ആരോപണം 1 :
ലോകത്തെ മുഴുവൻ നാടുകളിലും ഒരേ ദിവസം നോമ്പോ പെരുന്നാളോ ആഘോഷിക്കുക എന്ന അടിസ്ഥാനത്തിൽ നിർമ്മിക്കപെട്ട ഏകീകൃത ഹിജറ കലണ്ടറിലെ അബദ്ധങ്ങളെക്കുറിച്ച് ഒരെത്തിനോട്ടം.
മറുപടി:
അബദ്ധമാണോ സുബദ്ധമാണോ എന്നത് വഴിയെഅറിയാം. പക്ഷെ ലോകത്തുള്ള മുഴുവൻ നാടുകളിലും ഒരേദിവസം പെരുന്നാൾ ആഘോഷിക്കണം എന്ന് ചിന്തിച്ചുപോയത് അത്ര വലിയ തെറ്റാണോ. കുറച്ചു പേർക്ക് ആകാമെങ്കിൽ പിന്നെ എല്ലാവർക്കും ആയാലെന്താ?
ആരോപണം 2 :
മനുഷ്യനിർമിതമായ ഇൻറർനാഷണൽ ഢേറ്റ് ലൈൻ (IDL) നെ ആസ്പദമാക്കിയാണ് ഹിജ്റി കലണ്ടർ ഉണ്ടാക്കാറുള്ളത്.
മറുപടി:
ഇന്റർനാഷ്ണൽ ഡേറ്റ് ലൈൻ മനുഷ്യ നിർമ്മിതമല്ല, കൊളംബസ് അമേരിക്ക കണ്ടെത്തിയത് പോലെ മനുഷ്യൻ അത് കണ്ടെത്തുകയായിരുന്നു. ഹിജ്റി കലണ്ടർ എന്നത് ശുദ്ധമായ ചന്ദ്രിക കലണ്ടറാണ്, പ്രകൃതിയിൽ അതിന്റെ ആധാരം ചന്ദ്രന്റെ വൃദ്ധി ക്ഷയങ്ങളാണ്. അതിന്റെ അടിസ്ഥാന പ്രമാണം ഖുർആനാണ് 2:189 . ഡേറ്റ് ലൈൻ (IDL ) എന്നത് ദിവസം മാറുന്ന സ്ഥലമാണ്. ഭൂമിയിൽ ദിവസം ആരംഭിക്കുന്നതും അവസാനിക്കുന്നതും അവിടെയാണ്. അവിടെ നിന്നാണ് ജുമാ നമസ്കാരം ആരംഭിക്കുന്നതും 24 മണിക്കൂറ കൊണ്ട് ഭൂമി മുഴുവൻ വ്യാപിച്ചു ഇവിടെ തന്നെ അവസാനിക്കുകയും ചെയ്യുന്നു. തിയതി എന്നത് ദിവസത്തിന്റെ അക്കം ആയതു കൊണ്ട് ദിവസം മാറുമ്പോൾ തിയതിയും മാറും. അടിസ്ഥാനം ഖുർആൻ തന്നെയാണ്. 9:36. ഇതിൽ പറയുന്നത് കലണ്ടർ ആരംഭിച്ചത് ആകാശ ഭൂമികളെ സൃഷ്‌ടിച്ച “ദിവസം” മുതൽ എന്നാണ്.
———-
ആരോപണം 3 :
IDL നെ ആശ്രയിക്കാതെ ഒരു കലണ്ടർ നിർമ്മിക്കുവാൻ സാധിക്കില്ല.
മറുപടി:
വളരെ ശരിയാണ്. നേരത്തെ പറഞ്ഞത് ഒന്ന് കൂടി ആവർത്തിക്കുന്നു. ലോകത്തുള്ള എല്ലാ കലണ്ടറുകളും ആരംഭിക്കുന്നത് അവിടെ നിന്നാണ്. കാരണം ദിവസം ആരംഭിക്കുമ്പോൾ തിയതിയും ആരംഭിക്കും.
