ചന്ദ്രമാസനിര്‍ണ്ണയം :കണക്കോ കാഴ്ചയോ..

അമാവാസി ചാന്ദ്രമാസ മാറ്റത്തിന്‍റെ അതിര്‍വരമ്പാണ്.ചലിച്ചുകൊണ്ടേയിരിക്കുന്ന ഗോളങ്ങളെ സംബന്ധിച്ച്  അമാവാസിയുടെ ദൈര്‍ഘ്യം ചുരുങ്ങിയ സമയം മാത്രമായിരിക്കും.പൂര്‍ണ്ണാന്ധകാരത്തില്‍ നിന്ന് പുതുമാസത്തിന്‍റെ പുതുദിനത്തിലേക്ക് നിമിഷാര്‍ദ്ധം കൊണ്ട് വഴുതിമാറുന്നു വെന്ന് സാരം.
ദിനാരംഭം സൂര്യാസ്തമയം ആയതിനാല്‍ അമാവാസി സംഭവിക്കുന്നത് സൂര്യാസ്തമയത്തിന് മുമ്പാണെങ്കില്‍ സൂര്യാസ്തമയശേഷം ചക്രവാളത്തില്‍ നവചന്ദ്രക്കല ഉണ്ടാകും എന്ന് ബോധ്യം. കിഴക്കന്‍ ചക്രവാളത്തിലേക്ക് നോക്കിയാല്‍ ചന്ദ്രോദയ ദര്‍ശനം ഉദിച്ചുയരുന്ന സൂര്യന്‍റെ പ്രഭാവലയത്തില്‍ പെട്ട് കാണാന്‍ സാധ്യത വളരെ കുറവാണ്. മറിച്ച് പടിഞ്ഞാറന്‍ ചക്രവാളത്തില്‍ സൂര്യന്‍ ചന്ദ്രനില്‍ നിന്നും അകന്ന് നീങ്ങുന്നതിനാലും അസ്തമയസമയത്ത് സൂര്യപ്രഭ മങ്ങിവരുന്നതിനാലും ദര്‍ശന സാധ്യത കൂടുതലായിരിക്കും. എന്നാല്‍ കാതലായ പ്രശ്നം.ബാലചന്ദ്രന്‍റെ സാനിധ്യം ചക്രവാളത്തില്‍ ഉണ്ടെന്ന് ബോധ്യമായാല്‍ മതിയോ …?അല്ല, അത് നഗ്നനേത്രത്താല്‍ കാണേണ്ടതുണ്ടോ..? എന്നതാണ്. അതുപോലെ ആയതിന് ആധുക ശാസ്ത്രമാധ്യമങ്ങള്‍ ഉപയോഗിക്കാമോ..?മുന്‍കൂട്ടി ഗണിച്ച് കലണ്ടറുകള്‍ രൂപീകരിക്കാമോ..?തുടങ്ങിയ അനേകം ചോദ്യങ്ങള്‍ ശാസ്ത്ര യുഗത്തിലും യാഥാസ്തിതികരും നവയാഥാസ്തിതികരും ചോദിച്ചുകൊണ്ടേയിരിക്കുന്നു. ചിന്തിക്കുക .
മാസപ്പിറവി വിഷയത്തില്‍ ഇത്രയും പഠനത്തിന്‍റെ ആവശ്യകത എന്ത് ? എന്ന് ചോദിക്കാറുണ്ട്.അത് ഖുര്‍ ആന്‍ തന്നെ സ്പഷ്ടീകരിക്കുന്നത് കാണുക.🔅يَسْـَٔلُونَكَ عَنِ ٱلْأَهِلَّةِ ۖ قُلْ هِىَ مَوَٰقِيتُ لِلنَّاسِ وَٱلْحَجِّ ۗ وَلَيْسَ ٱلْبِرُّ بِأَن تَأْتُوا۟ ٱلْبُيُوتَ مِن ظُهُورِهَا وَلَٰكِنَّ ٱلْبِرَّ مَنِ ٱتَّقَىٰ ۗ وَأْتُوا۟ ٱلْبُيُوتَ مِنْ أَبْوَٰبِهَا ۚ وَٱتَّقُوا۟ ٱللَّهَ لَعَلَّكُمْ تُفْلِحُونَ(നബിയേ,) നിന്നോടവര്‍ ചന്ദ്രക്കലകളെപ്പറ്റി ചോദിക്കുന്നു. പറയുക: മനുഷ്യരുടെ ആവശ്യങ്ങള്‍ക്കും ഹജ്ജ് തീര്‍ത്ഥാടനത്തിനും കാല