ഡാന്യൂബ് സാക്ഷി

ഡാന്യൂബ് സാക്ഷി

കഴിഞ്ഞ ദിവസം മരണപ്പെട്ട എം.പി. വീരേന്ദ്ര കുമാർ എഴുതിയ “ഡാന്യൂബ്‌ സാക്ഷി” എന്ന പുസ്തകത്തെ കുറിച്ച്‌ റസാക്ക് പള്ളിക്കര (പ്രബോധനം വാരിക 2017 -Nov) എഴുതിയ ഒരു കുറിപ്പ്‌:

ലോകം ഇന്ന് അനുഭവിക്കുകയും ആസ്വദിക്കുകയും ചെയ്യുന്ന ശാസ്ത്ര-സാങ്കേതിക കണ്ടുപിടിത്തങ്ങള്‍ക്ക് നാം കടപ്പെട്ടിരിക്കുന്നത് പൗരാണികരായ മുസ്‌ലിം ദാര്‍ശനികരോടും ശാസ്ത്രജ്ഞരോടുമാണെന്ന് ‘ഡാന്യൂബ് സാക്ഷി’ എന്ന ഗ്രന്ഥത്തില്‍ എം.പി വീരേന്ദ്രകുമാര്‍ സാക്ഷ്യപ്പെടുത്തുന്നു.

ഗലീലിയോ പ്രവചിക്കുന്നതിനും എത്രയോ നൂറ്റാണ്ടുകള്‍ക്കു മുമ്പ് ഭൂമി ഗോളാകൃതിയിലാണെന്ന് മുസ്‌ലിം ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരുന്നു. പക്ഷേ, ഈ മുസ്‌ലിം പേരുകള്‍ എഴുതപ്പെട്ട ശാസ്ത്ര ചരിത്രത്തിന്റെ പരിധിക്ക് പുറത്താണ്. അത്തരത്തിലുള്ള ഒട്ടനവധി സത്യങ്ങളാണ് ഡാന്യൂബ് സാക്ഷി ലോകത്തോട് വിളിച്ചു പറയുന്നത്.

ആകാശ യാത്രയുടെ സാധ്യതയെക്കുറിച്ച് റൈറ്റ് സഹോദരന്മാര്‍ക്ക് പോലും പ്രചോദനമായത് അബ്ബാസു ബ്‌നു ഫര്‍നാസ് എന്ന മുസ്‌ലിം ശാസ്ത്രജ്ഞന്റെ ‘പറക്കും തളിക’യാണത്രെ. ക്രി. 875-ല്‍ ജനിച്ച ഇദ്ദേഹത്തിന്റെ ‘പാരച്യൂട്ട്’ സാഹസങ്ങളും അതിശയകരമാണ്. അദ്ദേഹത്തോടുള്ള ബഹുമാനാര്‍ഥം ബഗ്ദാദ് വിമാനത്താവളത്തിനും ചന്ദ്രനിലെ ഒരു ഗര്‍ത്തത്തിനും ആ പേരാണ് നല്‍കിയിരിക്കുന്നത്. ഇതൊക്കെ വെറും പുരാണ മിത്തുകളും ഐതിഹ്യങ്ങളുമല്ല. മറിച്ച് ശാസ്ത്രസത്യങ്ങളും തെളിവുകളുമാണെന്ന് കൃതിയില്‍ അദ്ദേഹം സവിസ്തരം പ്രതിപാദിക്കുന്നുണ്ട്.

രാസപദാര്‍ഥങ്ങളുടെ കണ്ടുപിടിത്തങ്ങള്‍ക്ക് ആദ്യ പ്രചോദനമായത് പേര്‍ഷ്യന്‍ ശാസ്ത്രജ്ഞനായ ജാബിറു ബ്‌നു ഹയ്യാനാണ്. വിശിഷ്യാ സള്‍ഫ്യൂരിക് ആസിഡിന്റെ കണ്ടുപിടിത്തത്തിന്. ഇന്ന് ലോകം കൊണ്ടാടുന്ന ‘റോബോട്ടി’ന്റെ പിതാവ് എഞ്ചിനീയറായ അല്‍ ജാസരി എന്ന അറബിയാണ്. ട്രിഗണോമെട്രിയും അല്‍ ഖവാരിസ്മിയുടെ ആള്‍ജിബ്രയും മുസ്‌ലിം ലോകത്തിന്റെ മികച്ച സംഭാവന തന്നെയാണ്. അദ്ദേഹത്തിന്റെ അല്‍ ജബ്ര്‍ വല്‍ മുഖാബല എന്ന ഗണിത ശാസ്ത്ര ഗ്രന്ഥത്തില്‍നിന്നാണ് ആള്‍ജിബ്ര എന്ന പേര് പോലും ഉണ്ടായത്.

