ചോദ്യങ്ങളും മറുപടിയും

അബ്ദുൽ കരീം, ആലുവ 

1. ദുല്‍ഹിജ്ജഃ 9നാണോ അറഫാദിനത്തിലാണോ നോമ്പെടുക്കേണ്ടത്?
ദുല്‍ഹിജ്ജഃ 9നാണ് അറഫാദിനം. അതുകൊണ്ട് ദുല്‍ഹിജ്ജഃ 9ന് എടുക്കുന്ന നോമ്പ് അറഫാദിനത്തിലെ നോമ്പാണ്.

2. അറഫയില്‍ നില്‍ക്കുന്ന ദിവസമല്ലേ അറഫാദിനം?
ദുല്‍ഹിജ്ജഃ 9ന് അറഫയില്‍ നില്‍ക്കുന്ന ദിവസമാണ് അറഫാദിനം. ഒരാളും അറഫയില്‍ നിന്നില്ലെങ്കിലും ദുല്‍ഹിജ്ജഃ 9ന് അറഫാദിനമാണ്. ദുല്‍ഹിജ്ജഃ 9അല്ലാത്ത ദിവസം അറഫയില്‍ നിന്നാല്‍ അറഫയില്‍ നില്‍ക്കുന്ന ദിനമാകുമെങ്കിലും അറഫാദിനമാകുകയില്ല.
ജുമുഅഃ നമസ്‌ക്കരിക്കുന്ന ദിവസമാണ് വെള്ളിയാഴ്ച അഥവാ യൗമുല്‍ ജുമുഅഃ ഒരാളും ജുമുഅഃ നമസ്‌ക്കരിച്ചില്ലെങ്കിലും വ്യാഴാഴ്ചയുടേയും ശനിയാഴ്ചയുടേയും ഇടയിലുള്ള ദിവസം വെള്ളിയാഴ്ചയാണ്. വെള്ളിയാഴ്ചയല്ലാത്ത ദിവസം ജുമുഅഃ നമസ്‌ക്കരിച്ചാല്‍ ജുമുഅഃ നമസ്‌ക്കരിക്കുന്ന ദിവസമാകുമെങ്കിലും അന്ന് വെള്ളിയാഴ്ച അഥവാ യൗമുല്‍ ജമുഅ: ആകുകയില്ല. ഇതുപോലെയാണ് അറഫാദിനവും. ആകാശഭൂമികളെ സൃഷ്ടിച്ച നാള്‍മുതല്‍ അല്ലാഹു തീരുമാനിച്ച ദുല്‍ഹിജ്ജ:9 തന്നെയായിരിക്കും അറഫാദിനം.

3. കാണണം എന്ന് പ്രവാചകന്‍ (സ) പറഞ്ഞത് ഹിലാല്‍ നഗ്നനേത്രകൊണ്ട് കാണണമെന്നതിന് തെളിവല്ലേ? പ്രവാചകനും സ്വഹാബത്തും ചെയ്തത് തെറ്റാണോ? നബി(സ)യുടെ കാലഘട്ടത്തിലെ മാര്‍ഗ്ഗം ഒരാള്‍ മാസപ്പിറവിയുടെ കാര്യത്തില്‍ സ്വീകരിച്ചാല്‍ അയാള്‍ കുറ്റക്കാരനാകുമോ?

