ബഹുമാന്യനായ ഇസ്ലാഹി പണ്ഡിതൻറെ ആരോപണങ്ങൾക്കുള്ള മറുപടി

ബഹുമാന്യനായ ഇസ്ലാഹി പണ്ഡിതൻറെ ആരോപണങ്ങൾക്കുള്ള മറുപടി 

അസ്സലാമു അലൈക്കും,
ബഹുമാന്യനായ മുസ്ലിം പണ്ഡിതൻറെ   ഒരു വോയിസ്‌ ക്ലിപ്പ് അതിനെ ന്യായീകരിച്ചുകൊണ്ടുള്ള വിശദീകരണവും കേൾക്കുവാനിടയായി. അത് മുസ്ലിം സമൂഹത്തിൽ ഇസ്ലാമിക കലണ്ടറിനെ കുറിച്ച് വളരെ തെറ്റിധാരണകൾ പരത്തുവാൻ സാധ്യതയുള്ളത്കൊണ്ട് അതിനു ഒരു മറുപടി കൊടുക്കേണ്ടത് ഒരു സത്യാന്വേഷി എന്നനിലയിൽ എന്റെ കടമയാണെന്ന്ഞാൻ കരുതുന്നു. ആയതിനാൽ ഞാൻ അതിന് ഒരു  വിശദീകരണത്തിന് മുതിരുകയാണിവിടെ. 

അബ്ദുൽ റഹിം, ജ്ഞാന ഭവനം 
ഹിജ്‌രി  കമ്മിറ്റി     

പ്രഭാഷണത്തിൽനിന്നു:1.
നമ്മുടെ ബഹുമാന്യ മുജാഹിദ് പണ്ഡിതന്റെ സ്പീച്ച് ശബ്ദം നമ്മൾ കുറച്ച് മുമ്പു് ശ്രവിക്കകയുണ്ടായി, ലോകത്തൊട്ടാകെയുള്ള ഹിജ്റ ചന്ദ്ര മാസകലണ്ടർ ഏകീകരിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമത്തിന്റെ ഭാഗമായുള്ള അദ്ദേഹത്തിന്റെ ശബ്ദം വളരെ അധികം ആദരവും ബഹുമാനവും അർഹിക്കന്നതാണ് എന്ന കാര്യത്തിൽ ഒരു സംശയവുമില്ല. നമ്മളെല്ലാവരും അത്തരത്തിലുള്ള നിയ്യത്തിനെ പിൻതുണക്കേണ്ടിയിരിക്കുന്നു. അതേ സമയം ഹിജ്റ കമ്മറ്റിയുടെ തീ൮വാദപരമായ നിലപാട് നോമ്പും പെരുന്നാളും ഭിന്നിപ്പിക്കാനുള്ള അവരുടെ നീക്കം ഇതൊക്കെ അപലപനീയമാണ് എന്ന് അദ്ദേഹം പറയുകയുണ്ടായി. അതും നമ്മൾ മനസ്സിലാക്കേണ്ട ഒരു പ്രധാനപെട്ട കാര്യമായി എനിക്ക് തോന്നുകയാണ്. >>

മറുപടി:
മണിക്ക്ഫാനും ഹിജ്‌രി  കമ്മിറ്റിയുമൊഴിച്ച് ലോകത്ത് ആര് പറഞ്ഞാലും അവർ പിന്തുണക്കും,പക്ഷെ ഇതിനു വേണ്ടി ജീവിതമുഴിഞ്ഞു വച്ചവർക്ക് പരിഹാസവും അവഗണയും മാത്രം ബാക്കി. പോരാത്തതിന് തീവ്രവാദി എന്ന് വിളിക്കുന്നതിന്‌ പകരം തീവ്രവാദപരം എന്നഒരുകൊട്ടും.   ഇതാണ് ഇസ്ലാഹി പ്രസ്ഥാനത്തിന്റെയും ഇതര സംഘടനകളുടെയും നിലപാട്. 
 അവരവരുടെ സംഘടനകൾക്ക് പറ്റാത്തും അവർ ചെയ്യാത്തതുമായ കാര്യങ്ങൾ മറ്റാരെങ്കലും ചെയ്താൽ പിന്നെ അവർക്കിട്ട് പണി കൊടുക്കാനുളള അടുത്ത ആയുധമാണ് അവരെ കുറിച്ച് നുണകൾ പടച്ച് വിടുക എന്നത്, ഇത് തനി മൂന്നാംകിട രാഷ്ട്രീയക്കാരുടെ പരിപാടിയാണ്. രാജ്യത്തെ വിറ്റു കാശാക്കുന്ന രാഷ്ട്രീയ നേതാക്കന്മാരെ പോലെ  ദീൻ  വിറ്റു കാശാക്കുന്നവരാണ് അതിന്റെ ചുക്കാൻ പിടിച്ചിരിക്കുന്നത് , അപ്പോൾ ഇവിടെ എല്ലാം ഹലാൽ.

