ചോദ്യം:
അമാവാസി എന്നാണെന്ന് സംശയമായാൽ എന്താണ് നാം ചെയ്യേണ്ടത്?
മറുപടി:
അസ്സലാമു അലൈക്കും,
മേൽ ഉന്നയിക്കപ്പെട്ട ചോദ്യത്തിലെ വിഷയം തികച്ചും ശസ്ത്രീയമായത് കൊണ്ട് ആ രീതിയിൽ തന്നെ അതിനെ കാണാൻ ശ്രമിക്കേണ്ടതുണ്ട്. അത് പ്രത്യേകിച്ച് പറയാൻ കാരണം എല്ലാ ചോദ്യങ്ങൾക്കും ആരെങ്കിലും നമുക്ക് ഉത്തരം നൽകണം എന്ന ഒരു കാഴ്ചപാടാണ് നമ്മുടേത്. പ്രത്യേകിച്ച് ദീനി വിഷയങ്ങളിൽ, അങ്ങനെയൊരു സ്വഭാവം വന്ന് ചേരാൻ കാരണം തന്നെ നമ്മുടെ സാമുദായിക നേതാക്കന്മാരുടെയും പണ്ഡിതന്മാരുടെയും മേൽകോയ്മയുടെയും അവരുടെ തന്നെ ആധിക്യം മൂലമുള്ള തമ്മിൽ തല്ലുമാണ്.
എന്നാൽ നാം കൈകാര്യം ചെയ്യുന്ന ഈ വിഷയത്തിൽ അറിവുള്ളവരെ നാം പണ്ഡിതന്മാരുടെ ഗണത്തിൽ പെടുത്തിയിട്ടുമില്ല എന്നതാണ് വിരോധാഭാസം.
ഇത് പറയാൻ കാരണം ബൈത്തുൽ ഹിക്മ യിലെ പോലെയുള്ള മുസ്ലിം ശസ്ത്രജ്ഞന്മാരോട് മുസ്ലിം പൗരോഹിത്യം എപ്പോഴും മുഖം തിരിഞ്ഞ് നിൽക്കുകയായിരുന്നു. അത് പോലെ തന്നെ പ്ലേറ്റോ, ഗലീലിയോ പോലെയുള്ള ഗോള ശാസ്ത്രജ്ഞന്മാരെ വധിക്കുകയോ വധിക്കാൻ ശ്രമിക്കുകയോ ചെയ്യുകയായിരിരുന്നു അന്നത്തെ കൃസ്ത്യൻ പൗരോഹിത്യം.
നാം പലപ്പോഴും ധരിച്ച് വച്ചിരിക്കുന്നത് ഇങ്ങനെയുള്ള പ്രാപഞ്ചിക സത്യങ്ങളെ നിഷേധിച്ചാലും കുഴപ്പമില്ല എന്ന നിലക്കാണ്. എന്നാൽ നാം മനസ്സിലാക്കേണ്ട ഒരു യാഥാർത്ത്യം പ്രാപഞ്ചിക സത്യങ്ങളെ മനുഷ്യരിൽ സ്ഥാപിക്കാൻ ശ്രമിച്ചതിനാണ് അവർ രക്തസാക്ഷികളാകുന്നത് എന്നതാണ്.
ഇവിടെ ഉന്നയിക്കപ്പെട്ട ചോദ്യം അമാവാസി എന്നാണ് എന്ന് സംശയമായാൽ നാം എന്ത് ചെയ്യണം എന്നതാണ്.
നബി(സ) ചന്ദ്രനിരീക്ഷണം പഠിപ്പിക്കുന്ന സമയത്ത് ആമുഖമായി പറഞ്ഞത് നാം നിരക്ഷരായ ഒരു സമുദായമാണ്, നാം എഴുതുകയോ കണക്ക് കൂട്ടുകയോ ചെയ്യുന്നില്ല. മാസം 29 ഉം 30 ഉം ഉണ്ടാവും.
അതിനർത്ഥം അവിടെ കണക്കുണ്ട്, എന്നാൽ നാമത് ചെയ്യുന്നില്ല അല്ലെങ്കിൽ നമുക്ക് അതറിയില്ല എന്നാണല്ലോ! ആയതിനാൽ നമ്മോട് കൽപിക്കപ്പെട്ടത് നിരീക്ഷണമാണ്. എങ്കിൽ തന്നെയും മാസം 29 തോ 30 തോ മാത്രമേ പാടുള്ളൂ എന്ന് തന്നെയാണല്ലോ നബി ആമുഖമായി തന്നെ പറയുന്നത്. എന്ന് വെച്ചാൽ നിരീക്ഷിച്ച് കണ്ടെത്തിയാലും കണക്ക് കൂട്ടി കണ്ടെത്തിയാലും മാസം അവസാനിപ്പിക്കേണ്ടത് ചന്ദ്രൻ മറയുമ്പോഴാണ്.