———-
ആരോപണം 4 :
ലോകഭൂപടത്തിൽ ഫിജി, ടോംഗോ, സമോവ, കിരിബതി തുടങ്ങിയ രാജ്യങ്ങൾ ശ്രദ്ധിക്കുക. ഈ പ്രദേശത്ത് IDL എപ്രകാരമാണ് കടന്നുപോകുന്നതെന്ന് നമുക്ക് കാണുവാൻ സാധിക്കും. കിരിബതിയെ പൂർണമായും IDL ന് പടിഞ്ഞാറ് ഭാഗത്തേക്ക് മാറ്റുന്നതിനായി IDL 180° യിൽ നിന്നും തെറ്റി 150° രേഖാംശത്തെ സ്പർശിച്ചുകൊണ്ടാണ് കടന്നുപോകുന്നത്. ഇപാകാരം കടന്നുപോകുന്ന IDL മാനദണ്ഢമാക്കി മാസം നിർണയുക്കുമ്പോൾ കൂടുതൽ സങ്കീർണതകളുണ്ടാകുമെന്ന കാര്യം ഏകീകൃത (ഹിജറ) കലണ്ടറുകാർ മനസ്സിലാക്കാറില്ല. ഫിജിയും കരീബതിയും IDL ൻറ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുമ്പോൾ സമോവ IDL ന്റെ കിഴക്കുഭാഗത്താണുള്ളത്. എന്നാൽ സമോവയുടെ സ്ഥാനമാകട്ടെ ഈ രണ്ട് രാഷ്ട്രങ്ങൾക്കിടയിലുമാണ്. പെരുന്നാൾ ദിവസം നിശ്ചയിക്കുവാൻ IDL നെ മാനദണ്ഡമാക്കുമ്പോൾ പ്രാദേശികമായി കിഴക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന കിരിബതിയിലും പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഫിജിയിലും പെരുന്നാൾ ആഘോഷിക്കുവാൻ സാധിക്കുന്നു. എന്നാലാകട്ടെ ഈ ദ്വീപുകൾക്കിടയിൽ നിലകൊള്ളുന്ന സമോവയിൽ പെരുന്നാൾ ആഘോഷിക്കുവാൻ സാധിക്കുന്നില്ല.
മറുപടി:
ഏത് രാജ്യം എവിടെ സ്ഥിതി ചെയ്താലും പ്രശ്നമല്ല, അവരുടെ ദിവസം ഏതാണ് എന്നതാണ് പ്രധാനം. അവരുടെ ദിവസം മാറിയാൽ തീയതിയും മാറും. അത്രതന്നെ.
ലോക ഭൂപടത്തിൽ കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപുറം, പാലക്കാട്, തൃശൂർ എറണാകുളം, ആലപുഴ,കോട്ടയം , കൊല്ലം, പത്തനംതിട്ട, തിരുവനന്ത പുരം മുതലായ സ്ഥലങ്ങളെ കിഴക്കും പടിഞ്ഞാറു മാക്കി വിഭജിച്ചു കൊണ്ട് ഒരു IDL വരക്കാൻ പ്രയാസമില്ല. ഒരൊറ്റ നിബന്ധനമാത്രം, കോഴിക്കോട്ടുകാർ ജുമാ നസ്കരിക്കുമ്പോൾ മലപുറത്ത് കാർ ളുഹർ നമസ്കരിക്കണം. അഥവാ കോഴിക്കോട്ടു കാർക്ക് വെള്ളിയാഴ്ച യാണെങ്കിൽ മലപുറത്ത്കാർക്കത് വ്യാഴാഴ്ചയാവണം. ഇതിനു സാധിക്കുമെങ്കിൽ IDL എവിടെ വേണമെങ്കിലും ഇടാം. ഏതായാലും ഹിജ്റ കമ്മിറ്റി ക്കാരെ സംബന്ധിച്ചു നോമ്പും പെരുന്നാളും വേർതിരിയണമെങ്കിൽ ചുരുങ്ങിയത് അതിനിടയിൽ ഒരു വരയെങ്കിലും വേണം. പക്ഷെ പാലക്കാടിനേയും കോയമ്പ ത്തൂരിനെയും വേർതിരിക്കുന്ന വാളയാർ ചെക്ക് പോസ്റ്റിന്റെ അടിസ്ഥാനത്തിലാണ ല്ലോ ഇവിടെ നോമ്പും പെരുന്നാളുമൊക്കെ വേർതിരിയുന്നത്. അതിന്റെ ശരീഅത്ത് ഒന്ന് പറയാമോ?
———
ആരോപണം 5:
IDL നെ മാനദണ്ഢമാക്കി കിഴക്കു വശത്തുള്ളവർ പെരുന്നാൾ ആഘോഷിക്കുമ്പോൾ പടിഞ്ഞാറ് ഭാഗത്തു റമദാനിന്റെ അവസാന ദിനമായിരിക്കുമല്ലോ അന്ന്.
മറുപടി:
വിവരക്കേടിനെ അധാരമാക്കി കേരളത്തിൽ പെരുന്നാൾ ആക്കുമ്പോൾ തമിഴ് നാട്ടിൽ നോമ്പിന്റെ അവസാന ദിവസമായിരിക്കുമല്ലോ. പക്ഷെ IDL ന്റെ കാര്യത്തിൽ വ്യത്യാസമുണ്ട്. കാരണം IDL ന്റെ കിഴക്കു ഭാഗത്ത് വെള്ളിയാഴ്ചയാണെങ്കിൽ പടിഞ്ഞാർഭാഗത്ത് വ്യാഴാഴ്ച യാണ്. ഒരു കൂട്ടർ ജുമാ നമസ്കരിക്കുമ്പോൾ ഒരു കൂട്ടർ ളുഹർ നമസ്കരിക്കുന്നു.