പ്രഭാഷണത്തിൽനിന്നു :2 .
അദ്ദേഹം പറഞ്ഞ മറ്റൊരു കാര്യം മാസഗണനക്ക് പല തരത്തിലുള്ള വീക്ഷണങ്ങൾ. ഉണ്ട് അതെല്ലാം തന്നെ ഇജിതിഹാദിയായ വീക്ഷണങ്ങളാണ് ഭൂരിപക്ഷവും, സമസ്തയുടെ ആശയം നമുക്കറിയാം, ഖാദിയാനി വീക്ഷണം അദ്ദേഹം പറഞ്ഞു. അത് പോലെ തന്നെ മക്കി വീക്ഷണം, ഏറ്റവും  പ്രധാനപ്പെട്ട രണ്ട് വീക്ഷണങ്ങളി ലൊന്നാണ് ഇസ്ലാഹി പ്രസ്താനത്തിന്റെ വീക്ഷണവും രണ്ട് ഹിജിരി കമ്മിറ്റിയുടെ വീക്ഷണവും

മറുപടി:
ഇദ്ദേഹത്തിന് തന്നെ അറിയാവുന്ന  ഇത്രയും വീക്ഷണങ്ങൾ, ഇനി ഇദ്ദേഹത്തിന് അറിയാത്ത എത്രയോ വീക്ഷണങ്ങൾ, അതറിയണമെങ്കിൽ ഇന്റർനെറ്റിൽ പോയാൽ മതി. മലേഷ്യയിൽ നിന്ന് ഖാലിദ് ഷൗക്കത്ത് എന്നൊരാൾ, അദ്ദേഹത്തിന്റെ ജോലി ലോകത്ത്  ഈ വിഷയത്തിൽ എത്ര വീക്ഷണം ഉണ്ട് എന്ന് കണ്ടുപിടിക്കലാണ്. അങ്ങനെ വരുത്തി തീർത്താൽ മാത്രമാണല്ലോ ചന്ദ്രൻ പിളർന്നിട്ടും സമയം അവസാനിക്കാറായി എന്ന്  ഖുർആൻ പറഞ്ഞ വിവരം ജനങ്ങൾക്ക് മനസ്സിലാവാതിരിക്കയുള്ളു.   

ഒരു ചന്ദ്രനും അതിനെ വീക്ഷിക്കാൻ അനേകം  വീക്ഷണങ്ങളും. ഏതായാലും ഈവീക്ഷണങ്ങളൊന്നും ചന്ദ്രമാസനിർണയത്തിന്റെ അഞ്ചയലത്തു പോലും എത്തുകയില്ല എന്നതാണ് സത്യം.   ഏതായാലും അദ്ദേഹം ഇത്രയും വീക്ഷണങ്ങളെ കുറിച്ച് പറഞ്ഞത് ഇസ്ലാഹി പ്രസ്താനത്തിന്റെ വീക്ഷണം വളരെ പ്രധാനപ്പെട്ടതാണ് എന്ന് പറയാനാണ്, പക്ഷെ ഈ വിഷയത്തിൽ എന്താണ് ഇസ്ലാഹി പ്രസ്താനത്തിന്റെ വീക്ഷണമെന്ന് ചോദിച്ചാൽ ഒരക്ഷരം പറയില്ല.

പ്രഭാഷണത്തിൽനിന്നു:3 
ഒടുവിൽ പറഞ്ഞ രണ്ട് വീക്ഷണങ്ങളെ സംബന്ധിച്ചുമാണ് നമ്മുടെ പ്രധാന ചർച്ച. ഹിജ്രി കമ്മിറ്റി നമുക്കറിയാം, ന്യൂമൂൺ ബേസ് ചെയ്തു കൊണ്ടുള്ള മാസ ഗണനയെയാണ്  ഹിജ്രി കമ്മിറ്റി പ്രമോട്ട് ചെയ്യുന്നത്, എന്താണ് ന്യൂമൂൺ എന്ന് നമുക്കറിയാം, സൂര്യനും ചന്ദ്രനും ഭൂമിയും ഒരേ നേർരേഖയിൽ വരുന്നതിനെയാണ് ന്യൂമൂൺ എന്ന് പറയാറുള്ളത്. ആ സമയത്ത് ഒരിക്കലും ചന്ദ്രോദയം  ഉണ്ടാവുകയില്ല’, ദർശനം സാധ്യമല്ല, അപ്പോൾ പ്രവാചകൻ  (സ) കാണുക, അല്ലെങ്കിൽ ദർശിക്കുക എന്ന് പറഞ്ഞ കാര്യം ന്യൂ മൂണിനെയല്ല എന്ന കാര്യം വ്യക്തമാണ്, കാരണം ന്യൂ മൂൺ സമയത്ത് ഒരിക്കലും ചന്ദ്രനെ കാണുക സാധ്യമല്ല’.