നോമ്പുതുറക്കുന്നതിനും കാണണം എന്നുതന്നെയാണ് പ്രവാചക നിര്‍ദ്ദേശം. ഇബ്‌നു അബീ ഔഫ(റ) പറയുന്നു. ചക്രവാളത്തിലേക്ക് കൈചൂണ്ടിക്കൊണ്ട് പ്രവാചകന്‍ (സ) പറഞ്ഞു; ഇവിടെനിന്ന് രാവ് ആരംഭിക്കുന്നത് കണ്ടാല്‍ നോമ്പ്കാരന് നോമ്പ് മുറിക്കാം. (ബുഖാരി).
അബൂബക്കര്‍(റ)ന്റെ മകള്‍ അസ്മാഅ് (റ) പറയുന്നു: പ്രവാചകന്‍(സ)യുടെ കാലത്ത് മേഘം മൂടിയ ഒരു ദിവസം ഞങ്ങള്‍ നോമ്പ് മുറിച്ചു. അതിന്‌ശേഷം സൂര്യന്‍ പ്രത്യക്ഷപ്പെട്ടു (ബുഖാരി)
പ്രവാചകന്‍(സ)യുടെ കാലത്ത് മേഘംമൂടിയ ദിവസം നോമ്പ് മുറിച്ചത് സൂര്യന്‍ അസ്തമിച്ചിട്ടില്ലെന്ന് അറിഞ്ഞുകൊണ്ടല്ല; അതുകൊണ്ട് അവര്‍ കുറ്റക്കാരല്ല. ”ഒരാള്‍ക്കും കഴിവിനപ്പുറം ബാധ്യതയില്ല” (2:286)
നാം അങ്ങനെ ചെയ്താല്‍ തെറ്റാകുന്നതുകൊണ്ടാണ് മേഘം മൂടിയാലും കണക്കനുസരിച്ച് സമയമാകാന്‍ നോക്കി നില്‍ക്കുന്നത്. ഇതേ സംഗതി നോമ്പു തുടങ്ങുമ്പോഴും ബാധകമാണ്. പിറവിയുണ്ടെന്ന് അറിഞ്ഞുകൊണ്ട് പ്രവാചകനും സ്വഹാബത്തും പിറവി നോക്കി നിന്നിട്ടില്ല. അതുകൊണ്ട് അവര്‍ ചെയ്തത് തെറ്റല്ല. നോമ്പുമുറിക്കാന്‍ കാഴ്ചക്കു വിരുദ്ധമായി കണക്കു സ്വീകരിക്കുന്നതുതന്നെ നോമ്പു തുടങ്ങാന്‍ കണക്കിനു വിരുദ്ധമായി കാഴ്ച സ്വീകരിക്കുന്നതിലെ തെറ്റ് ചൂണ്ടിക്കാട്ടുന്നു.


4. മേഘാവൃതമായാല്‍ 30 പൂര്‍ത്തിയാക്കണമെന്ന് പ്രവാചകന്‍ (സ) പറഞ്ഞിട്ടില്ലേ?
ഈ ഹദീസ് റിപ്പോര്‍ട്ട് ചെയ്ത ഇബ്‌നു ഉമര്‍ (റ) ശഅ്ബാന്‍ 29-ന് മേഘാവൃതമായാല്‍ സാധ്യത പരിഗണിച്ചു നോമ്പെടുത്തിരുന്നുവെന്ന് ഹദീസ് ഗ്രന്ഥങ്ങളില്‍നിന്ന് (അബൂദാവൂദ്, ഇബ്‌നുമാജഃ, അന്നസാഈ, അഹ്മദ്) വ്യക്തമാണ്. ശഅ്ബാന്‍ ഇരുപത്തി ഒമ്പതേയുള്ളൂവെങ്കില്‍ ആ മാസം 30 ആക്കാന്‍ മേഘത്തിന് കഴിയില്ലെന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം. പിറവിയുണ്ടെന്ന സത്യം അറിഞ്ഞുകൊണ്ട്, മേഘാവൃതമാകുമ്പോള്‍ നോമ്പെടുക്കാതിരിക്കുന്നത് തെറ്റാണെന്ന് നോമ്പ് മുറിക്കാന്‍ കണക്കവലംബിക്കുന്ന നമുക്ക് മനസ്സിലാകും.


