അമാവാസി എന്നാണ് എന്ന് സംശയമായാൽ – ഭാഗം 2

മാസാമവസാനിക്കുന്നതു ചന്ദ്രൻ മറയുമ്പോഴാണ് അഥവാ അമാവാസിയാകുമ്പോഴാണ് എന്നതു ഇവിടെ അഭിപ്രായ വ്യത്യാസമുള്ള വിഷയമല്ല. ചന്ദ്രക്കലകൾ തിയ്യതികളാണ് (2:189) എന്ന ഖുർആൻ വചനത്തിൽ അതു അടങ്ങിയിരിക്കുന്നുവെന്നും അതു വിശേഷബുദ്ധിയുള്ള മനുഷ്യനു പ്രകൃതിയിൽ നിന്നു കണ്ടെത്താവുന്നതേയുള്ളൂ എന്നുമാണ് എൻ്റെ ബോധ്യം. ജനങ്ങൾക്കുമുള്ള തിയ്യതികളാണ്’ എന്നു പറഞ്ഞതിൽ ഇസ്ലാമിനെ അംഗീകരിക്കാത്തവർക്കും അതു സാധ്യമാണ് എന്നാണ് മനസ്സിലാകുന്നത്. 

  << ഇതിൽ നിന്നും മനസ്സിലാക്കേണ്ടത് ലോകത്ത് ഭൂരിഭാഗവും വിശേഷബുദ്ധിയില്ലാത്തവരാണ് എന്നാണോ? . കാരണം ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങൾ തീയതികളാണ് എന്ന് ഖുർആൻ പറഞ്ഞിട്ടും ബഹുഭൂരിപക്ഷം മുസ്ലിങ്ങൾ പോലും അത് മുഖവിലക്ക് എടുത്തിട്ടില്ല. പ്രകൃതിയിൽ നിരീക്ഷിച്ച് മാസത്തിന്റെ അവസാനം അമാവാസിയാണ് എന്ന് മനസ്സിലാക്കാൻ പോന്ന ബോധ്യമുള്ളവർക്ക് അമാവാസി എന്നാണ് എന്ന കാര്യത്തിൽ സംശയം വന്നാൽ അടുത്ത മാസത്തിന്റെ ഒന്നാം തീയതിയിലോ രണ്ടാം തീയതിലോ മാസം അവസാനിപ്പിക്കാനുള്ള വിധിയുണ്ട് എന്നതാണല്ലോ പറഞ്ഞ് വരുന്നത്>>>

നോമ്പ് അവസാനിപ്പിക്കേണ്ടത് സൂര്യാസ്തമയത്തോടു കൂടിയാണെന്നു ഖുർആനിലും ഹദീസിലും വ്യക്തമാക്കിയിട്ടും സൂര്യാസ്തമയം നടന്നോ എന്ന വിഷയത്തിൽ നിരീക്ഷണം മാത്രം അവലംബമായിരുന്ന കാലത്ത് ജനങ്ങൾ സംശയത്തിലായിട്ടുണ്ട്. സൂര്യൻ അസ്തമിച്ചു എന്ന ധാരണയിൽ നോമ്പ് അവസാനിപ്പിക്കുകയും പിന്നീട് സൂര്യൻ വീണ്ടും പ്രത്യക്ഷപ്പെട്ടപ്പോൾ നോമ്പിൽ തന്നെ അസ്തമയം വരെ തുടർന്നതുമായ അനുഭവം നബി(സ)ക്കും സ്വഹാബത്തിനുമുണ്ടായിട്ടുണ്ടല്ലോ. ആ സമയത്ത് ഭക്ഷിച്ചു പോയതിനെ നബി(സ) 15 + 15 = 30 എന്ന കണക്കു തെറ്റിച്ചവനോടു ഉപമിച്ചു അതിൻ്റെ അനന്തര ഫലം അവരോടു അനുഭവിച്ചോളാൻ പറഞ്ഞിട്ടില്ല എന്നും നമുക്കറിയാം. ഹെൽമറ്റിടാതെ അപകടം വരുത്തിവെച്ചവനെ പോലെയുമല്ല അവരുടെ കാര്യം നബി(സ) നിരീക്ഷിച്ചത്. കാരണം അസ്തമയമാണ് അടയാളം എന്നതിലല്ല അവർക്കു അബദ്ധം പറ്റിയത്. അസ്തമിച്ചോ ഇല്ലേ എന്നതിലാണ്. അതു അവരുടെ കഴിവിനപ്പുറമുള്ള ഒരു കാര്യമായിരുന്നു. അതൊരു കണക്കു തെറ്റിക്കുന്നതു പോലെയോ ഒരു ട്രാഫിക് നിയമം ലംഘിക്കുന്നതു പോലെയോ കാണാൻ പറ്റില്ല.