മറുപടി:
പറയുന്നത് കേട്ടാൽ തോന്നുക ന്യൂമൂൺ ദിവസം ചന്ദ്രകല കാണും എന്ന് ഹിജ്‌രി  കമ്മിറ്റി പറഞ്ഞു എന്നാണ്. ന്യൂമൂൺ ദിവസം ചന്ദ്രകല ഒരു കാരണവശാലും കാണില്ല എന്നു് തന്നെയാണ് ഹിജ്റ കമ്മിറ്റിയും മണിക്ഫാനും ശാസ്ത്രവും ഒക്കെതന്നെ പറയുന്നത്, അത് തന്നെയാണ് മാസമാറ്റത്തിന്റെ ആടയാളവും. എല്ലാ ദിവസവും കണ്ടുകൊണ്ടിരുന്ന ഒരു വസ്തുവിനെ ഒരു ദിവസം കാണുന്നില്ല.  നിശ്ചിത കാലയളവിനുള്ളിൽ ഇത് തന്നെ  ആവർത്തിക്കുന്നു. മാത്രമല്ല അതിൻറെ പ്രയാണത്തിന്റെ രീതി തന്നെ നിരീക്ഷിച്ചാൽ ഒരുദിവസം അത് മറയുമെന്നു മുൻകൂട്ടി തന്നെ മനസ്സിലാകും. അതാണ് നബി പറഞ്ഞത്, അത് മറയുമ്പോൾ നിങ്ങൾ മാസത്തെ പൂർത്തിയാക്കുക എന്ന്.   എന്നാൽ  ആസമയം ചന്ദ്രോദയം ഉണ്ടാകുയില്ല എന്ന് പണ്ഡിതൻ പറഞ്ഞത് അദ്ദേഹത്തിന് ഈ വിഷയത്തിൽ അറിവില്ലാത്തത് കൊണ്ടാണ്. എന്തായാലും അറബിക്കോളേജിലും ദർസിലും മദ്രസ്സയിലുമൊന്നും  ചന്ദ്ര നിരീക്ഷണം എങ്ങനെ വേണം എന്ന് പഠിപ്പിക്കുന്നില്ലല്ലോ. എല്ലാ ഗ്രഹങ്ങളെയും പോലെ ചന്ദ്രനും  ദിവസവും ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്നു. ന്യൂ മൂണ്‍ ദിവസം  ചന്ദ്രനെ കാണില്ല എന്ന് മാത്രം. അത് മാസമാറ്റത്തിന്റെ അടയാളമാണ്. നബി(സ) പറഞ്ഞതും അത് തന്നെയാണ്. …..നിങ്ങളുടെ മേൽ അത് മറയപ്പെട്ടാൽ പൂർത്തിയാക്കുക.  എന്നാൽ ന്യൂമൂൺ ദിവസം ചന്ദ്രനെ കണ്ടു എന്ന് കളവു പറഞ്ഞ് നോമ്പും പെരുന്നാളും ഒക്കെ ഉറപ്പിക്കുന്നത് ആരാണ് എന്ന് ലോക ജനത കണ്ട് കൊണ്ടിരിക്കുന്നു.  

പ്രഭാഷണത്തിൽനിന്നു :4  .
അപ്പോൾ എന്താണ് പ്രവാചകൻ പറഞ്ഞ റുവിയത്ത്, കാഴ്ച., സൂര്യാസ്തമയത്തിന് ശേഷം ആകാശത്ത് അസ്തമിക്കാതെ അവശേഷിക്കുന്ന ചന്ദ്രനെയാണ് ഹിലാൽ അഥവാ ബാലചന്ദ്രനെയാണ് ഭാഷ പരമായും പ്രാമാണികമായും ഹിലാൽ എന്ന് പറയുന്നത്, അപ്പോൾ ന്യൂമൂൺ വേറെയാണ് ഹിലാൽ വേറെയാണ് എന്ന കാര്യം വളരെ വ്യക്തമാണ്. സ്വാഭാവികമായും ഈ ഒരു വ്യത്യാസം നമ്മുടെ പ്രവർത്തകൻമാർക്ക് അറിയാതെ പോകുന്നു എന്ന് എനിക്ക് തോന്നുകയാണ്.