5. ഹിലാല്‍ കാണുന്നതിന് പകരം ന്യൂമൂണ്‍ അടിസ്ഥാനമാക്കി മാസം മാറുന്നതിന് തെളിവുണ്ടോ?
ഹിലാലിന് ന്യൂമൂണ്‍ എന്നര്‍ത്ഥമുണ്ട്. നോമ്പ് തുറക്കാന്‍ പ്രവാചകന്‍ (സ) കണക്ക് സ്വീകരിച്ചിട്ടില്ല. എന്നാല്‍ നോമ്പ് തുറക്കുന്ന സമയത്ത് കാഴ്ച സ്വീകരിച്ച് കണക്ക് തെറ്റിക്കുന്നത് ശരിയല്ലെങ്കില്‍ നോമ്പ് തുടങ്ങാനും കാഴ്ച സ്വീകരിച്ച് കണക്ക് തെറ്റിക്കാതിരിക്കുന്നത് തന്നെയാണ് ശരി. നാം നിരക്ഷര ജനതയാണ്. നാം എഴുതാറില്ല. കണക്ക് കൂട്ടാറില്ല എന്നു പറഞ്ഞ ശേഷമാണ് മാസം 29 അല്ലെങ്കില്‍ 30 എന്ന കണക്ക് പ്രവാചകന്‍ (സ) പഠിപ്പിച്ചത്. മേഘാവൃതമായ ദിവസം സാധ്യത പരിഗണിച്ച് സ്വഹാബത്ത് നോമ്പെടുത്തത്. ശരിയാണെങ്കില്‍, പിറവിയുണ്ടെന്ന് ഉറപ്പായ അറിവുള്ളതോടൊപ്പം കണ്ണുകൊണ്ട് കണ്ടില്ലെന്ന കാരണത്താല്‍ നമ്മള്‍ നോമ്പെടുക്കാതിരിക്കുന്നത് ശരിയാകുന്നതെങ്ങനെ? കണക്കറിയുന്ന കാലഘട്ടത്തില്‍ കണക്കനുസരിച്ച് പ്രവര്‍ത്തിക്കണമെന്നതിന് ഖുര്‍ആനും ഹദീസും സ്വഹാബത്തിന്റെ മാതൃകയും കണക്കിനെ എതിര്‍ക്കുന്നവരുടെ വൈരുധ്യാധിഷ്ഠിത നിലപാടുകളും സാക്ഷ്യം വഹിക്കുന്നു.

6. ഇസ്‌ലാമിക കലണ്ടറിലെ തീയതി ലോകത്ത് പല ദിവസങ്ങളില്‍ വരുമോ?

തീയതി എന്നത് ദിവസത്തിന്റെ എണ്ണമായതുകൊണ്ടും ഇസ്‌ലാം സത്യമാകുന്നുവെന്നതുകൊണ്ടും ഒരു ദിവസത്തെ ഒന്നിലധികം തീയതികളിലായി എണ്ണുന്നതും ഒന്നിലധികം ദിവസങ്ങളെ ഒരു തീയതിയായി എണ്ണുന്നതും ശരിയല്ല. ദിവസം മാറാതെ തീയതി മാറുമ്പോഴും ദിവസം മാറിയാലും തീയതി മാറാതിരിക്കുമ്പോഴും ദിവസത്തിന്റെ അളവും എണ്ണവും തെറ്റുകയും കാലഗണന അപ്രായോഗികമാവുകയും ചെയ്യും. ഇസ്‌ലാം സത്യവും പ്രായോഗികവുമാണെങ്കില്‍ ഇസ്‌ലാമിന്റെ കലണ്ടര്‍ അസത്യവും അപ്രായോഗികവുമാവുകയില്ല.

7. ജുമുഅ നമസ്‌കാരം പോലെ ദിവസനിര്‍ണ്ണിതമായ കര്‍മ്മങ്ങള്‍ അതേ ദിവസംതന്നെ ചെയ്യണം. എന്നാല്‍ നോമ്പും പെരുന്നാളും പോലെ തീയതി നിര്‍ണ്ണയിച്ച കര്‍മ്മങ്ങള്‍ വ്യത്യസ്ത ദിവസങ്ങളില്‍ വരില്ലേ?