<< അല്ലെങ്കിലും  കൃത്യസമയത്ത് അസ്തമിക്കുന്ന കാര്യത്തിൽ സൂര്യന് തെറ്റ് സംഭവിക്കുകയില്ല. നിരീക്ഷകനാണ് തെറ്റ് സംഭവിക്കുന്നത്, അത് മനഃപൂർവമായാലും അല്ലെങ്കിലും.  പക്ഷെ അതിന്റെ വിധിയാണ് വിചിത്രം, ശരി കണ്ടുപിടിക്കാൻ നിരീക്ഷിക്കാൻ കല്പിച്ചതിന് ശേഷം അതിൽ തെറ്റു സംഭവിച്ചാൽ തെറ്റ് കൊണ്ട് തന്നെയുള്ള ഒരു വിധി തികച്ചും വിരോധാഭാസമാണ്, മാസം 29 താണോ 30 താണോ  എന്ന് കണ്ടുപിടിക്കാൻ നിരീക്ഷിക്കാൻ പറഞ്ഞിട്ട് അതിൽ സംശയം വന്നാൽ മാസം 30 തികച്ചോളാൻ പറഞ്ഞാൽ ആ നിരീക്ഷണത്തിൽ അത്രയും സൂഷ്മത ആവശ്യമില്ല എന്നർത്ഥം.   എന്നാൽ ഇത്രക്കും  സമയ ബോധമില്ലാത്തവരായിരുന്നു നബിയും സഹാബത്തും എന്ന് വിശ്വസിക്കാൻ പ്രയാസമാണ്.  ഒരു ദിവസത്തിനു ഒരു വർഷത്തിന്റെ ദൈർഘ്യമുണ്ടാകുന്ന ഒരു കാലം വരും എന്ന് നബി പറഞ്ഞപ്പോൾ സഹാബത്ത് തിരിച്ചു ചോദിച്ചത് അന്ന് നമസ്കാരത്തിന്റെ സമയം എങ്ങനെയായിരിക്കും എന്നായിരുന്നു. അതിൽ വ്യത്യാസമൊന്നുമില്ല, ഇന്നത്തെ പോലെ തന്നെയാണ് പക്ഷെ നിങ്ങൾ അത് കണക്കാക്കിചെയ്യണമെന്നായിരുന്നു കല്പന .  ഇന്ന് ദ്രുവപ്രദേശങ്ങളിൽ ഒരു ദിവസത്തിന് ഒരുവർഷത്തെ ദൈർഘ്യം ഉണ്ട് എന്ന് വേണമെങ്കിൽ പറയാം. അവിടെ ആറ് മാസം പകലും ആറു മാസം രാത്രിയുമാണ് എന്ന് നമുക്കറിയാം. അവർ നമസ്കാരത്തിന്റെയും നോമ്പിന്റെയും സമയം കണക്കാക്കാൻ സൂര്യൻ ഉദിക്കുന്നതും അസ്തമിക്കുന്നതും നോക്കിയിരുന്നാൽ ആറു മാസം വരെ ഒരേയിരിപ്പു ഇരിക്കേണ്ടിവരും. ധ്രുവപ്രദേശങ്ങളിൽ ജീവിക്കുന്ന പക്ഷി മൃഗാതികൾക്ക്  അതിശൈത്യത്തെ നേരിടാൻ അല്ലാഹു അവരുടെ ശരീരത്തിൽ തന്നെ അതിനുള്ള പ്രതിരോധ സംവിധാനം നൽകി. എന്നാൽ മനുഷ്യന് നൽകിയത് വിവേകബുദ്ധിയാണ്.അത് കൊണ്ട് മുന്നേറുന്നവരും പരാജയപ്പെടുന്നവരും ഉണ്ടായിരിക്കും എന്ന് മാത്രം.>> 