മറുപടി:
സൂര്യാസ്തമനത്തിന് ശേഷം ആകാശത്ത് അസ്തമിക്കാതെ അവശേഷിക്കുന്ന ചന്ദ്രനെ മാത്രമാണ് ഹിലാൽ എന്ന് പ്രവാചകൻ പറഞ്ഞത് എന്ന് തെളിയിക്കുവാൻ എന്ത് പ്രമാണമാണ് നിങ്ങൾക്ക് അവതരിപ്പിക്കാനുള്ളത്, ഖുർആനിൽ നിന്നോ ചരിത്രത്തിൽ നിന്നോ ഭാഷാപരമായിട്ടോ അസന്നിഗ്ദമായി പ്രഖ്യപിക്കുന്ന ഒരു പ്രമാണമെങ്കിലും ഹാജറാക്കാമോ? ഭാഷാപരമായി ഒരു മാസത്തിലെ ആദ്യത്തെ 7 കലകളെയും അവസാനത്തെ 7 കലകളെയും ഹിലാൽ എന്ന് വിളിക്കപ്പെടുന്നു എന്നത് ഭാഷാ ഗ്രന്ഥങ്ങളിൽ കാണാം, എന്നാൽ ഹിജ്‌രി  കമ്മിറ്റി പ്രസിദ്ധീകരിക്കുന്ന കലണ്ടറിൽ മാസത്തിന്റെ അവസാന ദിവസം ന്യൂമൂൺ അടയാളപ്പെടുത്തിയിട്ടുണ്ട്, അതാത് ദിവസത്തെ ചന്ദ്ര കലകളും കൊടുത്തിട്ടുണ്ട്. മാസത്തിലെ ഒന്നാം തിയതിൽ ആദ്യത്തെ ഹിലാലിന്റെ ചിത്രം കൊടുത്തിട്ടുണ്ട്. ഹിജ്‌രി  കമ്മിറ്റി ഒരിക്കലും ന്യൂമൂണും ഹിലാലും ഒന്നുതന്നെയാണ് എന്ന് പറഞ്ഞിട്ടില്ലല്ലോ, പിന്നെ എന്ത് കൊണ്ടാണ് വീണ്ടും വീണ്ടും ന്യൂ മൂണും ഹിലാലും വേറെയാണ് എന്ന് പ്രവർത്തകരെ ഉണർത്തുന്നത് എന്ന് മനസ്സിലാവുന്നില്ല.

പ്രഭാഷണത്തിൽനിന്നു :5 
<<ഇവിടെ സാഹിബ് സൂചിപ്പിച്ചത്  പോലെ എനിക്ക് തോന്നിയ ഒരു കാര്യം രണ്ട് തരത്തിലുള്ള ന്യൂ മൂൺ പറയാറുണ്ട്. ഒന്ന് ആസ്ട്രോണമിക്കൽ, ന്യൂ മൂണും രണ്ട് ക്രസന്റ് ന്യൂ മൂണും. ആസ്ട്രോണമിക്കൽ ന്യൂ മൂണാണ് നാം പറയാറുള്ള അമാവാസി, ക്രസന്റ് ന്യൂ മൂണാണ് നമ്മുടെ ബലചന്ദ്രനുമായി ബന്ധപ്പെട്ടത്. രണ്ടാമത് പറഞ്ഞ കാര്യമാണെങ്കിൽ നമ്മുടെ കാര്യം ഓകെയാണ്, നമ്മുടെ ആർക്കും, പ്രസ്ഥാനത്തിലോ മറ്റോ അഭിപ്രായ വ്യത്യാസമില്ലാത്ത കാര്യമാണ്, റുവിയത്ത് എന്ന് പറയുന്നത് ഈ ഹിലാലിനെയാണ് അഥവാ ക്റസന്റ് ന്യൂ മൂണിനെയാണ്. അപ്പോൾ ന്യൂമൂൺ എന്നത് തെറ്റിദ്ധാരണാജനകമായ ഒരു വാക്കായത് കൊണ്ട് അതിന്റെ വ്യത്യാസം മനസ്സിലാക്കാൻ എല്ലാവരും ശ്രമിക്കണമെന്ന എനിക്ക് വിനയമായ അഭ്യർത്ഥനയുണ്ട് >>

