മാസപ്പിറവിയെക്കുറിച്ച് തന്നെ
കൊറോണയും ഇസ്രായേലും താണ്ഡവ നൃത്തമാടുമ്പോൾ മാസപ്പിറവിയെക്കുറിച്ച് സംസാരിക്കേണ്ടി വരുന്നത് അനൗചിത്യമാണ്, അതിലേറെ ദുരന്തവുമാണ്….
പക്ഷേ നിലപാടുകൾ വ്യക്തമാക്കേണ്ട സന്ദർഭങ്ങൾ വരുമ്പോൾ പറയാതെ വയ്യ. തർക്കത്തിനില്ല; നിരീക്ഷണങ്ങളും ചോദ്യങ്ങളും പങ്കുവെക്കുന്നു എന്ന് മാത്രം
മൂന്നുതരം നിലപാടുകൾ വിഷയവുമായി ബന്ധപ്പെട്ട് നമ്മുടെ മുന്നിലുണ്ട്
- പാരമ്പര്യവാദികൾ മുന്നോട്ടുവയ്ക്കുന്ന നഗ്നനേത്രങ്ങൾകൊണ്ട് ചന്ദ്രപ്പിറവി കാണണമെന്ന നിലപാട് (സുന്നികൾ)
- ചന്ദ്രപ്പിറവി കാണാൻ സാധ്യതയില്ലാത്ത ദിനങ്ങളിൽ ആരെങ്കിലും കണ്ടു എന്ന് പറഞ്ഞാൽ അതിനെ നിഷേധിക്കുകയും സാധ്യതയുള്ള ദിനങ്ങളിലാണെങ്കിൽ, കണ്ടാൽ മാത്രം അംഗീകരിക്കുകയും കണ്ടില്ലെങ്കിൽ 30 പൂർത്തിയാക്കുകയും ചെയ്യുക എന്ന നിലപാട് (മുജാഹിദുകൾ)
- സൂര്യചന്ദ്രന്മാരുടെ ചലനങ്ങൾ കൃത്യവും കണക്കനുസരിച്ചുമാണ് എന്ന ഖുർആനിക പ്രമാണത്തിൻ്റെ അടിസ്ഥാനത്തിൽ ശാസ്ത്രീയമായ കണക്കുകളുടെ സഹായത്തോടെ മാസപ്പിറവി മുൻകൂട്ടി കണ്ടെത്താവുന്നതാണ് എന്നും കണ്ണുകൊണ്ട് കാണുക എന്നുള്ളത് ഒരു മാനദണ്ഡമല്ല എന്നും മുന്നോട്ടുവയ്ക്കുന്ന മറ്റൊരു നിലപാട് (ഹിജരി കമ്മറ്റി).
മേൽ വാദങ്ങളുടെ വിശദാംശങ്ങളിലേക്ക് പോകുന്നതിനു മുമ്പ് എല്ലാവരും അംഗീകരിക്കുന്ന ചില യാഥാർത്ഥ്യങ്ങളിലേക്കും അതിൽ നിന്നുത്ഭവിക്കുന്ന ചില ചോദ്യങ്ങളിലേക്കും ശ്രദ്ധ ക്ഷണിക്കുകയാണ്
- ഭൂമിയും ചന്ദ്രനും സൂര്യനും നക്ഷത്രങ്ങളും ഒക്കെയടങ്ങുന്ന ഖഗോള വസ്തുക്കളുടെ (celestial bodies) ചലനങ്ങൾക്ക് കൃത്യവും സ്പഷ്ടവും സൂക്ഷ്മവുമായ പ്രകൃതിനിയമങ്ങൾ ഉണ്ടോ എന്നുള്ളതാണ്. ഉണ്ടെന്ന് ഖുർആൻ പറയുന്നു, ശാസ്ത്രവും പറയുന്നു. എങ്കിൽ അത് ചന്ദ്രനും ബാധകം ആയിരിക്കണമല്ലോ?
- പ്രാദേശികമായ പൊടിപടലങ്ങളോ മേഘം കാരണമോ പിറവി കാണാൻ പോകുന്നവരുടെ കാഴ്ചശക്തിയുടെ ഏറ്റക്കുറച്ചിലുകൾ കാരണമോ ഈ നിയമങ്ങൾ മാറാൻ സാധ്യതയുണ്ടോ?.
- ഇല്ല എന്നാണ് ഉത്തരമെങ്കിൽ സൂര്യൻ ചന്ദ്രനെ മറികടക്കുന്ന അമാവാസിയും പിറകെ വരുന്ന ഹിലാലും (ബാലചന്ദ്രൻ) ഒരു കണക്കനുസരിച്ച് തന്നെയായിരിക്കണം നടക്കുന്നത്.