അദ്ധ്യാപകർ വിദ്യാർത്ഥികൾക്ക് വിദ്യ പറഞ്ഞ് കൊടുക്കാൻ മാത്രമേ സാധിക്കൂ. അഭ്യാസത്തിൽ വിഴ്ച്ചകൾ വന്നാൽ എന്ത് ചെയ്യണമെന്ന് മുൻകൂട്ടി പഠിപ്പിക്കുന്ന ഒരു വിദ്യയും ഉണ്ടാകുമെന്ന് എനിക്ക് തോന്നുന്നില്ല. അത് വിദ്യാർത്ഥിയുടെ കഴിവുമായി മാത്രം ബന്ധപ്പെട്ടതാണ്. 15 +15 = 30 എന്ന് പഠിപ്പിച്ച് കഴിഞ്ഞാൽ പിന്നെ അതിനപുറം അതിൽ സംശയം വന്നാൽ എന്ത് ചെയ്യണം എന്ന് ഒരദ്ധ്യാപകന് പഠിപ്പിക്കാൻ സാധിക്കുമോ.
ഹെൽമറ്റിട്ട് വണ്ടിയോടിക്കണം എന്ന് പഠിപ്പിക്കപ്പെട്ടവനോട് ഹെൽമറ്റിടാൻ മറന്ന് പോയാൽ എന്ത് ചെയ്യണമെന്ന് പഠിപ്പിക്കാൻ പറ്റുമോ? ഹെമറ്റില്ലാതെ അപകടമുണ്ടായാൽ അതിന്റെ ഭവിഷ്യത്ത് സ്വന്തം അനുഭവിക്കണം എന്നല്ലാതെ എന്ത് പറയാൻ.
ഇക്കാര്യം ഇങ്ങനെ വിശദീകരിക്കേണ്ടി വരുന്നത് ഇത് തികച്ചും ഒരു ശാസ്ത്രീയ വിഷയമായത് കൊണ്ടാണ്. ചന്ദ്രനും സൂര്യനും കണക്കനുസരിച്ചാണ് എന്ന് പറഞ്ഞത് അത് സംവിധാനിച്ചവൻ തന്നെയാണല്ലോ. എന്നാൽ അത് ലോകം കേട്ടത് നബി(സ)യുടെ നാവിലൂടെയാണ്. സത്യമതായിക്കെ അതിന് വിപരീതമായ ഒരദ്ധ്യാപനം നബി യിൽ നിന്നുണ്ടാകുമെന്ന് വിശ്വസിക്കാൻ പ്രയാസം.
ഇത് പറയുമ്പോൾ ഇത് മായി താരതമ്യം ചെയ്യാൻ ശ്രമിക്കുന്നത് നമസ്കാരത്തിൽ റകഅത്തിന്റെ കാര്യത്തിൽ സംശമുണ്ടായാൽ ഒരു റക്കഅത്ത് കൂടി നമസ്കരിച്ച് പൂർത്തിയാക്കണം എന്ന നബിയുടെ കൽപനയാണ്. ഇത് തമ്മിൽ എങ്ങനെയാണ് സാമ്യപ്പെടുക എന്ന് എനിക്ക് മനസ്സിലാവുന്നില്ല. ഇവിടെ നമസ്കാരത്തിന്റെ സമയം കണ്ടെത്തുന്നതിൽ ഒരു സംശയവും നബി പറഞ്ഞിട്ടില്ല. കാരണം അത് സൂര്യനെ അടിസ്ഥാനമാക്കിയുള്ളതാണ്. അത് പോലെ തന്നെ നോമ്പിന്റെ മാസത്തെ കണ്ട് പിടിക്കുന്ന കാര്യത്തിലും ഒരു സംശയവുമില്ല. കാരണം അത് ചന്ദ്രന്റെ അടിസ്ഥാനത്തിലുള്ളതാണ്. മാത്രമല്ല നോമ്പിന്റെ മാസം മാത്രം കണ്ട് പിടിച്ചാൽ പോരല്ലോ! ഹജ്ജിന്റെ മാസങ്ങൾ, യുദ്ധം വിലക്കപ്പെട്ട മാസങ്ങൾ, പെരുന്നാൾ ദിനങ്ങൾ തുടങ്ങിയവയെല്ലാം കണ്ടെത്തണമല്ലോ.
