നബി(സ) നിരക്ഷരന്‍ ആയത് കൊണ്ടാണ് നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ പറഞ്ഞത്,ഇത് വെറും തെറ്റിധാരണ.

നമുക്ക് ചില തെറ്റിദ്ധാരണകള്‍ കടന്നു കൂടിയിട്ടുണ്ട്. ഉദാഹരണത്തിന് നബി(സ) നിരക്ഷരന്‍ ആയത് കൊണ്ടാണ് നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ പറഞ്ഞത്, 29നു മേഘം മൂടിയാല്‍ 30 പൂര്‍ത്തിയാക്കണം തുടങ്ങിയ വയെല്ലാം തന്നെ  നബി വചനങ്ങളുടെ തെറ്റായ വ്യാഖ്യാനങ്ങളാണ്. ഒന്നാമതായി മനസ്സിലാക്കേണ്ട കാര്യം ഹദീസുകള്‍ ഖുറാന്‍റെ വ്യാഖ്യാനങ്ങളാണ്. പിന്നെ അത് വീണ്ടും നാം വ്യാഖ്യാനിച്ചാല്‍ എന്തൊരപകടമാവും സംഭവിക്കുക. ഈ വിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ പ്രപഞ്ചത്തില്‍ ഇതുമായി ബന്ധ പ്പെട്ടു എന്ത് സംഭവ വികാസങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത് എന്നു നിരീക്ഷിക്കേണ്ട കടമ നാം ഓരോരുത്തര്‍ക്കും ഉണ്ട്. അതാണ് ഖുറാന്‍ കല്‍പ്പിക്കുന്നതും. എങ്കില്‍ മാത്രമേ ഖുര്‍ആനെ കുറിച്ചും അതിന്റെ വ്യാഖ്യാനമായ ഹദീസുകളെ കുറിച്ചും ശരിയായ രീതിയില്‍ മനസ്സിലാക്കാന്‍ സാധിക്കയുള്ളൂ.

ഉദാഹരണമായി ഭൂമിയെ നാം കാണുന്നത് പരന്നതായിട്ടാണ്. എന്നാൽ ഭൂമി ഉരുണ്ടതാണ് എന്ന് നമുക്കിപ്പോൾ അറിയാം. ഇനി ഒരാൾ അത് പരന്നത് തന്നെയാണ് എന്ന് വിശ്വസിക്കുകയും അതിനു തെളിവുകളായി കുറെ ആളുകളുടെ സംഭാഷണങ്ങളും നിരത്തിവച്ചാൽ  എന്താവും സ്ഥിതി. അതുപോലെ തന്നെ സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും കിഴക്ക് ഉദിച്ചു പടിഞ്ഞാറു അസ്തമിക്കുന്നു. ഇത് കണ്ടിട്ടു സൂര്യന്‍ ഭൂമിയെ വലം വെക്കുകയാണ് എന്നാണ് മുങ്കാല പണ്ഡിതന്മാരും  സമൂഹങ്ങളും വിശ്വസിച്ചിരുന്നത്. എന്നാല്‍ ഭൂമിയാണ് സൂര്യനെ വലം വെക്കുന്നത് എന്നു ആദ്യമായി പറഞ്ഞത് കോപ്പര് നിക്കസ് ആണ് , അദ്ദേഹം ജീവിച്ചിരുന്നതോ. ഏതാണ്ട് 500 വര്‍ഷങ്ങള്‍ക്ക് മുന്പ് . അപ്പോള്‍ അതിനു മുന്പ് ആരെങ്കിലും ഇതിനെ പറ്റി പറഞ്ഞിട്ടില്ല അല്ലെങ്കില്‍ ഇത് തെളിയിക്കുന്ന ഒറ്റ ഹദീസ് പോലും ഇല്ല എന്നകാരണത്താല്‍ ഈ പ്രപഞ്ച സത്യത്തെ നമുക്ക് നിഷേധിക്കാനാകുമോ.

അതെ സമയം മാസപ്പിറവിയുടെ വിഷയത്തിൽ ഇത്തരത്തിലുള്ള ഒരു സംശയത്തിനും ഇടയില്ലത്ത വിധം അല്ലാഹു അവന്റെ കലാമിലൂടെയും (ഖുർആൻ) അവന്റെ ദൂതനിലൂടെയും വ്യക്തമാക്കിതന്നിട്ടുണ്ട് . 

താങ്കളുടെ ആദ്യത്തെ ചോദ്യം ഹിജിരി കമ്മിറ്റി മാത്രമാണ്   ഉര്ജൂനുൽ ഖദീം കഴിഞ്ഞ് ന്യൂ മൂണ്‍ ആണെന്നും അതിന്റെ അടുത്ത ദിവസം ഒന്നാണ് എന്നും പറയുന്നത്. നബിയുടെ ഒരു ഹദീസ് പോലും ഇല്ല എന്നാണല്ലോ. ഇതിനെ കുറിച്ച ഖുറാൻ എന്താണ് പറയുന്നത് എന്ന് നോക്കുക.