രാവിലെ എഴുന്നേറ്റ് പല്ലു തേക്കാന്‍ ‘ടൂത്ത് പേസ്റ്റ്’ എടുക്കുമ്പോഴും പിന്നീട് കുളിക്കാന്‍ ‘സോപ്പും’ അതിനു ശേഷം മിനുസമുള്ള ‘കാര്‍പെറ്റിലൂടെ’ ഉലാത്തുമ്പോഴും ഓഫീസില്‍ ‘കടലാസും പേനയും’ ഉപയോഗിക്കുമ്പോഴും, ഇതൊക്കെ ലോകത്തിന് സമ്മാനിച്ച പൗരാണികരായ ആ മുസ്‌ലിം പ്രതിഭകളെ എത്ര പേര്‍ ഓര്‍ക്കുന്നുണ്ടാവും എന്നാണ് ‘ഡാന്യൂബ് സാക്ഷി’ യിലൂടെ വീരേന്ദ്രകുമാര്‍ ചോദിക്കുന്നത്.

ഒമ്പതാം നൂറ്റാണ്ടില്‍ ഒരു മുസ്‌ലിം വ്യാപാരിക്ക് തന്റെ ബഗ്ദാദില്‍ നിന്നുമെടുത്ത ഒരു ചെക്ക് ചൈനയില്‍ കാശാക്കി മാറാവുന്ന ചെക്ക് രീതിക്ക് ജന്മമേകിയത് ഇന്നോര്‍ക്കുമ്പോള്‍ ആരാണ് അത്ഭുതപ്പെടാത്തത്!

ലോഹ ഉപകരണങ്ങള്‍, ഗ്ലാസ്, വെടിമരുന്ന്, വിവിധ ചികിത്സാ രീതികള്‍, ഔഷധങ്ങള്‍, ശാസ്ത്രീയ ഉപകരണങ്ങള്‍ ഇവയെല്ലാം മുസ്‌ലിം ലോകത്തിന്റെ സംഭാവനകളാണെന്ന് അദ്ദേഹം അടിവരയിടുന്നു.

11-ാം നൂറ്റാണ്ടിലെ മുസ്‌ലിം സ്‌പെയിനാണ് യൂറോപ്പിലെ ആദ്യത്തെ വിനോദോദ്യാനം നിര്‍മിച്ചത്. ലോകത്തിന്റെ നിറവെളിച്ചമായാണ് അന്ന് സ്‌പെയിന്‍ നിലകൊണ്ടത്. പിന്നീട് ക്രിസ്ത്യന്‍ സൈന്യം അത് തിരിച്ചുപിടിച്ചപ്പോള്‍ ലോകത്തിന്റെ വെളിച്ചം കെട്ടു എന്നത്രെ പ്രശസ്ത കവി ലോര്‍ക്ക വിലപിച്ചത്.

യൂറോപ്പില്‍ ഇന്ന് കാണുന്ന ഗോഥിക് വാസ്തുശില്‍പശൈലിയും ഇസ്‌ലാമില്‍നിന്ന് കടം കൊണ്ടതാണ്. ഹെന്റി അഞ്ചാമന്റെ കോട്ട അതിന് മികച്ച ഉദാഹരണമാണ്.

ഇങ്ങനെ ലോക നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച ഈ പൗരാണിക മുസ്‌ലിം പ്രതിഭകളെയാണ് യൂറോപ്പ് പടിയടച്ച് എല്ലാം സ്വന്തം പേരില്‍ എഴുതിവെച്ച് ഊറ്റം കൊള്ളുന്നതെന്ന് ഡാന്യൂബ് സാക്ഷി ഓര്‍മപ്പെടുത്തുന്നു. മുസ്‌ലിം പേര് പോലും അവര്‍ക്കിന്ന് അലര്‍ജിയാണ്. അപരിഷ്‌കൃത സമൂഹത്തിലെ തീവ്രവാദി!

ജര്‍മനിയിലെ ബ്ലാക് ഫോറസ്റ്റില്‍നിന്ന് ഉദ്ഭവിച്ച് യൂറോപ്പിലെ തന്നെ നിരവധി രാജ്യങ്ങളെ തഴുകി ഒടുവില്‍ കരിങ്കടലില്‍ പതിക്കുന്ന ഡാന്യൂബ് വിചിത്രവും വ്യതിരിക്തവുമായ ചരിത്ര മുഹൂര്‍ത്തങ്ങളാല്‍ സമ്പന്നമാണ്. ആ ഗഹനമായ അറിവ് മലയാളികള്‍ക്ക് സമ്മാനിക്കുകയാണ് എം.പി വീരേന്ദ്രകുമാര്‍. ഇന്ത്യയിലെ തന്നെ വലിയ പുരസ്‌കാരമായ ‘കുസുമാജ്ഞലി സാഹിത്യ സമ്മാന്‍’ ലഭിച്ച ‘ഡാന്യൂബ് സാക്ഷി’യെ മലയാളത്തിലെ മികച്ച കൃതികളിലൊന്നായി കാണാം.

Leave a Reply

Your email address will not be published. Required fields are marked *

© 2024 Universal Hijri Calendar | WordPress Theme: Annina Free by CrestaProject.