അതുപോലെ അമാവാസിക്കു മാസം അവസാനിക്കുമെന്ന വിഷയത്തിലല്ല മാസം നിർണ്ണയിക്കുമ്പോൾ ചിലപ്പോൾ സംശയത്തിലാകുന്നത്. അമാവാസി ഏതു ദിവസമാണ് എന്ന വിഷയത്തിലാണ്. 15+ 15 നു 30 എന്ന ഒറ്റ ഉത്തരമേയുള്ളൂ. എന്നാൽ അമാവാസി എന്നാണ് എന്നതിനു രണ്ടുത്തരമുണ്ട്, ഒന്നുകിൽ 29ന് അല്ലെങ്കിൽ 30 ന്. ഏതെങ്കിലും ഒരു ദിവസമായിരുന്നെങ്കിൽ പിന്നെ സംശയത്തിനു പ്രസക്തിയില്ല.

<< ശരിയാണ്,പക്ഷെ നിരീക്ഷിച്ചിട്ടും സംശയമാണെങ്കിൽ 30 ആക്കാനാണ് കല്പനയെന്നാണെങ്കിൽ പിന്നെ ഈ നിരീക്ഷണ പ്രക്രിയകൊണ്ട് എന്ത് പ്രയോജനം. അളന്നു കൊടുത്തതിൽ സംശയംവന്നാൽ സൂഷ്മതക്ക് വേണ്ടി കുറച്ച് കൂടി കൊടുക്കാം, പക്ഷെ  അത് മറ്റൊരാൾക്കു അളന്ന് വെച്ചതിൽ നിന്നായാൽ എങ്ങനെയാവും എന്ന് ചിന്തിച്ചാൽ മതി. റമദാൻ നോക്കിയതിൽ സംശയമായാൽ ശവ്വാലിൽ നിന്ന് ഒരെണ്ണം എടുക്കണം ഇതാണ് വിധിയെന്നാണ് നാം പറയുന്നത്.  ശവ്വാൽ ഒന്നിന് നോമ്പെടുക്കുന്നത് ഹറാമാണ് എന്ന് കല്പിക്കപ്പെടണമെങ്കിൽ റമദാനും ശവ്വാലും കൃത്യമായി വേർതിരിയേണ്ടതുണ്ട്.നിരീക്ഷിക്കാൻ പറഞ്ഞത് തന്നെ മാസം മുപ്പത്തിന്റേതാണോ ഇരുപത്തി ഒമ്പതിന്റേതാണോ എന്നറിയാനല്ലേ?  മാസനിർണയത്തിൽ അറബികളുടെ രീതി ഒറ്റ സംഖ്യകളുടെ മാസം 30 ന്റേതും ഇരട്ട സംഖ്യകളുടെ മാസം 29 ന്റേതും ആയിരുന്നു.അഥവാ 1,3,5,7,9,11 എന്നീ മാസങ്ങൾ 30 ന്റേതും 2,4,6,8,10,12  എന്നീമാസങ്ങൾ 29 ന്റേതുമായിരുന്നു. വർഷത്തിൽ  വ്യത്യാസം വരുന്നത് ഒന്നോ രണ്ടോ ദിവസമായിരിക്കും. അത്തരത്തിലുള്ള ഒരു എറർ പോലും ഇല്ലാതാക്കാനാണ് Quran 2:189,55:5,10:5 തുടങ്ങിയ ആയത്ത്കൾ പറയുന്നത്. എന്നിട്ടും  നിരീക്ഷിച്ചാൽ സംശയമുണ്ടായാൽ ഈ കണക്കെല്ലാം തെറ്റിക്കാനാണോ  വിധി എന്നതാണ് കാതലായചോദ്യം  >>