ചന്ദ്രന് നാം  ഘട്ടങ്ങള്‍ നിശ്ചയിച്ചിരിക്കുന്നു. അങ്ങനെ അത് പഴയ ഈന്തപ്പഴക്കുലയുടെ വളഞ്ഞ തണ്ടുപോലെ ആയിത്തീരുന്നത് വരെ . (39) സൂര്യന് ചന്ദ്രനെ പ്രാപിക്കാനൊക്കുകയില്ല. രാവ് പകലിനെ മറികടക്കുന്നതുമല്ല. ഓരോന്നും ഓരോ (നിശ്ചിത) ഭ്രമണപഥത്തില്‍ നീന്തികൊണ്ടിരിക്കുന്നു. (40) സൂറ യാസീൻ 

ഇതിൽ നിന്നും നാം എന്താണ് മനസ്സിലാക്കേണ്ടത്. അല്ലാഹു ചന്ദ്രന് നിശ്ചയിച്ച അവസാനത്തെ ഘട്ടമാണ് ഉര്ജൂനുൽഖദീം എന്നല്ലേ. മനുഷ്യന് നോക്കി കാണാവുന്ന അവസാനത്തെ കലയാണ്‌ ഉര്ജൂനുൽ ഖദീം.അടുത്ത ദിവസം ചന്ദ്രൻ മറയുകയാണ്. ചന്ദ്രൻ ക്ഷയിച്ചു ക്ഷയിച്ചു ഇല്ലാതാകുന്നത് പോലെ. ഏതൊരു സാധാരണ മനുഷ്യനും നോക്കി മനസ്സിലാകാവുന്നരീതിയിൽ അല്ലാഹു അതിനെ സംവിധനിക്കയും അതിനെ കുറിച്ച് ഖുര്ആനിലൂടെ പഠിപ്പിക്കയും ചെയ്തിരിക്കുന്നു. കൂടാതെ നബി (സ) അതിനെ എന്താണ് പറഞ്ഞത് എന്ന് നോക്കുക  

………ഫഇൻ ഗുമ്മഅലൈകും ഫ ക്വദറൂ ലഹൂ’

നിങ്ങളുടെ മേൽ അത് മറയപ്പെട്ടാൽ അതിനെ കണക്കാക്കുക. അപ്പോൾ മാസത്തെ കണക്കാക്കേണ്ടത് അത് മറയപ്പെടുമ്പോൾ മാത്രമാണ് എന്ന് മനസ്സിലാക്കാൻ എന്താണ് പ്രയാസം. മറ്റൊരിടത്ത് നബി(സ) പറയുന്നു മറയപ്പെട്ടാൽ പൂർത്തിയാക്കുക എന്ന്. അപ്പോൾ മാസം പൂര്തിയവുന്നത് അത് മറയ പ്പെടുമ്പോഴാണ് എന്നല്ലേ. മറ്റൊരിടത്ത് മറയ പ്പെടുമ്പോൾ 30 പൂർത്തിയാക്കുക എന്നുണ്ട്. അത് നബി പറയുന്നത് 29 ന്റെ കലനോക്കിയിട്ടാണ്. അഥവാ ഉര്ജൂനുൽ ഘദീം നോക്കിയിട്ട്. ഈ ഹദീസില്‍ ശഅബാന്‍ 30 പൂര്‍ത്തിയാക്കുക എന്നുകൂടി കാണാം. ഇതിന് കാരണം അക്കാലത്ത് നിലനിന്നിരുന്ന അറബി കലണ്ടര്‍ 30-29-30 എന്ന രീതിയില്‍ സ്ഥിരപ്പെടുത്തിയതായിരുന്നു. ഈ സംബ്രദായത്തെയാണ് നബി(സ ) തിരുത്തിയത്. ചന്ദ്രന്‍റെ വൃദ്ധിക്ഷയങ്ങള്‍ നിരീക്ഷിച്ചു കൊണ്ടാണ് മാസം കണക്കേണ്ടത് എന്നും ചന്ദ്രന്‍ മറയുമ്പോഴാണ് (അമാവാസി ) മാസം പൂര്‍ത്തിയാക്കേണ്ടത് എന്നും നബി (സ) പഠിപ്പിച്ചു. അതനുസരിച്ചാണ് ഈ ഹദീസിന്‍റെ പഃശ്ചാത്തലം ഇവിടെ പറയുന്ന ആ ശഅബാന്‍ മാസത്തിൽ 30 ഉണ്ട് എന്നർത്ഥം.  ഇതിനപ്പുറം എന്ത് തെളിവാണ് വേണ്ടത്. ഇതിനിടയിലേക്ക് മേഘത്തെ കൊണ്ടുവന്ന് അല്ലാഹുവിന്റെ പവിത്രമായ സംവിധാനത്തെ വികലമാകിയവരെയാണ് കണ്ടുപിടിക്കേണ്ടത്.. മേഘം കൊണ്ട് തീയതി മറഞ്ഞാൽ പിന്നെ ആ കലണ്ടർ എന്തിനു കൊള്ളാം. അല്ലാഹുവിനെയും അവന്റെ വചനങ്ങളെയും അവന്റെ ദൂതനെയും പരിഹസിക്കലല്ലേ അത്?

അബ്ദുൽ  റഹീം,

ഹിജിരി  കമ്മിറ്റീ ഓഫ് ഇന്ത്യ

 

© 2025 Universal Hijri Calendar | WordPress Theme: Annina Free by CrestaProject.