അറഫയില്‍ നില്‍ക്കേണ്ടത് ദുര്‍ഹിജ്ജഃ 9നാണ്; ലോക മുസ്‌ലിങ്ങള്‍ നോമ്പെടുക്കേണ്ടത് അറഫാ ദിവസവും. ഒരേ തീയതി ഒരേ ദിവസത്തേയും ഒരേ ദിവസം ഒരേ തീയതിയെയും കുറിക്കുന്നുവെന്ന് ഇതില്‍നിന്ന് വ്യക്തമാണ്.

8. ഉരുണ്ട ഭൂമിയില്‍ ഒറ്റദിവസം പെരുന്നാള്‍ സാധ്യമാണോ?

ആഴ്ചയിലെ പെരുന്നാളായ ജുമുഅഃ നമസ്‌ക്കാരം വെള്ളിയാഴ്ചതന്നെ നിര്‍വ്വഹിക്കുന്നതിന് ഭൂമിയുടെ ഗോളാകൃതി ലോകമുസ്‌ലിങ്ങള്‍ക്ക് തടസ്സമാകുന്നില്ല. ആഴ്ചയില്‍ സാധ്യമാകുന്നത് വര്‍ഷത്തില്‍ സാധ്യമാകാതെ വരില്ല. ജുമുഅഃ നമസ്‌ക്കരിക്കുന്ന ദിവസം ഭൂമിയുടെ ആകൃതിമാറുന്നില്ല.

9. പക്ഷെ സമയവ്യത്യാസമുണ്ടല്ലോ?

ലോകത്ത് വ്യത്യസ്ത സ്ഥലങ്ങളില്‍ വ്യത്യസ്ത സമയങ്ങളില്‍ വെള്ളിയാഴ്ച വരുന്നുവെന്ന കാരണത്താല്‍ ആരും ശനിയാഴ്ചയോ വ്യാഴാഴ്ചയോ ജുമുഅഃ നമസ്‌ക്കരിക്കാറില്ല.

10. അമേരിക്കയില്‍ നിസ്‌കരിക്കുന്ന സമയത്തല്ലല്ലോ ഇവിടെ നിസ്‌കരിക്കുന്നത്. ഇതില്‍ നിന്ന് ലോകം മുഴുവന്‍ ഒരേ ദിവസം പെരുന്നാള്‍ സാധ്യമല്ലെന്ന് മനസ്സിലാക്കാമല്ലോ?

നാം ഇന്ത്യക്കാര്‍ ജുമുഅഃ നമസ്‌ക്കരിക്കുന്ന അതേ സമയത്തല്ല അമേരിക്കയില്‍ ജുമുഅഃ നിര്‍വ്വഹിക്കുന്നത് എന്നത് ശരിയാണ്. ലോകത്താകെ ഒരേ സമയം ജുമുഅഃ നിര്‍വ്വഹിക്കുക സാധ്യമല്ല. ഇസ്‌ലാം അത് ആവശ്യപ്പെടുന്നുമില്ല. എന്നാല്‍ വ്യത്യസ്ത സമയങ്ങളിലായിക്കൊണ്ട് ഒരേദിവസം (വെള്ളിയാഴ്ച)തന്നെ ലോകം മുഴുവന്‍ ജുമുഅഃ നിര്‍വ്വഹിക്കാന്‍ സാധ്യമാണ്. ഇസ്‌ലാം അത് ആവശ്യപ്പെടുന്നുമുണ്ട്. അതുപോലെ പെരുന്നാള്‍ നമസ്‌കാരവും വ്യത്യസ്ത സമയങ്ങളിലായിക്കൊണ്ട് ഒരേദിവസം തന്നെ നിര്‍വ്വഹിക്കപ്പെടണമെന്നതാണ് ഇസ്‌ലാമിന്റെ താല്‍പര്യം, അതാണ് പ്രായോഗികമായ ഇസ്‌ലാമിക കലണ്ടര്‍. സമയത്തിന്റെ ഏകീകരണമല്ല ദിവസത്തിന്റെ ഏകീകരണമാണ് ഇസ്‌ലാം ആവശ്യപ്പെടുന്നത്.