അതേ സമയം ദീനിന്റെ കാര്യങ്ങൾക്ക് ഫത് വ ചോദിക്കുകയും അത് നിർബാധം സൗജന്യമായും അല്ലാതെയും കൊടുക്കുകയും ചെയ്യുന്നവർക്കുള്ള ധൈര്യം അത് തെറ്റോ ശരിയോ എന്ന് തിരിച്ചറിയാനുള്ള ഒരു മാനദണ്ഡവും കൊടുത്തവന്റെ കൈയ്യിലോ കൊടുക്കപ്പെട്ടവന്റെ കൈവശമോ ഇല്ല എന്നതാണ്.
അത് തിരിച്ചറിയാൻ ഒരു 100 വർഷം പിന്നിലേക്ക് ചെന്ന് അന്നത്തെ ഇസ്ലാമിനെ അന്വേഷിച്ചാൽ മതി.
ഖുർആൻ പരിഭാഷ പാടില്ല.
അറബി ഭാഷയിലല്ലാത്ത ഖുത്തുബ പാടില്ല.
ഇംഗ്ലീഷ് വിദ്യാഭ്യാസം പാടില്ല.
മാതൃഭാഷ പഠിച്ചത് തന്നെ അറബി ലിപിയിൽ.
ഒരു പട്ടണത്തിൽ ഒന്നിലധികം ജുമ നമസ്കാരം പാടില്ല.
നമസ്കാര സമയം കണ്ടെത്താൻ ഘടികാരം പാടില്ല,
ഫോട്ടോ എടുക്കാൻ പാടില്ല.
സംഗീതം പാടില്ല, ഇതെല്ലാം നമ്മുടെ ദീനിൽ വിലക്കപ്പെട്ടതായിരുന്നു എന്ന് ഇപ്പോൾ ചിന്തിക്കാൻ സാധിക്കുമോ!
ഞാൻ പറഞ്ഞ് വന്നത് ഇതിനെല്ലാം വിധികൽപിക്കുന്നവർക്ക് അതിനെ സാധൂകരിക്കുന്ന ഒന്നും തന്നെ അവരുടെ കൈവശമില്ല എന്നതാണ്.
ചന്ദമാസത്തിന്റെ വിഷയത്തിലും അവർ കാട്ടി കൂട്ടുന്നത് സത്യനിഷേധമാണ് എന്ന് തിരിച്ചറിയാൻ ഇനിയും നൂറ്റാണ്ട്കൾ വേണ്ടിവന്നേക്കാം.
നോമ്പിന്റെ ഇളവുകൾ ആർക്കൊക്കെയാണ് എന്ന് ഖുർആൻ വ്യക്തമാക്കുന്നു. മാസത്തെ അറിഞ്ഞവൻ നോമ്പെടുക്കണം, അതിൽ യാത്രക്കാരനും രോഗിക്കും മാത്രമല്ലേ ഇളവുള്ളൂ. അവർ വിട്ട് പോയ നോമ്പ്കൾ നോറ്റ് വീട്ടുകയും വേണം. മാസത്തിൽ സംശയം വന്നവർക്ക് ഇവിടെ ഒരു വിധി പറയുന്നുമില്ല. അല്ലാഹു വിന്റെ വിധി വിലക്കുകൾ ഇതായിരിക്കെ റമദാൻ മാസത്തിൽ ഒരു മുസ്ലിം അവന്റ തൊഴിലായ ചായക്കട തുറന്നാൽ അവനെ ചിലപ്പോൾ മഹല്ലിൽ നിന്ന് പുറത്താക്കും. ഗൾഫിലാണെങ്കിൽ ജയിലിലടക്കും. യാത്രക്കാർക്ക് വേണ്ടിയാണല്ലോ ഹോട്ടലും ചായകടയുമെല്ലാം തുറന്ന് പ്രവർത്തിക്കുന്നത്. അവർക്ക് അല്ലാഹു നോമ്പിൽ നിന്ന് ഇളവ് നൽകി. പക്ഷെ മതാധികാരികൾ അവരെ കഷ്ടപ്പെടുത്തുന്നു എന്നതാണ് വിരോധാഭാസം.
വി എ അബ്ദുൽ റഹീം
ജനറൽ സെക്രട്ടറി,
ഹിജിരി കമ്മിറ്റി ഓഫ് ഇന്ത്യ.