സൂര്യാസ്തമയമാണ് നോമ്പിൻ്റെ അവസാനമെന്നു ഖുർആനും ഹദീസും നേർക്കു നേരെ വ്യക്തമാക്കിയിട്ടും സൂര്യാസ്തമയം കണക്കാക്കുന്നതിനു സാധ്യമാകാത്ത സന്ദർഭം നബിക്കും സ്വഹാബത്തിനും ഉണ്ടായിട്ടുണ്ടെങ്കിൽ അമാവാസിയാണ് ചന്ദ്ര മാസത്തിൻ്റെ അവസാനമെന്ന് ഖുർആനും ഹദീസും നേർക്കുനേരെ പറഞ്ഞാൽ പോലും അമാവാസി നിർണ്ണയിക്കുന്നതിൽ മനുഷ്യനു സാധ്യമാകാത്ത സന്ദർഭങ്ങളുണ്ടാകാമെന്നാണ് എൻ്റെ ബോധ്യം. 
കത്തിജ്വലിക്കുന്നതും വൃദ്ധിക്ഷയങ്ങളില്ലാത്തതുമായ സൂര്യൻ്റെ സ്ഥാനം നിർണ്ണയിക്കുന്നതു ചിലപ്പോൾ പ്രയാസമാകുമെങ്കിൽ ചന്ദ്രക്കലകളുടെ കാര്യം പിന്നെ എന്തു പറയാൻ!. തദടിസ്ഥാനത്തിൽ, ആ ഒരു സന്ദർഭത്തെയാണ് ഗുമ്മ്… തുടങ്ങിയ ഹദീസിലെ പ്രയോഗങ്ങൾ address ചെയ്യുന്നതെന്നാണ് എൻ്റെ നിരീക്ഷണം. അതിനെതിരെ convincing ആയിട്ടുള്ള ഒരു പ്രതികരണമല്ല റഹിം സാഹിബിൻ്റേത് എന്നു ചുരുക്കം.
ഗുമ്മിനു അമാവാസിയാണെന്നു അർത്ഥം പറഞ്ഞാൽ അമാവാസി എന്നാണെന്ന സംശയം ഉണ്ടാവുകയില്ലെന്നും അതു പറയാത്തവരാണ് അമാവാസി എന്നാണെന്നു തിരിയാതെ നട്ടം തിരിയുകയെമെന്നുമുള്ള ഒരു ഫലിതം കൂടി റഹിം സാഹിബിൻ്റെ പോസ്റ്റിൽ അടങ്ങിയിട്ടുണ്ട്.

<<അല്ലാഹു ഏകനാണ് എന്ന് പ്രവാചകന്മാരും  വേദങ്ങളും  പറഞ്ഞിട്ടും ബഹുഭൂരിപക്ഷം ജനങ്ങളും ഇപ്പോഴും സംശയത്തിലാണ്.  ഗുമ്മ എന്ന പദത്തിന്  അമാവാസി, മാസാന്ത്യ രാവ് , പ്രകാശത്തിന്റെ  ആധിക്യം കൊണ്ട് സമീപ വസ്തുക്കളെ കാണാതാവുക തുടങ്ങിയ  അർത്ഥങ്ങൾ കണ്ടെത്തിയ സാഹചര്യത്തിൽ ഇനി മറ്റൊരർത്ഥ കല്പനയും  ആ സന്ദർഭവുമായി യോജിക്കുകയില്ല എന്നത് വിഷയം മനസ്സിലാക്കിയവർക്ക് തർക്കമുണ്ടാകില്ല.  അല്ലാഹു ഏകനാണ്, അവനെ മാത്രമേ ആരാധിക്കാവൂ എന്ന് മനസ്സിലാക്കിയവരുടെയും  എത്ര പറഞ്ഞിട്ടും മനസ്സിലാകാത്തവരുടെയും അല്ലാഹു ഏകൻ തന്നെ. >>

Leave a Reply

Your email address will not be published. Required fields are marked *

© 2024 Universal Hijri Calendar | WordPress Theme: Annina Free by CrestaProject.