മറുപടി:
ഞാൻ നേരത്തേ പറഞ്ഞില്ലേ. പ്രസ്ഥാനത്തിന് പറ്റാത്തതും അവർ പറയാത്തതും പിന്നെ ആരും പറയാൻ പാടില്ല. ഇല്ലാത്ത പാമ്പിനെ ഉണ്ടാക്കിയിട്ട് തല്ലി കൊല്ലുന്ന പോലെയാണിത്. നമ്മുക്ക് തോന്നുന്നതല്ല സത്യം. അത് മനസ്സിലാവണമെങ്കിൽ അതെ കുറിച്ച് പഠിക്കണം. ന്യൂ മൂൺ എന്ന പ്രതിഭാസം മൂന്ന് ദിവസങ്ങളിലായിട്ടാണ് അനുഭവപ്പെടുക. ഒരു മാസത്തിന്റെ അവസാനത്തെ കാണാവുന്ന ചന്ദ്രകലയാണ് ഉർജൂൻൽഖദീം, ഈ ദിവസത്തിന്റെ അവസാന ഭാഗം മുതൽ പുതുമാസത്തിലെ ആദ്യദിവസത്തിന്റെ ആദ്യഭാഗം വരെ ചന്ദ്രനെ ഭൂമിയിൽ നിന്ന് നോക്കുന്നവർക്ക് കാണുകയില്ല.  ചന്ദ്രൻ ഭൂമിയിൽ നിന്ന് അപ്രത്യക്ഷമാവുന്നു. ഇതിൽ മദ്ധ്യത്തിലെ ദിവസത്തിൽ പൂർണമായും ഭൂമിയിൽ നിന്ന് ചന്ദ്രനെ കാണുകയില്ല. അതു് കൊണ്ടാണ് അക്ഷരാർത്ഥത്തിൽ ഈ ദിവസത്തെ ന്യൂമൂൺ ഡേ അല്ലെങ്കിൽ അമാവാസി എന്നൊക്കെ പറയുന്നതു്. ഇവിടെ പറയപ്പെട്ട പോലെ ആസ്ട്രോനോമിക്കല്‍ ന്യൂ മൂണ്‍ എന്നോ ക്രസന്‍റ് ന്യൂ മൂണ്‍ എന്നോ രണ്ടും മൂന്നും തരത്തിലുള്ള പേരുകള്‍ എവിടേയും രേഖപ്പെടുത്തിയിട്ടില്ല. ഇതെല്ലാം വസ്തുതകള്‍ വളച്ചൊടിക്കാന്‍ വേണ്ടിയുള്ള കണ്ടുപിടുത്തങ്ങളാണ്. അതും വെറും വിവരക്കേടുകളാണ് എന്നു അതിനെ കുറിച്ചു അറിയുന്നവര്‍ക്കു മനസ്സിലാകും . അസ്ട്രോണമിക്കലായി ചന്ദ്രക്കളകളെ രണ്ടായി തരംതിരിച്ചിരിക്കുന്നു. ഒന്നാമത്തേത് പ്രൈമറി ഫേസെസ് എന്നും രണ്ടാമത്തേതിനെ സെകണ്ടറി ഫേസസ് എന്നും പറയപ്പെടുന്നു. ഒന്നാമത്തേതില്‍ ന്യൂ മൂണ്‍, ഫസ്റ്റ് ക്വാര്‍ട്ടര്‍, ഫുള്‍ മൂണ്‍, ലാസ്റ്റ് ക്വാര്‍ട്ടര്‍ എന്നീ കലകളും   രണ്ടാമത്തേതില്‍ വാക്സിങ് ക്രസന്‍റ്, വാക്സിങ് ഗിബ്ബസ്, വാനിങ് ഗിബ്ബസ്, വാനിങ് ക്രസന്‍റ് എന്നീ കലകളുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.അത് കൊണ്ട്തന്നെ ന്യൂ മൂണ്‍ എന്നവാക്കിന് ഒരു തെറ്റിദ്ധാരണയും ഇല്ല എന്നറിഞ്ഞിരിക്കുക. തെറ്റിദ്ധാരണയുണ്ടാക്കുന്നത് സത്യത്തെ ജനങ്ങളില്‍ നിന്നും മറച്ചുപിടിക്കുന്നവരാണ്.

പ്രഭാഷണത്തിൽനിന്നു :6 
<<ഇനി ന്യൂമൂൺ ബേസ് ചെയ്തു കൊണ്ടുള്ള  ഒരു കലണ്ടറിനെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ജനവിഭാഗങ്ങളെ ഒന്നിപ്പിക്കാൻ സാധിക്കുമോ എന്നതാണ് ഒരു ചർച്ച. ഇല്ല എന്നു് മാത്രമല്ല അത് ഭിന്നിപ്പിക്കാൻ മാത്രമേ സാധ്യമാവുകയുള്ളൂ എന്നാൺ എന്റെ അഭിപ്രായം. അതിന്  ശാസ്ത്രത്തിന്റെയും പ്രമാണത്തിന്റെയും പിൻതുണ അതിനുണ്ടോ എന്ന പരിശോധിക്കാം. ഒടുവിലുണ്ടായ മുഹർറം (1437) നോക്കുക! ഒക്ടോബർ 12ന് തിങ്കൾ 12.06 നാണു് IDL ഒരു ഭാഗത്ത് ബേക്കർ ഐലൻഡിൽ ന്യൂമൂൺ സംഭവിച്ചത്. അതേസമയം തന്നെ ഒക്ടോബർ 13 ചൊവ്വാഴ്ച്ച 12.06നും ഫുനാഫുട്ടിയിലും ന്യൂമൂൺ സംഭവിച്ചു. അഥവാ ഈ തവണ ന്യൂമൂൺ സംഭവിച്ച നിയറസ്റ്റ്10 പ്രദേശങ്ങളിൽ ഒന്നാണ് ബേക്കർ ഐലണ്ട്. അത് ഒക്ടോബർ 12 ന് തിങ്കളാഴ്ചയാണ്, മറ്റൊന്നാണ് ഫുനാഫുട്ടി, അത് 13 ന് ചൊവ്വാഴ്ചയാണ്, ഈ വ്യത്യാസം ശരിക്ക് മനസ്സിലാക്കാൻ സാധിക്കയാണെങ്കിൽ എന്തു കൊണ്ട് രണ്ട് ദിവസങ്ങളിയായി ന്യൂ മൂൺ അടയാളപ്പെടുത്തപ്പെട്ടു എന്ന് തിരിച്ചറിയേണ്ടതുണ്ട്.>>