11. ജനങ്ങള്‍ നോമ്പെടുക്കുമ്പോഴാണ് നോമ്പ് എന്ന് പ്രവാചകന്‍(സ) പറഞ്ഞിട്ടില്ലേ?

ആഇഷാ(റ)യില്‍ നിന്ന്: നബി (സ) പറഞ്ഞു: ചെറിയ പെരുന്നാള്‍ ജനങ്ങള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്ന ദിവസമാണ്. ബലിപെരുന്നാള്‍ ജനങ്ങള്‍ ബലിപെരുന്നാള്‍ ആഘോഷിക്കുന്ന ദിവസമാണ്. (അബൂദാവൂദ്, ഇബ്‌നുമാജഃ)
ദിവസമെന്ന് പ്രവാചകന്‍ (സ) പറഞ്ഞത് ദിവസങ്ങളാക്കുന്നതെന്തിന്? അതോ നമ്മുടെ നാടിന് പുറത്തുള്ളവര്‍ ജനങ്ങളല്ലെന്നോ? ഒരേ ദിവസം നിര്‍വ്വഹിക്കേണ്ട പെരുന്നാള്‍ അല്ലെങ്കില്‍ നോമ്പ് വ്യത്യസ്ത ദിവസങ്ങളാക്കുന്നത് വിവരമില്ലായ്മകൊണ്ടാണെങ്കിലും അല്ലെങ്കിലും ധിക്കാരമാണ്. കാരണം വിവരക്കേട് നിലനിര്‍ത്തുക എന്നതുതന്നെ ഖുര്‍ആനെ ധിക്കരിക്കലാണ്.
നിനക്ക് അറിയാത്തതിനെ നീ പിന്തുടരരുത്. നിശ്ചയം കണ്ണും കാതും മനസ്സും ചോദ്യം ചെയ്യപ്പെടും (ഖുര്‍ആന്‍ 17:36) നോമ്പെടുക്കുമ്പോള്‍ എന്നല്ല; നോമ്പെടുക്കുന്ന ദിവസം എന്നാണ് പ്രവാചകന്‍ (സ) പറഞ്ഞത്. ദിവസം പരിഗണിക്കാതെ സമയം പരിഗണിച്ചാല്‍ വ്യത്യസ്ത ദിവസങ്ങളില്‍ നോമ്പ് അല്ലെങ്കില്‍ പെരുന്നാള്‍ വരും. ദിവസം പരിഗണിക്കണമെന്ന് പറയുമ്പോള്‍ ദിവസം പരിഗണിച്ച ശേഷമേ സമയം പരിഗണിക്കേണ്ടതുള്ളൂ. അപ്പോള്‍ ലോകത്തെല്ലായിടത്തും ഒരേ ദിവസം നോമ്പ് അല്ലെങ്കില്‍ പെരുന്നാള്‍ വരും. ഒരു മണിക്കൂര്‍ വ്യത്യാസമുള്ളിടത്ത് ഒരു മണിക്കൂര്‍ കഴിഞ്ഞും 23 മണിക്കൂര്‍ വ്യത്യാസമുള്ളിടത്ത് 23 മണിക്കൂര്‍ കഴിഞ്ഞും. 24മണിക്കൂറിനുള്ളില്‍ ലോകത്തെല്ലായിടത്തും ഒരു ദിവസം വന്നുചേരും. 24 മണിക്കൂറിനുശേഷം വരുന്നത് ജനങ്ങള്‍ പിടിക്കുന്ന ദിവസമല്ല ജനങ്ങള്‍ പിടിക്കുന്ന ദിവസങ്ങളാണ്. ഇത് പ്രവാചക നിര്‍ദ്ദേശത്തിനു വിരുദ്ധമാണ്. പ്രവാചകന്‍(സ) പറഞ്ഞത് ദിവസങ്ങള്‍ എന്നല്ല ”ദിവസം” എന്നാണ്.