- ഈ കണക്ക് ഗണിച്ചെടുക്കാനുള്ള ശാസ്ത്രസാങ്കേതികവിദ്യ ഇന്ന് നാം ആർജ്ജിച്ചിട്ടുണ്ടോ ഇല്ലയോ?
- ഉണ്ട് എന്നാണ് ഉത്തരമെങ്കിൽ ഭാവിയിൽ വരാനിരിക്കുന്ന ഏത് ചാന്ദ്ര മാസത്തിലെയും (lunar month) ഒന്നാം തീയതി എപ്പോഴാണ് എന്ന് കണ്ടെത്താൻ ബുദ്ധിമുട്ടില്ല എന്നർത്ഥം. ആയത് നമുക്ക് എല്ലാവർക്കും പബ്ലിക് ഡൊമൈനിൽ ലഭ്യമാണ് – നാസയുടെതടക്കം. (https://eclipse.gsfc.nasa.gov/SKYCAL/SKYCAL.html?cal=2021#skycal)
ഇനി നമ്മുടെ വിഷയത്തിലേക്ക് വരാം.
മാസപ്പിറവി അതാത് പ്രദേശങ്ങളിൽ കണ്ണുകൊണ്ട് കണ്ടാൽ മാത്രം അംഗീകരിക്കുക അല്ലെങ്കിൽ ആ മാസം 30 ദിവസം ആണ് എന്ന് സങ്കൽപ്പിക്കുക എന്നതാണ് പ്രവാചക അധ്യാപനത്തിൻ്റെ ആകത്തുകയെങ്കിൽ നാം നേരിടുന്ന ചില പ്രശ്നങ്ങൾ എന്താണെന്ന് നോക്കാം
ഒന്നുകിൽ നമ്മുടെ കാഴ്ചയുടെ അടിസ്ഥാനത്തിലാണ് സൂര്യചന്ദ്രന്മാർ ചലിക്കുന്നത് എന്ന് പറയേണ്ടിവരും, അല്ലെങ്കിൽ സൂര്യചന്ദ്രന്മാരുടെ ചലനങ്ങൾക്ക് ഒരു കണക്കുമില്ല എന്നു പറയേണ്ടിവരും.
ഇത് രണ്ടും തുടക്കത്തിൽ സൂചിപ്പിച്ചതുപോലെ ഖുർആനിക വിരുദ്ധവും ശാസ്ത്ര വിരുദ്ധവുമാണ്; എന്നല്ല അസംബന്ധവും കൂടിയാണ്.
ശാസ്ത്രീയമായും കൃത്യമായും കണ്ടെത്താവുന്ന ഒരു കാര്യം അതിനു വിരുദ്ധമായ രീതിയിൽ (പച്ചക്ക് പറഞ്ഞാൽ കാപ്പാട് മാസക്കോയയുടെ മനോനിലയനുസരിച്ച്) നിങ്ങൾ കണ്ടെത്തിക്കോളു എന്ന് പ്രവാചകൻ (സ) പറഞ്ഞു എന്നു വരുന്നത് എത്രമാത്രം അപഹാസ്യമാണ്? പരിഹാസ്യമാണ്?
അല്ലെങ്കിൽ പിന്നെ നമുക്ക് ചെയ്യാവുന്നത് കൃത്യമായ ചാന്ദ്ര തീയതികളിൽ പ്രത്യേകിച്ച് ഒരു കാര്യവുമില്ലെന്ന് സമ്മതിക്കുക എന്നുള്ളതാണ്. അങ്ങിനെ വരുമ്പോൾ റമളാനിൻ്റെ തുടക്കം ശഅബാൻ 30 / റമദാൻ 1, 2 ഇവയിൽ ഏതെങ്കിലുമൊക്കെ ആവാം എന്ന് വരും. അതേപോലെ ചെറിയ പെരുന്നാൾ എന്നത് റമദാൻ 30 ശവ്വാൽ 1, 2 എന്നീ തീയതികളിൽ ഏതെങ്കിലുമൊക്കെ ആകാവുന്നതാണ്. ഇങ്ങിനെ ആവാമെന്ന് ഹദീസുകളിലോ പ്രമാണങ്ങളിലോ വന്നിട്ടുണ്ടോ?