മറുപടി:
മേല്‍ പറഞ്ഞത്പോലെ ഇതും ഹിജ്റ കലണ്ടര്‍ അപ്രായോഗികമാണ് എന്നു വരുത്തിതീര്‍ക്കാന്‍  വേണ്ടി  കുത്തിയിരുന്നു കണ്ടുപിടിക്കപ്പെടുന്ന ഓരോ നീര്‍കുമിളകളാണ്. ഹിജ്റ കമ്മറ്റീ പ്രസിദ്ധീകരിക്കുന്ന കലണ്ടറില്‍ ന്യൂ മൂണ്‍ ഉണ്ടാവുന്ന സമയം UTC(പ്രാപഞ്ചിക ദിവസം, പ്രാപഞ്ചിക സമയം) യില്‍  രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് വേണമെങ്കില്‍ കമ്മറ്റിക്ക് രേഖപ്പെടുത്താതെയും ചെയ്യാം.  

പ്രാദേശികമായി ഭൂമിയില്‍ എപ്പോഴും രണ്ട് ദിവസങ്ങള്‍ ഉണ്ടാകും. എന്നു കരുതി  ഭൂമിയില്‍ നടക്കുന്ന കാര്യങ്ങള്‍ എല്ലാംതന്നെ രണ്ടു ദിവസത്തില്‍ രേഖപ്പെടുത്തുക എന്നത് അശാസ്ത്രീയവും വിവരക്കേടുമാണ്. കൊച്ചിയില്‍ ഒരു കുഞ്ഞ് ജനിച്ചാല്‍ കൊച്ചിയിലെ ദിവസവും സമയവുമാണ് രേഖപ്പെടുത്തുക. അമേരിക്കയിലുള്ള കുട്ടിയുടെ പിതാവിനെ വിളിച്ചുപറയുമ്പോള്‍ അദ്ദേഹം അവിടത്തെ സമയവും ദിവസവും രേഖപ്പെടുത്തിയാല്‍ എങ്ങിനെയിരിക്കും എന്നു ചിന്തിക്കുന്നവര്‍ക്ക് മനസ്സിലാകും. എന്നാല്‍ ന്യൂ മൂണ്‍ (conjunction ) കാര്യം കുറച്ചുകൂടി കൃത്യ മാവേണ്ടതുണ്ട്. കാരണം അത് ഒരു പ്രാപഞ്ചിക പ്രതിഭാസമാണ് എന്നത് കൊണ്ട്തന്നെ പ്രാപഞ്ചിക സമയത്തില്‍(UTC) മാത്രമേ അത് രേഖപ്പെടുത്താന്‍ സാധിക്കയുള്ളൂ.

ഭൂമിയുടെ മദ്ധ്യ ഭൂകണ്ഡത്തെ ആധാരാമാക്കി അതിന്‍റെ കിഴക്കേ അറ്റത്ത് നിന്നും ആരംഭിച്ച് പടിഞ്ഞാറേ അറ്റത്ത് അവസാനിക്കുന്ന 24 മണിക്കൂറാണ് യൂണിവേര്‍സല്‍ ഡേ ആയി കണക്കാകക്കിയിട്ടുള്ളത്.  ഭൂമി ഉരുണ്ടതായത് കൊണ്ടുതന്നെ അതിന്‍റെ കിഴക്കും പടിഞ്ഞാറും ഒരു സ്ഥലത്തു സംഗമിക്കുന്നു. കോഴിക്കോടും തിരുവന്തപുരവും തമ്മിൽ 5 മിനിറ്റിന്റെ ഉദയാസ്തമന വ്യത്യാസമാണെങ്കിൽ അത് ഇവിടെ എത്തിയപ്പോൾ 24 മണിക്കൂറായി എന്ന്മാത്രം. അഥവാ ഒരു ദിവസത്തിൻറെ വ്യത്യാസം.  ഈസ്ഥലമാണ് പിന്നീട് IDL എന്നു വിളിക്കപ്പെട്ടത്. IDL ന് വളവുകൾ വന്നിരിക്കുന്നത് അവിടത്തെ പ്രാദേശിക ദിവസം കൂടി പരിഗണിച്ചിരിക്കുന്നത് കൊണ്ടാണ്. എന്നാൽ UTC എന്നത്  ലണ്ടൻ 0 ഡിഗ്രീ മുതൽ 180 ഡിഗ്രീ കിഴക്കോട്ടും 180 ഡിഗ്രീ പടിഞ്ഞാറോട്ടുമാണ്. ഇത് IDL ൽ അവസാനിക്കുന്നു. 