12. ഖാദിമാരും മറ്റും ഉറപ്പിക്കാതെ മാസം മാറുമോ?
ഖാദിമാരും ഖാദിമാരല്ലാത്തവരും ജനിക്കുന്നതിനുമുമ്പേ മാസം മാറിയിരുന്നുവെന്നതുതന്നെ ഇനിയും മാസം മാറുമെന്നതിന് ഇവരുടെ ഉറപ്പിക്കല്‍ ആവശ്യമില്ലെന്നതിനുള്ള തെളിവാണ്.

13. ഒരു സ്ഥലത്തെ പിറവി മറ്റൊരു സ്ഥലത്ത് ബാധകമല്ലെന്നതിന് കുറൈബിന്റെ സംഭവം വ്യക്തമായ തെളിവല്ലേ?

സിറിയ (ശാം) യിലെ പിറവി കുറൈബ് അറിയിച്ചപ്പോള്‍ ഇബ്‌നും അബ്ബാസ്(റ) അംഗീകരിക്കാതിരുന്നത് എന്തുകൊണ്ട്? കുറൈബിനു തന്നെയും ശാമിലെ പിറവിയുടെ കാര്യത്തില്‍ ബോധ്യമുണ്ടായിരുന്നില്ലെന്നതിനു തെളിവാണ് അദ്ദേഹം 31-ാം ദിവസം നോമ്പെടുത്തത്. ബോധ്യമില്ലാത്ത നിലപാടില്‍ നിന്ന് പിന്‍മാറിയതിന് അദ്ദേഹം കുറ്റക്കാരനല്ല. ഉറപ്പില്ലാത്ത സംഗതി പിന്തുടരാതിരുന്നതിന് ഇബ്‌നു അബ്ബാസ്(റ)വും ആക്ഷേപാര്‍ഹനല്ല.
ഇമാം ശൈഖ് മുഹമ്മദുബ്‌നു ഇസ്മാഈല്‍ പറയുന്നു: ശാമിലെ പിറവി അംഗീകരിക്കാതെ അദ്ദേഹം മദീനക്കാരോട് യോജിക്കുന്നു. അതുകൊണ്ട് ശാമിലെ പിറവിയനുസരിച്ചുള്ള 31-ാം ദിവസം അദ്ദേഹം നോമ്പെടുക്കുന്നു. മദീനക്കാരുടെ അടുത്ത് 30-ാം ദിവസമായതാണ് ഇതിന് കാരണം (ബുലൂഗുല്‍ മറാമിന്റെ ശറഹായ സുബുലുസ്സലാം വാള്യം 2 പേജ് 310).

14. ശക്കിന്റെ ദിവസം (സംശയദിവസം) നോമ്പെടുക്കുന്നത് തെറ്റല്ലേ?
അബു മൂസ(റ)ല്‍ നിന്ന്; അദ്ദേഹം ആഇഷാ(റ)യോട് മാസപ്പിറവി സംശയിക്കപ്പെടുന്ന ദിവസത്തെക്കുറിച്ച് ചോദിച്ചു. അപ്പോള്‍ ആഇഷ(റ) പറഞ്ഞു: നിശ്ചയം ശഅ്ബാനില്‍ ഒരു ദിവസം നോമ്പെടുക്കുന്നതാണ് റമദാനില്‍ ഒരു നോമ്പ് ഉപേക്ഷിക്കുന്നതിനേക്കാള്‍ ഞാന്‍ ഇഷ്ടപ്പെടുന്നത്. (ബൈഹഖി, അഹ്മദ്). ഇന്ന് ശക്കിന്റെ ദിവസമല്ല ഉറപ്പുള്ള ദിവസം സംശയമുണ്ടാക്കിക്കൊണ്ടിരിക്കുന്നതും ശക്കിന്റെ ദിവസമായി കണക്കാക്കുന്നതുമാണ് തെറ്റ്.