നിര്‍ണയത്തിനുള്ള ഉപാധികളാകുന്നു അവ. നിങ്ങള്‍ വീടുകളിലേക്ക് പിന്‍വശങ്ങളിലൂടെ ചെല്ലുന്നതിലല്ല പുണ്യം കുടികൊള്ളുന്നത്‌. പ്രത്യുത, ദോഷബാധയെ കാത്തുസൂക്ഷിച്ചവനത്രെ പുണ്യവാന്‍. നിങ്ങള്‍ വീടുകളില്‍ അവയുടെ വാതിലുകളിലൂടെ പ്രവേശിക്കുക. മോക്ഷം കൈവരിക്കുവാന്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും ചെയ്യുക.2-Al-Baqara : 189
പാരമ്പര്യ വിശ്വാസികള്‍ കാണണമെന്നും ഒരുകാലത്ത് കണക്കിനെ അവലംബിക്കാമെന്ന വാദം ഉന്നയിച്ചിരുന്ന    നവോഥാന പ്രസ്ഥാവനക്കാരും ഈ അടുത്തകാലത്തായി കാഴ്ചതന്നെയാണ് മാനദണ്ഡമെന്ന് ശഠിക്കുന്നു. ”കണക്കില്‍” ചന്ദ്രക്കല  ഉണ്ടെന്ന ബോധ്യം ഉണ്ടായിട്ടും നഗ്നനേത്രദര്‍ശനം തന്നെ വേണമെന്ന വാശിക്ക് കാരണം രാഷ്ട്രീയവും സാമ്പത്തീകവുമായ നേട്ടങ്ങളാണെന്ന് ആരോപിക്കുന്നവരുണ്ട്. മറ്റൊരു വിഷയത്തിലും പ്രകടിപ്പിക്കാത്ത ഐക്യം ഈ ഒരു വിഷയത്തില്‍ മാത്രം കാണിക്കുന്നതിന്‍റെ യുക്തിയേയും ചിലര്‍ അതൃപ്തിയോടെ വീക്ഷിക്കുന്നു.
കാഴ്ചയും കണക്കും ഏറ്റുമുട്ടേണ്ടിവരുന്നത് നബിതിരുമേനിയുടെ സുവിശേഷങ്ങള്‍ മനസിലാക്കലിന്‍റെ അപര്യാപ്തത മൂലമാണ്.പ്രവാചക കാലഘട്ടം ”നവയുഗ പുരോഗതിയില്ലാത്ത”താണെന്ന് എല്ലാവര്‍ക്കും അറിയാം.എന്നിട്ടും പ്രവാചകന്‍ പറഞ്ഞത് ഇപ്രകാരമാണ്.▪️عن ابن عمر (ر) قالرسولالله (ص) صوموالرءيته وافطروا لرءيته.ഇത് ബുഖാരിയും മുസ്ലിമും രേഖപ്പെടുത്തിയ സുവിശേഷമാണ്.
(ഇബ്നു ഉമര്‍(റ) നിവേദനം,നബിതിരുമേനി (സ) അരുളി ബാലചന്ദ്ര ദര്‍ശനം ഉണ്ടായാല്‍ വ്രതം അനുഷ്ടിക്കുവീന്‍,അതിന്‍റെ ദര്‍ശനമുണ്ടായാല്‍ അവസാനിപ്പിക്കുവീന്‍.)
മേല്‍ വചനത്തിലെ رءيت (കാഴ്ച)  ഖുര്‍ ആനികമായി വിശകലനം നടത്തേണ്ടതാണ്.അത് കേവലം നഗ്നനേത്രത്താലുള്ള കാഴ്ചയാണോ..?,അല്ല അകക്കണ്ണ്കൊണ്ടുള്ള ഉള്‍ക്കാഴ്ച യാണോ..?
ഖുര്‍ ആന്‍ ‘റഅ’ എന്ന പദം ഉപയോഗിച്ചത് നോക്കുക.328 തവണ എട്ട് രൂപങ്ങളില്‍ رءي എന്ന പദം ഖുര്‍ ആനില്‍ വന്നിട്ടുണ്ട്. അത് ബാഹ്യമായ കാഴ്ചക്ക് പ്രയോഗിച്ചതിന്‍റെ പതിന്മടങ്ങ് ആന്തരീക ബോധ്യം (മനസിലാക്കല്‍) എന്ന നിലയിലാണ്.