അനേകം നിരീക്ഷണങ്ങൾക്കും  ഗവേഷണങ്ങള്‍ക്കും ശേഷമാണ് ഇങ്ങിനെയുള്ള കാര്യങ്ങള്‍ ഭൂമിയില്‍ നിജപ്പെടുത്തിയിരിക്കുന്നത്.  സീറോ ഡിഗ്രിയിൽ അർദ്ധ രാത്രിയാവുമ്പോൾ IDL/ 180 ഡിഗ്രീയിൽ നാട്ടുച്ചയാകുന്നു. അത് പോലെ മക്കയിലെ സമയം രാത്രിയുടെ അന്ത്യയാമമായ  3 മണിയിലേക്ക് കടക്കുന്നു. ഇങ്ങിനെയൊന്നും നിജപ്പെടുത്തിയില്ലെങ്കിലും കാര്യങ്ങൾ മുറപ്രകാരം തന്നെ നടക്കും. മനുഷ്യന്റെ സൗകര്യങ്ങൾക്ക് വേണ്ടി മനുഷ്യനെ കൊണ്ട് തന്നെയാണ് അല്ലാഹു ഇതെല്ലാം ചെയ്യിക്കുന്നത്.   

ഇതൊന്നും പഠിക്കാതെയും മനസ്സിലാക്കാതെയും തര്‍ക്കിക്കാന്‍ ഇറങ്ങിത്തിരിചിക്കുന്നവര്‍ അവരുടെ വിവരക്കേട് പരസ്യപ്പെടുത്തുന്നു എന്നതില്‍ കവിഞ്ഞു മറ്റൊന്നും സംഭവിക്കുന്നില്ല. ഭൂമിയില്‍ നടക്കുന്ന ഏത് കാര്യം വിശദീകരിക്കുമ്പോഴും അവിടത്തെ ഭൂമിശാസ്ത്രവും കൂടി മനസ്സിലാക്കേണ്ടതുണ്ട്. ദുബൈ ബൂര്‍ജ് ഖലീഫയിലെ ഏറ്റവും മുകളിലത്തെ നിലയിലുള്ളവര്‍ക്കും താഴെത്തെ നിലയിലുള്ളവര്‍ക്കും ചന്ദ്രന്റേയും സൂര്യന്‍റെയും ഉദയാസ്തമനസമയം  തന്നെ  വ്യത്യാസമുണ്ട്. മാസം കണക്കക്കേണ്ടത് കാഴ്ചയുടെ അടിസ്ഥാനത്തിലാണ് എന്നത് സത്യസന്ധമാണെങ്കില്‍  ചിലപ്പോള്‍ ഈ ടവറില്‍ താമസിക്കുന്നവർക്ക്  പോലും രണ്ട് ദിവസത്തില്‍ പെരുന്നാൾ ആഘോഷിക്കേണ്ടിവരും. 
 