15. തീയതി രേഖയ്ക്ക് ശരീഅത്തില്‍ അടിസ്ഥാനമുണ്ടോ?
തീയതി രേഖ ഭൂമിയിലെ ഒരു യാഥാര്‍ത്ഥ്യമാണ്. യാഥാര്‍ത്ഥ്യങ്ങളെ ശരീഅത്ത് അംഗീകരിക്കുന്നുണ്ട്. ആകാശങ്ങളെയും ഭൂമിയെയും സത്യതയോടെ സൃഷ്ടിച്ചത് അവനാണ് (39:5) കിഴക്കിന്റെയും പടിഞ്ഞാറിന്റെയും അവയ്ക്കിടയിലുള്ളതിന്റെയും റബ്ബാകുന്നു. (അവന്‍). നിങ്ങള്‍ ബുദ്ധി ഉപയോഗിക്കുന്നുവെങ്കില്‍ (ഖുര്‍ആന്‍ 26:28)  കിഴക്കിനെയും പടിഞ്ഞാറിനെയുംവേര്‍തിരിക്കുന്നത് ഈ രേഖയാണ്. കിഴക്കിന്റെയും പടിഞ്ഞാറിന്റെയും അവയ്ക്കിടയില്ലുള്ളതിന്റെയും റബ്ബ്ബുദ്ധി ഉപയോഗിക്കുന്നവര്‍ക്കാണ്.

16. പെരുന്നാള്‍ ഏകീകരിച്ചാല്‍ മുസ്‌ലിം സമൂഹത്തിന്റെ എല്ലാ പ്രശ്‌നങ്ങളും തീരുമോ?
വെള്ളിയാഴ്ച ദിവസം ജുമുഅഃ നമസ്‌ക്കരിക്കുന്നത് ലോകത്തിലെ മുഴുവന്‍ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ വേണ്ടിയല്ല. പെരുന്നാള്‍ ദിവസം നോമ്പെടുക്കാതിരുന്നാല്‍ ഒരു ഹറാം ഒഴിവായിക്കിട്ടും. റമദാനില്‍ നോമ്പെടുത്താല്‍ നിര്‍ബന്ധമായ നോമ്പെടുക്കുക എന്ന ബാധ്യത നിറവേറും. മറ്റു തീയതികളും മാറ്റാതിരുന്നാല്‍ അത്രയും കുഫ്ര്‍ ഒഴിവായിക്കിട്ടും. സകലപ്രശ്‌നങ്ങളും പരിഹരിക്കുന്നതിന് വേണ്ടിയല്ല ഏതെങ്കിലും ഒരു പ്രശ്‌നം പരിഹരിക്കുന്നത്. വക്രതയില്ലാത്ത ദീന്‍ എന്ന് ഖുര്‍ആന്‍ വിശേഷിപ്പിച്ച ഇസ്‌ലാമിക കലണ്ടറിനോട് നീതിപുലര്‍ത്തിയാല്‍ ഇസ്‌ലാമിക കലണ്ടറിനോടുള്ള അവഗണനയെന്ന പ്രശ്‌നം പരിഹരിക്കുപ്പെടും. ഓരോന്നിനും അതിന്റെതായ പരിഹാരം കാണണം.


17. ഐക്യത്തിന് വേണ്ടി വിട്ടുവീഴ്ചയായിക്കൂടേ?
നന്മയിലും തഖ്‌വയിലും നിങ്ങള്‍ പരസ്പരം സഹായിക്കുക. പാപത്തിലും അതിക്രമത്തിലും നിങ്ങള്‍ പരസ്പരം സഹായിക്കരുത്. (5:3)
തീയതിയെന്നതു ദിവസത്തിന്റെ എണ്ണമായതുകൊണ്ട് ദിവസം പരിഗണിക്കാതെ തീയതി കണക്കാക്കുമ്പാള്‍ ദിവസത്തിന്റെയും മാസത്തിന്റെയും പവിത്രത ലംഘിക്കപ്പെടുന്നു. ഇതിലൂടെ ഹറാമും ഹലാലും മാറുന്നു. ഇതിനെ വര്‍ദ്ധിച്ച കുഫ്ര്‍ എന്നാണ് ഖുര്‍ആന്‍ പറയുന്നത്.
കുഫ്‌റിലുള്ള ഐക്യം നന്മയോ തഖ്‌വയോ അല്ല; പാപവും അതിക്രമവുമാണ്.