———-
ആരോപണം 6:
കേവലം ഒരു സാങ്കൽപിക രേഖയുടെ പേരിൽ രണ്ട് ദ്വീപ് സമുഹങ്ങളിൽ പെരുന്നാളും അവക്കിടയിലുള്ള പ്രദേശത്ത് നോമ്പുമാക്കി മാറ്റുന്നത് ഹിജറ ആദർശപ്രകാരം യുക്തിക്കും ശാസ്ത്രത്തിനും നിരക്കാത്തതാണ്. മാസപ്പിറവി എന്ന അല്ലാഹുവിെ൯റ നിയമത്തിനു പകരം മനുഷ്യൻ സൃഷ്ടിച്ച നിയമങ്ങളെ സ്ഥാപിക്കാൻ ശ്രമിക്കുമ്പോൾ വന്നുചേരുന്ന വൈരുദ്ധ്യങ്ങളുമാണിവ. അർഥശങ്കക്കിടയില്ലാത്തവിധം പ്രവാചകൻ (സ) പഠിപ്പിച്ച മാസപ്പിറവിക്ക് പകരം ഇത്തരം നൂതന പരിഷ്ക്കാരങ്ങൾ ദീനിൽ കടത്തിക്കൂട്ടുന്നത് കണ്ടില്ലെന്ന് നടിക്കുന്നത് പോലും ശിക്ഷാർഹമായിരിക്കുമെന്നകാര്യം നാം വിസ്മരിച്ചുകൂടാ.
മറുപടി:
കേവലം ഒരു സാങ്കല്പിക രേഖയല്ല IDL. കിഴക്കിനെയും പടിഞ്ഞാറിനെയും വേർതിരിക്കുന്ന രേഖയാണത്. കിഴക്കും പടിഞ്ഞാറും സാങ്കല്പികമാണ് എങ്കിൽ IDL ഉം സാങ്കല്പികമാണ്. പക്ഷെ കിഴക്കിനെയും പടിഞ്ഞാറിനെയും കുറിച് ഖുർആൻ എത്രയോ തവണ സംസാരിച്ചിട്ടുണ്ട്. നമ്മുടെ വസ്തുപ്രമാണത്തിൽ അതിരുകൾ രേഖപ്പെടുത്തിയിട്ടുണ്ടാകും. അതിലെ കിഴക്കേ അതിര് ദീർഘിപ്പിച്ചുപോയാൽ അവസാനം ചെന്നെത്തുക IDL ൽ ആയിരിക്കും. അതുപോലെ തന്നെ പടിഞ്ഞാറേ അതിരും ചെന്നവസാനിക്കുന്നത് IDL ൽ തന്നെ. ഇത് രണ്ടും ഒരുസ്ഥലമാകാൻ കാരണം ഭൂമി ഉരുണ്ടുപോയതാണ്.
മനുഷ്യൻ ഉണ്ടാക്കിയ കലണ്ടർ പ്രകാരം ലോകത്ത് ഒരേ ദിവസം ക്രിസ്തുമസ്സും ഓണവും വിഷുവുമൊക്കെ ആഘോഷിക്കാം, പക്ഷെ അല്ലാഹുവിന്റെ നിയമപ്രകാരം ഉള്ള കലണ്ടർ പ്രകാരം നേരെ ചൊവ്വേ നോമ്പും പെരുന്നാളും ആഘോഷിക്കാൻ പറ്റില്ല. ഇതെന്ത് ഇസ്‌ലാം?
————
ആരോപണം 7:
ഇപ്രകാരം നമ്മുടെ പരിപാവനമായ ദിനങ്ങളെ ഒരു രേഖയുടെ പേരിൽ വേർതിരിക്കുന്നത് കുറ്റകരമാകുമെന്ന് മനസ്സിലാക്കാൻ കൂടുതൽ ചിന്തിക്കേണ്ടതില്ല.
മറുപടി:
ചിന്തിക്കണം, ചിന്തിക്കുന്നവർക്കേ ഉത്തരം കിട്ടുകയുള്ളൂ. പരിപാപനമായ വെള്ളിയാഴ്ചയെയും വ്യാഴാഴ്ച യെയും വേർതിരിക്കുന്നത് ഈ രേഖ തന്നെയാണ്. കിഴക്കിന്റെയും പടിഞ്ഞാറിന്റെയും അവക്കിടയിലുള്ളതിന്റെയും നാഥനാണ് അതിനു അതിർ വരമ്പുകൾ നിശ്ചയിച്ചത്.