ഇനി നമുക്ക്  IDL ല്‍  സ്ഥിതിചെയ്യുന്ന ബെകര്‍ ഐലണ്ടിലേക്കും  ഫുനാഫുട്ടിയിലേക്കും വരാം. ഈ രണ്ട് ദ്വീപുകളും സ്ഥിതി ചെയുന്നത് ഒരേ അക്ഷാംശത്തിലാണെങ്കിലും പ്രാദേശികമായി രണ്ടു വ്യത്യസ്ഥ ദിവസങ്ങളാണിവിടെ. പ്രപഞ്ചത്തില്‍ നടക്കുന്ന സംഭവങ്ങള്‍ ഈ ദീപുകളുടെ പ്രാദേശിക സമയത്തിലേക്ക് മാറ്റിയാല്‍ രണ്ടു വ്യത്യസ്ഥ ദിവസങ്ങളിലാവും  രേഖപ്പെടുത്തേണ്ടിവരിക. ഇത് പ്രയോഗികമല്ല എന്നത് ചിന്തിക്കുന്നവര്‍ക്ക് മനസ്സിലാവും. ഭൂമിയില്‍ നിന്നു 150 മില്യണ്‍ കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന സൂര്യനെ  4 ലക്ഷം കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ചന്ദ്രന്‍ മറികടക്കുന്ന സമയം ഈ കൊച്ചു ദ്വീപുകളിലെ പ്രാദേശിക സമയത്തില്‍ എടുത്തു കാണിച്ചതുകൊണ്ട് സ്ംഭവിക്കുന്നത് പ്രാപഞ്ചിക സത്യങ്ങളെ മുസ്ലിങ്ങളില്‍ നിന്നും മറച്ചുപിടിക്കുവാനും പ്രപഞ്ചത്തെ കുറിച്ചുള്ള അവരുടെ ചിന്തകള്‍ക്ക് കടിഞ്ഞാണിടാനും   സാധിക്കുന്നു എന്നത് മാത്രമാണ്. ശാസ്ത്ര കാര്യങ്ങളോടുള്ള മുസ്ലിങ്ങളുടെ  വിമുഖതയാണ് ഇത്തരം കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കാത്തതും വിവരക്കേടുകള്‍ വെച്ചുവിളമ്പി തൃപ്തി അടയേണ്ടി വരികയും ചെയ്യുന്നത്.

ഗുണപാഠം:
 ഏതായാലും കാര്യങ്ങള്‍ ഇത്രയും വിശദമാക്കിയ സ്ഥിതിക്ക് നിലവില്‍ ഇസ്ലാഹി പ്രസ്താനത്തിന്‍റേത് എന്നു കരുതാവുന്ന ക്രസന്‍റ് ന്യൂ മൂണ്‍ ദര്‍ശനവും ഈ രണ്ടു ദ്വീപുകളില്‍ എങ്ങിനെ സംഭവിക്കുന്നു എന്നു നോക്കാം. IDL ല്‍ സ്ഥിതി ചെയ്യുന്ന ഈ രണ്ട് ദ്വീപുകളിലെ സമയം ഒന്നാണെങ്കിലും ദിവസം വ്യത്യസ്ഥമാണ് എന്നു പറഞ്ഞല്ലോ. അപ്പോള്‍ ഈ ദ്വീപുകളില്‍ നിന്നു പടിഞ്ഞാറോട്ട് നോക്കിയാല്‍ കാണുന്നത് ഒരു അസ്തമിക്കുന്ന സൂര്യനെയാണ്. അതുപോലെ ചന്ദ്രനെയും. അഥവാ ചൊവാഴ്ച ബെകര്‍ ഐലണ്ടില്‍ നോക്കുന്നവരും ബുധനാഴ്ച ഫുനാഫുട്ടിയില്‍ നിന്നു നോക്കുന്നവരും കാണുന്നത് ഒരേ ഹിലാലിനെ തന്നെയാണ് എന്നതാണു രസകരകരം. ഇപ്പോള്‍ കാര്യങ്ങളുടെ കിടപ്പ് എങ്ങിനെയാണ് എന്നു വായനക്കാര്‍ക്ക് പിടികിട്ടി തുടങ്ങിയിട്ടുണ്ടാകും. കയ്യിൽ കിട്ടുന്ന സാധനം മറ്റുളവരുടെ നേർക്ക്‌ എറിയുന്നതിന് മുൻപ് സ്വന്തം തന്നെ ഒന്ന് പരീക്ഷിക്കുന്നത് നല്ലതാണ്. എന്നുവെച്ചാല്‍ ഒരു കൂട്ടര്‍ക്ക് ചൊവാഴ്ചയാണ് മുഹറം ഒന്ന് എങ്കില്‍ മറ്റൊരു കൂട്ടര്‍ക്ക് ബുധനാഴ്ചയാണ്  മുഹറം ഒന്ന്. അസ്ട്രോനമിക്കല്‍ ന്യൂ മൂണാണെങ്കിലും ക്രെസന്‍റ് ന്യൂ മൂണാണെങ്കിലും ഈ ദ്വീപുകളിലെ സ്ഥിതി തഥൈവ.  കുറച്ചു കൂടി സീരിയസ്സായിട്ടു പറഞ്ഞാല്‍ ലോകം അവസാനിച്ചാലും മുസ്ലിങ്ങള്‍ക്ക് അവരുടെ കലണ്ടര്‍ മനസ്സിലാവുകയില്ല.

അബ്ദുൽ റഹിം, ജ്ഞാനഭവനം
ഹിജ്‌രി കമ്മിറ്റി ഓഫ് ഇന്ത്യ 

© 2024 Universal Hijri Calendar | WordPress Theme: Annina Free by CrestaProject.