18. ഭിന്നിക്കരുതെന്ന് ഖുര്‍ആന്‍ പറയുന്നില്ലേ? അപ്പോള്‍ ഭിന്നിപ്പുണ്ടാകുന്ന സംഗതികളില്‍ നിന്ന് മാറി നില്‍ക്കുകയല്ലേ വേണ്ടത്?
അല്ലാഹുവിന്റെ പാശം ഒരുമയോടെ മുറുകെപ്പിടിക്കുക. നിങ്ങള്‍ ഭിന്നിച്ചു പോകരുത് (3:103) ഒരുമിക്കാന്‍ വേണ്ടി അല്ലാഹുവിന്റെ പാശത്തിന്റെ പിടിവിടുകയല്ല. അല്ലാഹുവിന്റെ പാശം പിടിക്കാന്‍ വേണ്ടി ഒരുമിക്കുകയാണ് വേണ്ടത്. ഖുര്‍ആന്‍ പിന്തുടരുന്നതില്‍നിന്ന് പിന്തിരിയുന്നവരാണ് ഭിന്നിപ്പുണ്ടാക്കുന്നവര്‍.
പ്രവാചകന്‍ (സ) പറയുന്നു : ഞാന്‍ ജനതയോടൊപ്പമാണ്, അവര്‍ നന്നായാല്‍ ഞാന്‍ നന്നാകും. അവര്‍ ചീത്തയായാല്‍ ഞാനും ചീത്തയാകും എന്നു പറയുന്ന അവസരവാദിയാവാതിരിക്കുക. മറിച്ച് ജനങ്ങള്‍ നന്നായാല്‍ അവരുടെ നന്മയില്‍ പങ്കാളിയാകാനും പിഴച്ചാല്‍ അവരുടെ പിഴവില്‍ നിന്ന് അകന്നുനില്‍ക്കാനും സ്വയം സന്നദ്ധനാവുക. (തിമിര്‍ദി)

19. ദിവസം തുടങ്ങുന്നതെപ്പോള്‍?
അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ) പറയുന്നു: റസൂല്‍ (സ)യെ മുശ്‌രിക്കുകള്‍ അസ്വര്‍ നമസ്‌കാരത്തില്‍നിന്നു തടഞ്ഞുനിര്‍ത്തി. അങ്ങനെ സൂര്യന്‍ ചെമപ്പുനിറവും മഞ്ഞനിറവുമായി. അപ്പോള്‍ റസൂല്‍ (സ) പറഞ്ഞു. ”മധ്യനമസ്‌ക്കാരത്തില്‍ നിന്ന് അഥവാ അസ്വര്‍ നമസ്‌കാരത്തില്‍നിന്ന് അവര്‍ നമ്മുടെ ശ്രദ്ധതിരിച്ചു. അവരുടെ ഉള്ളിലും ഖബ്‌റുകളിലും അല്ലാഹു തീ നിറയ്ക്കട്ടെ”. (മുസ്‌ലിം) അഞ്ചു നമസ്‌കാരങ്ങളുടെ മധ്യത്തില്‍ അസ്വര്‍ വരണമെങ്കില്‍ ഇശാ, സ്വബ്ഹ് എന്നിവക്കിടയില്‍ ദിവസം തുടങ്ങണം.

20. ഇത് പണ്ഡിതന്മാര്‍ക്കിടയില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയമല്ലേ?
റമദാനില്‍ നോമ്പും പെരുന്നാള്‍ ദിനത്തില്‍ പെരുന്നാളും ആചരിക്കുന്നവരുടെ എണ്ണം കൂടുന്നതനുസരിച്ച് ഈ ചര്‍ച്ചാബോധം കൂടുകയുള്ളൂ.

© 2024 Universal Hijri Calendar | WordPress Theme: Annina Free by CrestaProject.