം മൂലം മറയപ്പെട്ടാൽ മുപ്പത് പൂർത്തിയാക്കുക ..”എന്ന രീതിയിലായിരുന്നു. .

എന്നാൽ ഒറ്റ നോട്ടത്തിൽ തന്നെ ഈ ഹദീസ് പൂർണമല്ല എന്ന് അറബി അറിയുന്നവർക്ക് മനസ്സിലായിട്ടുണ്ടാകുമെങ്കിലും അതെങ്ങാനും ചോദ്യം ചെയ്താൽ നോട്ടപ്പുള്ളിയാകുമോ എന്ന ഭയം കൊണ്ടാകും ആരും ഇത്രയും കാലം മിണ്ടാതിരുന്നത് എന്ന് കരുതാം.

ഏതായിരുന്നാലും ഹിജിരി കമ്മിറ്റി ഓഫ് ഇന്ത്യ ഈ ഹദീസിനെ ഒരു വിശദമായ പഠനത്തിന് വിധേയമാക്കിയതിനെ തുടർന്ന് മനസ്സിലായ കാര്യങ്ങളിൽ ഒന്നാമത്തേത് ഹദീസ് തുടങ്ങുന്നത് തന്നെ ഖുർആൻ 2:189 ൻറെ വിശദീകരണമായിട്ടാണ്, അഥവാ ജഅലല്ലാഹുൽ അഹില്ലത്ത മാവാഖീത് ലിന്നാസ് = അല്ലാഹു ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങളെ ജനങ്ങൾക്ക് തീയതികളായി സംവിധാനിച്ചു….,(സൂമൂലി റുഇയത്തിഹീ………. ) അതിൻറെ കാഴ്ച അനുസരിച്ച നിങ്ങൾ നോമ്പെടുക്കുകയും അതിൻ്റെ കാഴ്ച അനുസരിച് നിങ്ങൾ നോമ്പ് വിടുകയും ചെയ്യുക. അത് മറയപ്പെടുമ്പോൾ നിങ്ങൾ എണ്ണം പൂർത്തിയാക്കുക. എന്നാണ് ,

ഈ യൊരു ഹദീസിനെ അതിന്റെ നേർക്കു നേരെയുള്ള അർത്ഥത്തിലൂടെ മനസ്സിലാക്കി അഹില്ലത്തിനെ അഥവാ ചന്ദ്രന്റെ വൃദ്ധക്ഷ്യങ്ങളെ കാണാൻ ശ്രമിക്കുമ്പോഴാണ് അതിന്റെ യഥാർത്ഥ ആശയം നമുക്ക് പിടികിട്ടുകയുള്ളു. ഗുമ്മ എന്ന പദത്തിന് മേഘം എന്ന അർഥം ഇല്ലെന്ന് മാത്രമല്ല സന്ദർഭവുമായി ഏറ്റവും യോജിക്കുന്ന പദം തന്നെയാണ് നബി (സ) അവിടെ പ്രയോഗിച്ചിട്ടുള്ളത് എന്ന് ആ പദത്തിന്റെ അർത്ഥം പഠന വിധേയമാക്കിയാൽ മനസ്സിലാകും. ഗുമ്മ എന്ന പദത്തിന് നിഘണ്ടുക്കളിൽ കാണപ്പെടുന്നത് കറുത്തവാവ്, മാസാന്ത്യ രാവ്, പ്രകാശത്തിന്റെ ആധിക്യം കൊണ്ട് മറയുക, പ്രയാസം, വിഷമം തുടങ്ങിയ അർത്ഥങ്ങൾ കാണാം.

എന്നാൽ ഖുർആൻ പറഞ്ഞത് പോലെ നാം ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങളെ നിരീക്ഷിക്കുമ്പോൾ ചന്ദ്രൻ ഒരു ദിവസം മറയുമെന്നും അങ്ങനെ സംഭവിക്കാൻ കാരണം ചന്ദ്രനും സൂര്യനും ഒരേ രാശിയിൽ (മനസിൽ) സ്ഥിതി ചെയ്‌യുന്നത് കൊണ്ട് സൂര്യപ്രകാശത്തിന്റെ ആധിക്യത്താൽ സൂര്യന് സമീപത്തുള്ള ചന്ദ്രനെ നമുക്ക് കാണാൻ സാധിക്കാത്തവിധം ചന്ദ്രൻ സൂര്യന്റെ പ്രകാശവാലയത്തിൽ മുങ്ങിപ്പോകുകയാണ് എന്നും മനസ്സിലാവും. ഈയൊരു പ്രതിഭാസത്തെ വിശദീകക്കുന്ന കൃത്യമായ പദമാണ് ഗുമ്മ എന്നത് നാം മനസ്സിലാക്കുമ്പോൾ തീർച്ചയായും ഇത് ചരിത്രത്തിൽ നടന്നിട്ടുള്ള ആരുടെ യൊക്കെയോ ഗൂഢാലോചനയുടെ ഫലമായി മുസ്ലിം ലോകത്തെ ത്തന്നെ ഈ സത്യത്തിൽ നിന്നും കൺകെട്ടിയിരിക്കുകയായിരുന്നു എന്ന് കൂടി നാമറിയുന്നു. ഗുമ്മവുമ്പോൾ മാസം പൂർത്തിയാക്കണമെന്നാണ് നബി കല്പിച്ചിരിക്കുന്നത് എങ്കിൽ അതിന്റെ നേർക്കു നേരെയുള്ള അർത്ഥം അമാവാസിയാകുമ്പോൾ മാസം പൂർത്തിയാക്കുക എന്ന് തന്നെയാണ് എന്നത് അർത്ഥശങ്കക്കിടയില്ലാത്തവിധം വ്യക്തമാവുന്നു.

അബ്ദുൽ റഹിം
ഹിജ്‌രി കമ്മിറ്റി ഓഫ് ഇന്ത്യ

© 2024 Universal Hijri Calendar | WordPress Theme: Annina Free by CrestaProject.