ചുരുക്കത്തിൽ നാം എത്തിപ്പെടുന്നത് വല്ലാത്തൊരു പ്രതിസന്ധിയിലാണ്. ഒന്നുകിൽ ഖുർആനും ശാസ്ത്രവും അംഗീകരിക്കുക. അല്ലെങ്കിൽ ഹദീസുകളിൽ വന്നതിന് നാം കൊടുത്ത വിശദീകരണമാണ് അന്തിമം, അതിനപ്പുറം ഒരു ശാസ്ത്രത്തിനും ഖുർആനിനും പ്രസക്തിയില്ല എന്ന് പ്രഖ്യാപിക്കുക. സാമാന്യയുക്തിക്കും ഇസ്ലാമിന്റെ ആത്മാവിനും എതിരാണ് ഈ വാദം.
വാച്ച് നോക്കി നമുക്ക് ബാങ്ക് വിളിക്കാം. അവിടെ ഹദീസുകളിൽ വന്നത് പോലെ നിഴലിന്റെ അളവ് നോക്കുന്നില്ല. സാഉം മുദ്ദും ദീനാറും ദിർഹവും എല്ലാം നാം പരിഷ്കരിച്ചു. ആധുനിക സങ്കേതങ്ങൾ ഉപയോഗിക്കാൻ തുടങ്ങി. അത്രയും നന്ന്. മനുഷ്യൻ പ്രപഞ്ചത്തിന്റെ ചലന നിയമങ്ങൾ പഠിച്ചു ആകാശങ്ങൾ ഭേദിക്കാൻ തുടങ്ങി. ബഹിരാകാശത്ത് താവളങ്ങളും ചന്ദ്രനിലും ചൊവ്വയിലും പര്യവേക്ഷണങ്ങളും നടത്തി. അന്യഗ്രഹങ്ങൾ താമസ യോഗ്യമാണോ എന്ന് അന്വേഷിച്ചു കൊണ്ടിരിക്കുന്നു. ചലന നിയമങ്ങളുടെ അടിസ്ഥാനത്തിൽ ആയിരക്കണക്കിന് കൃത്രിമ ഉപഗ്രഹങ്ങൾ മനുഷ്യൻ നിർമ്മിച്ചു. അവയിലൂടെ മനുഷ്യർ തമ്മിൽ നിരന്തരം ആശയ വിനിമയം നടത്തികൊണ്ടിരിക്കുന്നു. ഈ എഴുത്ത് പോലും നിങ്ങൾ വായിക്കുന്നത് ഒരു വേള ബഹിരാകാശ യാത്രയ്ക്ക് ശേഷമാണ്.
കഷ്ടം! പക്ഷേ ഖുർആൻ وَٱلْقَمَرَ نُورًا وَقَدَّرَهُۥ مَنَازِلَ لِتَعْلَمُوا۟ عَدَدَ ٱلسِّنِينَ وَٱلْحِسَابَ (ചന്ദ്രനെ അവനൊരു ശോഭയാക്കുകയും, അതിന് ഘട്ടങ്ങള്‍ നിര്‍ണയിക്കുകയും ചെയ്തിരിക്കുന്നു – നിങ്ങള്‍ കൊല്ലങ്ങളുടെ എണ്ണവും കണക്കും അറിയുന്നതിന് വേണ്ടി.) എന്ന് പാരായണം ചെയ്തു ഖത്തം തീർക്കുന്നവർ മാസക്കോയയുടെ കണ്ണുകളിലും കാപ്പാട്ടെ കടപ്പുറത്തും അഭയം പ്രാപിക്കുന്നതിനെ എന്തു പേരിട്ടു വിളിക്കണം?
ആവർത്തിക്കട്ടെ. തർക്കമല്ല വേണ്ടത്; പരിഹാരമാണ്. ഇന്നല്ലെങ്കിൽ നാളെ ഇത് ഖുർആനിക നിർദ്ദേശങ്ങള്ക്കും ശാസ്ത്രത്തിനും വഴി മാറേണ്ടി വരും എന്നത് അവിതർക്കിതമാണ്. സമയത്തിന്റെ മാത്രം പ്രശ്നം. വരും തലമുറകൾക്ക് മുമ്പിൽ ഒരു കോമാളി മുഖം അവശേഷിപ്പിച്ച് റബ്ബിന്റെ മുമ്പിൽ വിരൽ കടിക്കുന്ന നിർഭാഗ്യവാന്മാരുടെ കൂട്ടത്തിൽ നിന്നും അല്ലാഹു നമ്മെ കാത്തു രക്ഷിക്കട്ടെ.
إِنَّ فِى ٱخْتِلَٰفِ ٱلَّيْلِ وَٱلنَّهَارِ وَمَا خَلَقَ ٱللَّهُ فِى ٱلسَّمَٰوَٰتِ وَٱلْأَرْضِ لَءَايَٰتٍ لِّقَوْمٍ يَتَّقُونَ
അബു തമീം, മാഹി