ഉദാഹരണത്തിന് ഏവര്‍ക്കും സുപരിചിതമായ ചരിത്രമാണ് ആനക്കലഹത്തിന്‍റെ പ്രതിപാതന രീതി നോക്കുക.പ്രവാചകന്‍ ജനിക്കുന്നതിനും മുമ്പുള്ളതാണ് ഈ സംഭവമെന്ന് ചരിത്ര സാക്ഷ്യവുമാണ്.🔅 أَلَمْ تَرَ كَيْفَ فَعَلَ رَبُّكَ بِأَصْحَٰبِ ٱلْفِيلِആനക്കാരെക്കൊണ്ട് നിന്‍റെ രക്ഷിതാവ് പ്രവര്‍ത്തിച്ചത് എങ്ങനെ എന്ന് നീ കണ്ടില്ലേ?105-Al-Fil : 1
ഇതിലെ تَرَ എന്നത് رءي എന്നതില്‍ നിന്നും നിഷ്പന്നമായതാണ്. അപ്പോള്‍ ഇവിടെ رءيتബാഹ്യമല്ല, ആന്തരീകമാണ്, മനസിലാക്കലാണ്,ജ്ഞാനബോധ്യമാണ്.
കാര്യങ്ങളുടെ ബോധ്യം രണ്ട് വിധത്തിലാകാം.(1) عَيْنَ ٱلْيَقِينِ ബാഹ്യനേത്ര ബോധ്യം.(2)عِلْمَ ٱلْيَقِينِജ്ഞാനബോധ്യം.
ഇതില്‍ പരിധിയും പരിമിതിയുമില്ലാത്ത ഉള്‍കാഴ്ച്ചകൊണ്ട് പ്രാപ്യമാകുന്ന ബോധ്യമാണ് ജ്ഞാനബോധ്യം.
ഖുര്‍ ആന്‍ വ്രതാരംഭവുമായി ബന്ധപ്പെട്ട് പറഞ്ഞത്  ശ്രദ്ധിക്കുക.🔅شَهْرُ رَمَضَانَ ٱلَّذِىٓ أُنزِلَ فِيهِ ٱلْقُرْءَانُ هُدًى لِّلنَّاسِ وَبَيِّنَٰتٍ مِّنَ ٱلْهُدَىٰ وَٱلْفُرْقَانِ ۚ فَمَن شَهِدَ مِنكُمُ ٱلشَّهْرَ فَلْيَصُمْهُ ۖ …….
ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനമായിക്കൊണ്ടും, നേര്‍വഴി കാട്ടുന്നതും സത്യവും അസത്യവും വേര്‍തിരിച്ചു കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായിക്കൊണ്ടും വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമളാന്‍. അതു കൊണ്ട് നിങ്ങളില്‍ ആര്‍ ആ മാസത്തില്‍ സന്നിഹിതരാണോ അവര്‍ ആ മാസം വ്രതമനുഷ്ഠിക്കേണ്ടതാണ്‌….സൂറ: അല്‍ ബഖറ : 185
ഇതില്‍ ‍فَمَن شَهِدَ مِنكُمُ ٱلشَّهْرَ فَلْيَصُمْهُ ۖ എന്നാണ് പറഞ്ഞത്, മാസത്തിന് സാക്ഷീകരിക്കലാണ്.സാക്ഷീകരണവും ബാഹ്യവും ആന്തരീകവും ഉണ്ട്.▪️أَشْهَدُ أَنْ لَا إِلَٰهَ إِلَّا ٱللَّٰهُ وَأَشْهَدُ أَنَّ مُحَمَّدًا رَسُولُ ٱللَّٰهُ
എന്ന കലിമയിലെ രണ്ട് സാക്ഷ്യവും നമുക്ക് ആന്തരീകമാണ്,പ്രവാചക കാലത്ത് ആദ്യഭാഗം മാത്രവും.അപ്പോള്‍ മാസപ്പിറവിയുടെ അടിസ്ഥാനം ഹിലാലിന്‍റെ  ബാഹ്യനേത്ര ദര്‍ശനമല്ല.,സാക്ഷീകരികരണത്താലുള്ള ബോധ്യമാണ്.
അതിനാല്‍ ചന്ദ്രമാസപ്പിറവി കണക്കിനെ അടിസ്ഥാനമാക്കിയാണ് വേണ്ടതെന്ന് ഖുര്‍ ആനും പ്രവാചക ബോധ്യവും സാക്ഷീകരിക്കുന്നു.
ദൈവാധീനത്താല്‍ തുടരും.♻️ സര്‍വ്വജ്ഞന്‍ അല്‍ല്ലാഹു മാത്രം.
✍🏻 ഫസലുല്ല:ഹുസൈന്‍.

Leave a Reply

Your email address will not be published. Required fields are marked *

© 2024 Universal Hijri Calendar | WordPress Theme: Annina Free by CrestaProject.